‘എക്കോ’ നേടിയ വന്‍ വിജയത്തിന് ശേഷം സന്ദീപ് പ്രദീപ് നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് കോസ്മിക് സാംസണ്‍. സോഫിയാ പോളിന്റെ ഉടമസ്ഥതയിലുള്ള വീക്കെന്‍ഡ് ബ്ലോക്ക് ബസ്റ്റേഴ്സ് നിര്‍മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് അഭിജിത്ത് ജോസഫാണ്.
സിനിമയുടെ ചിത്രീകരണം ഡിസംബറില്‍ കൊച്ചിയില്‍ ആരംഭിച്ചിരുന്നു. ഇപ്പോള്‍ സിനിമയെ കുറിച്ചുള്ള പുതിയ അപ്‌ഡേറ്റാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. ചിത്രം ഒക്ടോബര്‍ 16ന് പൂജാ റിലീസായി തിയേറ്ററുകളില്‍ എത്തുമെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്.
ഡേറ്റ് സംബന്ധമായ അപ്‌ഡേറ്റുകളൊന്നും ഔദ്യോഗികമായി പുറത്തുവന്നിട്ടില്ലെങ്കിലും ചിത്രം പൂജാ റിലീസായി ഒക്ടോബറില്‍ തിയേറ്ററുകളില്‍ എത്തുമെന്നാണ് പല സിനിമ പേജുകളും റിപ്പോര്‍ട്ട് ചെയ്യുന്നത്. സിനിമയുടെ ഷൂട്ടിങ് കൊച്ചിയില്‍ പുരോഗമിക്കുകയാണ്.
ചിത്രത്തിന്റേതായി വന്ന പോസ്റ്ററും ടൈറ്റില്‍ ടീസറും സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. ബാംഗ്ലൂര്‍ ഡേയ്‌സ്, മിന്നല്‍ മുരളി, ആര്‍.ഡി എക്‌സ് പോലുള്ള ഹിറ്റ് ചിത്രങ്ങളുടെ പ്രൊഡക്ഷന്‍ ടീമായ വീക്കെന്‍ഡ് ബ്ലോക്ക് ബസ്റ്റേഴ്‌സിന്റെ കോസ്മിക് സാംസണും ഹിറ്റായി തീരുമെന്ന പ്രതീക്ഷയിലാണ് പ്രേക്ഷകര്‍.
ഫാന്റസി ഴോണറില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ സന്ദീപ് പ്രദീപിന് പുറമേ മിയാ ജോര്‍ജ് അല്‍ത്താഫ് സലീം, മുകേഷ് തുടങ്ങിയവരും പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. അഭിഷേക് വസന്തും അഭിജിത്ത് ജോസഫും ചേര്‍ന്ന് തിരക്കഥയെഴുതുന്ന ചിത്രത്തിന്റെ സംഗീത സംവിധാനം സിബി മാത്യു അലക്‌സാണ്.
ദീപക് മേനോന്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റിങ് കൈകാര്യം ചെയ്യുന്നത് ലോക, കള, ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ചമന്‍ ചാക്കോയാണ്.
പടക്കളം, എക്കോ എന്നീ സിനിമയ്ക്ക് ശേഷം സന്ദീപിന് ഇന്‍ഡസ്ട്രിയിലുണ്ടായ ഹൈപ്പ് ചെറുതൊന്നുമല്ല. ഷോര്‍ട് ഫിലിമിലൂടെ വെള്ളിത്തിരയിലേക്ക് ചേക്കേറിയ സന്ദീപ് മമ്മൂട്ടി നായകനായെത്തിയ പതിനെട്ടാം പടി എന്ന സിനിമയിലൂടെയാണ് തന്റെ കരിയര്‍ ആരംഭിച്ചത്.
തുടര്‍ന്ന് അന്താക്ഷരി, ഫാലിമി, ആലപ്പുഴ ജിംഖാന എന്നീ സിനിമകളില്‍ ഭാഗമായെങ്കിലും മനു സ്വരാജ് സംവിധാനം ചെയ്ത പടക്കളത്തിലൂടെയാണ് പ്രേക്ഷക പ്രീതി നേടിയത്. കോസ്മിക്‌സ് സാംസണും വിജയമായി തീരുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.
Content Highlight: Report says Sandeep Pradeep’s Cosmic Samson Pooja to release