| Thursday, 21st May 2026, 12:18 pm

രോഹിത്തിന് 2027 ലോകകപ്പ് നഷ്ടമാവും? രോ-കോ കൂട്ടുകെട്ടിനും അന്ത്യം; റിപ്പോര്‍ട്ട്

Sudev A

2027 ഏകദിന ലോകകപ്പിനൊരുങ്ങുന്ന മുന്‍ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയ്ക്ക് തിരിച്ചടി. നിലവിൽ രോഹിത്തിന്റെ ലോകകപ്പ് പങ്കാളിത്തത്തെക്കുറിച്ച് കടുത്ത ആശങ്ക പ്രകടിപ്പിച്ചിരിക്കുകയാണ് ബി.സി.സി.ഐ. ഫിറ്റ്‌നസാണ് രോഹിത്തിന് വെല്ലുവിളിയായിരിക്കുന്നത്. വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ മുഴുവന്‍ സമയം ഗ്രൗണ്ടില്‍ തുടരാനുള്ള ഫിറ്റ്‌നസ് രോഹിത്തിനുണ്ടോയെന്ന കാര്യമാണ് ബി.സി.ഐ ചര്‍ച്ച ചെയ്യുന്നതെന്നാണ് റിപ്പോര്‍ട്ട്.

ഐ.പി.എല്ലില്‍ മുംബൈ ഇന്ത്യന്‍സിനൊപ്പം പരിക്ക് മൂലം രോഹിത്തിന് ഒരുപാട് മത്സരങ്ങള്‍ നഷ്ടമായിരുന്നു. പരിക്കേറ്റതിന് പിന്നാലെ രോഹിത് ബി.സി.സി.ഐയുടെ സെന്റര്‍ ഓഫ് എക്‌സലന്‍സില്‍ എത്തിയില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഐ.പി.എല്ലിലെ പോലെ ഇമ്പാക്ട് പ്ലെയറായി ഏകദിനത്തില്‍ കളിയ്ക്കാന്‍ സാധിക്കില്ലെന്നും 50 ഓവര്‍ ഫീല്‍ഡ് ചെയ്യേണ്ടി വരുമെന്നും ബി.സി.സി.ഐയുടെ വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു.

ലോകകപ്പിന് മുമ്പായി നടക്കുന്ന ഏകദിന മത്സരങ്ങളില്‍ രോഹിത്തിന് കളിയ്ക്കാന്‍ സാധിക്കാതെ വന്നാല്‍ പകരം ബാക്കപ്പ് ഓപ്പണറായാണ് ഇഷാന്‍ കിഷനെ ടീമിലെടുത്തതെന്നും റിപ്പോര്‍ട്ടുണ്ട്. ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലിനൊപ്പം രോഹിത്തിന്റെ അഭാവത്തില്‍ യശ്വസി ജെയ്സ്വാള്‍ ഓപ്പണറായി എത്താനും സാധ്യതകളുണ്ട്.

കളിക്കളത്തില്‍ വിരാട് കോഹ്‌ലിയും രോഹിത്തും തമ്മിലുള്ള കൂട്ടുകെട്ട് ഇനി കാണാന്‍ സാധിക്കില്ലെന്നും മെഡിക്കല്‍ ടീമുമായി വിശകലനം ചെയ്ത് മാത്രമേ രോഹിത്തിന്റെ കാര്യത്തില്‍ തീരുമാനമാവുകയുള്ളുവെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. നിലവില്‍ രോഹിത് ശര്‍മയ്ക്ക് 2027 ലോകകപ്പ് നഷ്ടമാവുമോയെന്ന ആശങ്കയും ആരാധകര്‍ക്കുണ്ട്.

അഫ്ഗാനിസ്ഥാനെതിരെയുള്ള പരമ്പരയില്‍ രോഹിത് ശര്‍മയെ ഉള്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും ഫിറ്റ്‌നസ് തെളിയിച്ചാല്‍ മാത്രമേ രോഹിത്തിന് ആദ്യ ഇലവനില്‍ അവസരം ലഭിക്കുകയുള്ളു.

അഫ്ഗാനിസ്ഥാനെതിരെയുള്ള ടെസ്റ്റ്, ഏകദിന പരമ്പരക്കുള്ള ഇന്ത്യന്‍ ടീമിനെ കഴിഞ്ഞ ദിവസങ്ങളിലാണ് പ്രഖ്യാപിച്ചത്. വമ്പന്‍ മാറ്റങ്ങളുമായാണ് ഇന്ത്യ അഫ്ഗാനെതിരെയുള്ള പരമ്പരക്ക് എത്തുന്നത്.

ഏകദിന ടീമില്‍ മലയാളി താരം സഞ്ജു സാംസണിന് ഇടം നേടാന്‍ സാധിച്ചില്ല. ഇഷാന്‍ കിഷനാണ് സെക്കന്റ് വിക്കറ്റ് കീപ്പറായി ടീമിലെത്തിയത്. പ്രിന്‍സ് യാദവ്, ഹര്‍ഷ് ദുബെ, കുര്‍ണൂര്‍ ബ്രാര്‍ എന്നിവരും ഏകദിന ടീമില്‍ ഇടം നേടി. ജസ്പ്രീത് ബുംറ, അക്സര്‍ പട്ടേല്‍, രവീന്ദ്ര ജഡേജ എന്നിവര്‍ക്ക് വിശ്രമം അനുവദിച്ചു.

ജൂണ്‍ ആറ് മുതല്‍ 11 വരെയാണ് അഫ്ഗാനെതിരെയുള്ള ഇന്ത്യയുടെ ഏക ടെസ്റ്റ് മത്സരം നടക്കുന്നത്. ജൂണ്‍ 14 മുതല്‍ 20 വരെ ഏകദിന പരമ്പരയും നടക്കും.

Content Highlight: Report says Rohit Sharma fitness problem is major a challenge of BCCI ahead 2027 odi world cup

Sudev A

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. നിലവില്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി.

We use cookies to give you the best possible experience. Learn more