| Sunday, 19th April 2026, 4:42 pm

ഇതിഹാസം റയല്‍ മാഡ്രിഡ് വിടുന്നു; ഇനി പോരാട്ടം ഖത്തറിന്റെ മണ്ണില്‍

Sudev A

റയല്‍ മാഡ്രിഡിന്റെ സ്പാനിഷ് സൂപ്പര്‍താരം ഡാനി കാര്‍വഹാല്‍ ഈ സമ്മറില്‍ ടീം വിടുമെന്ന് റിപ്പോര്‍ട്ട്. ലോസ് ബ്ലാങ്കോസിനൊപ്പം നീണ്ട 13 വര്‍ഷത്തെ ഫുട്‌ബോള്‍ യാത്രക്ക് വിരാമമിട്ടുകൊണ്ടാണ് കാര്‍വഹാല്‍ പടിയിറങ്ങുന്നത്. ഫ്രീ ഏജന്റായാണ് താരം ക്ലബ് വിടുക. മാര്‍ക്കയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. കാര്‍വഹാല്‍ ഖത്തര്‍ ലീഗിലേക്ക് കൂടുമാറുമെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നുണ്ട്. ഖത്തര്‍ സ്റ്റാര്‍സ് ലീഗ് ക്ലബായ അല്‍ ഗരാഫെ താരത്തെ സ്വന്തമാക്കാന്‍ താത്പര്യപ്പെടുന്നുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്.

പരിക്ക് കാരണം കഴിഞ്ഞ രണ്ട് സീസണുകളില്‍ റയലിനൊപ്പം നിരവധി മത്സരങ്ങള്‍ സ്പാനിഷ് താരത്തിന് നഷ്ടമായിരുന്നു. കഴിഞ്ഞ സീസണില്‍ 12 മത്സരങ്ങളില്‍ മാത്രമാണ് താരം കളത്തിലിറങ്ങിയത്. ഈ സീസണില്‍ 19 മത്സരങ്ങളിലുമാണ് താരം റയലിനായി കളിച്ചത്. റയലിന്റെ പ്രതിരോധനിരയില്‍ കൃത്യമായ സ്വാധീനം ചെലുത്തിയ താരമാണ് കാര്‍വഹാല്‍. റയലിനൊപ്പം ആറ് യുവേഫ ചാമ്പ്യന്‍സ് ലീഗ്, നാല് ലാ ലിഗ, രണ്ട് കോപ്പ ഡെല്‍റേ എന്നീ കിരീടനേട്ടങ്ങളില്‍ കാര്‍വഹാല്‍ പങ്കാളിയായിട്ടുണ്ട്.

അതേസമയം ഈ സീസണില്‍ നിരാശപ്പെടുത്തുന്ന പ്രകടനമാണ് റയല്‍ നടത്തിയത്. യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ ജര്‍മന്‍ വമ്പന്മാരായ ബയേണ്‍ മ്യൂണിക്കിനോട് പരാജയപ്പെട്ട് റയല്‍ പുറത്തായിരുന്നു. ബയേണിന്റെ തട്ടകമായ അലയന്‍സ് അരീനയില്‍ 4-3 എന്ന ത്രില്ലര്‍ സ്‌കോറിനാണ് ബയേണ്‍ മ്യൂണിക്കിന്റെ വിജയം. ആദ്യ പാദ മത്സരത്തിലും (2-1) ബയേണ്‍ വിജയിച്ചിരുന്നു. 6-4 എന്ന അഗ്രിഗേറ്റ് സ്‌കോറിനാണ് ബയേണ്‍ സെമിയിലേക്ക് മുന്നേറിയത്.

രണ്ടാം പാദത്തില്‍ ബയേണ്‍ മ്യൂണിക്കിനെതിരെ മത്സരം തുടങ്ങി ഒന്നാം മിനിറ്റില്‍ തന്നെ അര്‍ധ ഗുലറിലൂടെ റയലാണ് ആദ്യം ലീഡ് നേടിയത്. ആറാം മിനിട്ടില്‍ അലക്സാണ്ടര്‍ പാവ് ലോവിച്ചിലൂടെ ബയേണ്‍ തിരിച്ചടിച്ചു. മത്സരത്തിന്റെ 29ാം മിനിറ്റില്‍ ഗുലര്‍ വീണ്ടും ഗോള്‍ നേടി. 38ാം മിനിറ്റില്‍ ഹാരി കെയ്‌നിലൂടെ സമനില പിടിച്ചു. എന്നാല്‍ 42ാം മിനിറ്റില്‍ കിലിയന്‍ എംബാപ്പെയിലൂടെ റയല്‍ വീണ്ടും ലീഡ് ഉയര്‍ത്തി.

Content Highlight: Report says Real Madrid Player Dani Carvajal will leave the team this summer

Sudev A

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. നിലവില്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി.

We use cookies to give you the best possible experience. Learn more