| Wednesday, 15th July 2026, 12:58 pm

മെസിയുടെ വിശ്വസ്തന്‍ പുറത്ത്; സെമിയില്‍ അര്‍ജന്റീനക്ക് കനത്ത തിരിച്ചടി

സുദേവ് എ

ഫിഫ ലോകകപ്പിലെ രണ്ടാം സെമി ഫൈനല്‍ പോരാട്ടത്തിനായുള്ള തയ്യാറെടുപ്പിലാണ് നിലവിലെ ചാമ്പ്യന്മാരായ അര്‍ജന്റീനയും ഇംഗ്ലണ്ടും. ഇന്ത്യന്‍ സമയം ഇന്ന് അര്‍ധ രാത്രി 12.30നാണ് മത്സരം. ഈ മത്സരത്തിലെ വിജയികള്‍ ജൂലൈ 20ന് നടക്കുന്ന കിരീടപോരാട്ടത്തില്‍ സ്പെയ്നിനെ നേരിടും.

1966ല്‍ ലോകകപ്പ് വിജയിച്ചതിന് ശേഷം ഒരിക്കല്‍ പോലും കിരീടം നേടാന്‍ ത്രീ ലയണ്‍സിന് സാധിച്ചിട്ടില്ല. അതുകൊണ്ട് തന്നെ നീണ്ട 60 വര്‍ഷത്തെ കാത്തിരിപ്പ് അവസാനിപ്പിക്കാനാവും ഇംഗ്ലണ്ട് ലക്ഷ്യം വെക്കുക. മറുഭാഗത്ത് ലോക കിരീടം നിലനിര്‍ത്തുകയെന്ന വലിയ ലക്ഷ്യവുമായാണ് അര്‍ജന്റീന കളത്തിലിറങ്ങുന്നത്.

ഇപ്പോള്‍ ഈ നിര്‍ണായക മത്സരത്തിനുള്ള പ്ലെയിങ് ഇലവനെ സംബന്ധിച്ചുള്ള ഒരു വലിയ റിപ്പോര്‍ട്ടാണ് പുറത്തു വന്നിരിക്കുന്നത്. ഇംഗ്ലണ്ടിനെതിരെ റോഡ്രിഗോ ഡി പോള്‍ ആദ്യ ഇലവനില്‍ ഉണ്ടാവില്ലെന്നാണ് റിപ്പോര്‍ട്ട്.

അര്‍ജന്റൈന്‍ പരിശീലകന്‍ ലയണല്‍ സ്‌കെലോണി ടീമിന്റെ ഫോര്‍മേഷനില്‍ മാറ്റം വരുത്താന്‍ ആഗ്രഹിക്കുന്നുവെന്നും അതിനാല്‍ സെമി ഫൈനലില്‍ ഡി പോളിന്റെ സ്ഥാനം ബെഞ്ചിലായിരിക്കുമെന്നും ഇ.എസ്.പി.എന്‍ റിപ്പോര്‍ട്ട് ചെയ്തു. അര്‍ജന്റീന ഇംഗ്ലണ്ടിനെതിരെ 4-3-3 എന്ന പൊസിഷനിലായിരിക്കും കളത്തിലിറങ്ങുകയെന്നാണ് സൂചന.

കളിക്കളത്തില്‍ അര്‍ജന്റീനയിലും ഇന്റര്‍ മയാമിയിലും മെസിയുടെ ബോഡി ഗാര്‍ഡെന്ന വിശേഷണമുള്ള ഡി പോളിന്റെ അഭാവം അര്‍ജന്റീനക്ക് വലിയ വെല്ലുവിളി സൃഷ്ടിക്കുമോയെന്ന ആശങ്കയും ആരാധകര്‍ക്കിടയില്‍ നിലനില്‍ക്കുന്നുണ്ട്.

അതേസമയം മെസിയുടെ മിന്നും ഫോമും ആരാധകര്‍ക്ക് ആശ്വാസം പകരുന്നതാണ്. ഈ ലോകകപ്പില്‍ എട്ട് ഗോളുകളും രണ്ട് അസിസ്റ്റുകളും നേടിയാണ് മെസി കുതിക്കുന്നത്. ലോകകപ്പ് ചരിത്രത്തില്‍ 21 ഗോളുകളുമായാണ് മെസി മുന്നേറുന്നത്.

ക്വാര്‍ട്ടര്‍ ഫൈനലില്‍ സ്വിറ്റ്‌സര്‍ലാന്‍ഡിനെതിരെ മാത്രമായിരുന്നു മെസി ഗോള്‍ നേടാതെ പോയത്. ബാക്കിയുള്ള മത്സരങ്ങളിലെല്ലാം മെസി എതിരാളികളുടെ വലയില്‍ പന്തെത്തിച്ചു. എന്നാല്‍ സ്വിസ് ടീമിനെതിരെ ഗോള്‍ നേടിയില്ലെങ്കിലും ഒരു അസിസ്റ്റ് നേടി മെസി തിളങ്ങി.

മറുഭാഗത്ത് ഇംഗ്ലണ്ട് നിരയില്‍ ക്യാപ്റ്റന്‍ ഹാരി കെയ്നും ജൂഡ് ബെല്ലിങ്ഹാമും അര്‍ജന്റൈന്‍ പ്രതിരോധ നിരക്ക് തലവേദനയുണ്ടാക്കുമെന്നുറപ്പാണ്. ആറ് ഗോളുകള്‍ വീതം നേടിയാണ് ഇരു താരങ്ങളും കുതിക്കുന്നത്. ഈ ഗോള്‍വേട്ട സെമിയിലും ആവര്‍ത്തിച്ചാല്‍ അര്‍ജന്റീന വീഴുമെന്നുറപ്പാണ്.

Content Highlight: Report says Rodrigo de Paul won’t play for Argentina in the semi final against England

സുദേവ് എ

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. നിലവില്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി.

Latest Stories

We use cookies to give you the best possible experience. Learn more