| Friday, 24th April 2026, 6:32 pm

ഇറ്റലിയെ കളി പഠിപ്പിക്കാന്‍ ഗ്വാര്‍ഡിയാളയെത്തുന്നു? ഉയിര്‍ത്തെഴുന്നേല്‍പ്പിനൊരുങ്ങി അസൂറികള്‍

Sudev A

ഇറ്റലിയുടെ പുതിയ പരിശീലകനായി ഇതിഹാസ കോച്ച് പെപ് ഗ്വാര്‍ഡിയോളയെത്തുമെന്ന് റിപ്പോര്‍ട്ട്. ലാ ഗസറ്റെ ഡെല്ലോ സ്‌പോര്‍ട്‌സാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇറ്റാലിയന്‍ ഫുട്‌ബോള്‍ ഫെഡറേഷന്റെ പുതിയ പ്രസിഡന്റിനെ തെരഞ്ഞെടുക്കുന്ന ജൂണ്‍ 22ണ് ശേഷം ടീമിന്റെ പുതിയ പരിശീലകനെ പ്രഖ്യാപിക്കുമെന്നാണ് റിപ്പോര്‍ട്ട്.

നിലവില്‍ മാഞ്ചസ്റ്റര്‍ സിറ്റിയുടെ പരിശീലകനായ ഗ്വാര്‍ഡിയോളക്ക് ടീമുമായി 2027 ജൂണ്‍ വരെ കരാറുണ്ട്. പെപ് ഗ്വാര്‍ഡിയോള മാഞ്ചസ്റ്റര്‍ സിറ്റി വിടുകയാണെങ്കില്‍ മറ്റൊരു ക്ലബ്ബിന്റെയും പരിശീലക സ്ഥാനം ഏറ്റെടുക്കുന്നില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇറ്റലിയുമായി ശക്തമായ ബന്ധം പെപ് നിലനിര്‍ത്തുന്നുണ്ടെന്നും അതിനാല്‍ ഇറ്റലിയുടെ ഓഫര്‍ പരിഗണിക്കാന്‍ പെപ് തയ്യാറാണെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നുണ്ട്.

2026 ഫിഫ ഫുട്ബോള്‍ ലോകകപ്പില്‍ നിന്ന് പുറത്തായ ഇറ്റലി ഫുട്‌ബോള്‍ ലോകത്തേക്ക് ഒരു ശക്തമായ തിരിച്ചുവരവാണ് ലക്ഷ്യം വെക്കുന്നത്. നാല് ലോകകിരീടം ചൂടിയ ലോകകപ്പ് യോഗ്യത മത്സരത്തില്‍ ബോസ്നിയ ആന്‍ഡ് ഹെര്‍സഗോവിനയോട് പരാജയപ്പെട്ടാണ് പുറത്തായത്.

പെനാല്‍ട്ടി ഷൂട്ടൗട്ടിലാണ് ഇറ്റലിയുടെ ലോകകപ്പ് സ്വപ്നങ്ങള്‍ തകര്‍ന്നത്. നിശ്ചിത സമയത്ത് ഇരു ടീമുകളും ഓരോ ഗോളുകള്‍ വീതം നേടി സമനില പാലിച്ചതോടെ മത്സരം പെനാല്‍റ്റിയിലേക്ക് നീങ്ങുകയായിരുന്നു. പെനാല്‍ട്ടിയില്‍ മുന്‍ ചാമ്പ്യന്മാര്‍ 4-1 എന്ന സ്‌കോറില്‍ കാലിടറി വീഴുകയായിരുന്നു.

തുടര്‍ച്ചയായ മൂന്നാം ലോകകപ്പിനാണ് ഇറ്റലിക്ക് യോഗ്യത ലഭിക്കാതെ പോയത്. 2014ലാണ് അസൂറിപ്പട അവസാനമായി ലോകകപ്പ് കളിച്ചത്. അതിന് ശേഷം നടന്ന രണ്ട് ലോകകപ്പില്‍, 2018ലും 2022ലും ടീമിന് ലോക വേദിയില്‍ പന്ത് തട്ടാനുള്ള ഭാഗ്യമുണ്ടായില്ല. നാല് തവണ ലോകം കീഴടക്കിയ ടീമിനാണ് ഈ നിര്‍ഭാഗ്യമെന്നതും ഇതിനോടകം ചേര്‍ത്തുവെക്കണം. 1934, 1938, 1982, 2006 എന്നീ ലോകകപ്പുകളിലായിരുന്നു ഇറ്റലിയുടെ കിരീടനേട്ടങ്ങള്‍.

പെപ് ഗ്വാര്‍ഡിയോളയെ സ്വന്തമാക്കാനുള്ള ഈ വമ്പന്‍ നീക്കത്തിലൂടെ ഇറ്റാലിയന്‍ ഫുട്‌ബോള്‍ വീണ്ടും പഴയ പ്രതാപത്തിലേക്ക് തിരിച്ചെത്തുമോയെന്നും കണ്ടുതന്നെ അറിയണം. ക്ലബ്ബ് തലത്തില്‍ പരിശീലിപ്പിച്ച എല്ലാ ടീമുകളോടൊപ്പം ഇതിഹാസ തുല്യമായ നേട്ടങ്ങള്‍ സ്വന്തമാക്കിയ പെപ് അന്താരാഷ്ട്ര തലത്തിലും തന്റെ പരിശീലക മികവ് ആവര്‍ത്തിക്കുമോയെന്നാണ് ഫുട്‌ബോള്‍ ലോകം ഉറ്റുനോക്കുന്നത്.

Content Highlight: Report says Pep Guardiola will be the new head coach of Italy Football Team

Sudev A

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. നിലവില്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി.

Latest Stories

We use cookies to give you the best possible experience. Learn more