ബ്രസീലിയൻ ഫുട്ബോൾ ടീമിനെതിരെയുള്ള സൗഹൃദ മത്സരത്തിന് മുന്നോടിയായി പനാമക്കെതിരെ ഇന്ത്യ മത്സരം കളിക്കുമെന്ന് റിപ്പോർട്ട്. സെപ്റ്റംബർ 26, 27 തീയതികൾ ഏതെങ്കിലും ഒരു ദിവസം ഈ മത്സരം നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഈ മത്സരവുമായി ബന്ധപ്പെട്ട് ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ പനാമയുമായി ചർച്ച നടത്തിയെന്നാണ് റിപ്പോർട്ട്. സ്പോർട്സ് നൗവാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്. മത്സരത്തിന്റെ വേദി ഇതുവരെ തീരുമാനമായിട്ടില്ല.
അതേസമയം 2026 ഫിഫ ലോകകപ്പിൽ അത്ഭുതം സൃഷ്ടിച്ച ആഫ്രിക്കൻ കുഞ്ഞൻ ടീമായ കേപ് വെർദെയും ഇന്ത്യയിലെത്തുമെന്നും റിപ്പോർട്ടുണ്ട്. ഇന്ത്യയിൽ സൗഹൃദ മത്സരം കളിക്കുന്നതിന് വേണ്ടി ഇന്ത്യൻ ഫുട്‌ബോൾ അസോസിയേഷൻ കേപ് വെർദെയെ ക്ഷണിച്ചുവെന്നാണ് വിവരം.
വെറും ആറ് ലക്ഷത്തിൽ താഴെ മാത്രം ജനസംഖ്യയുള്ള കേപ് വെർദെ തങ്ങളുടെ അരങ്ങേറ്റ ലോകകപ്പിൽ തന്നെ വിജയത്തോളം പോന്ന മൂന്ന് സമനിലകൾ നേടി അത്ഭുതങ്ങൾ സൃഷ്ടിച്ച കുഞ്ഞൻ രാജ്യം ഇന്ത്യയിലെത്തുമോയെന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്.
ഓഗസ്റ്റ് മൂന്നിനായിരിക്കും ബ്രസീൽ ടീം കൊൽക്കത്തയിൽ പന്തുതട്ടുക. ബ്രസീലിന്റെ വരവ് ഇന്ത്യയിലെ ഫുട്‌ബോൾ ആരാധകരിലും വലിയ ആവേശമാണ് ഉണ്ടാക്കിയിരിക്കുന്നത്.
ഇന്ത്യൻ ഫുട്ബോളിലെ ഈറ്റില്ലമായ കൊൽക്കത്തയിൽ ഇതിന് മുമ്പും ബ്രസീലിയൻ ഫുട്‌ബോളിന്റെ കാൽപാടുകൾ പതിഞ്ഞിട്ടുണ്ട്. 1977ൽ ഈഡൻ ഗാർഡൻസിൽ ഇതിഹാസ താരം പെലെ കളത്തിലിറങ്ങിയിട്ടുണ്ട്.
ന്യൂയോർക്ക് കോസ്മോസിന് വേണ്ടി മോഹൻബഗാനെതിരെയായിരുന്നു പെലെ കൊൽക്കത്തയുടെ മണ്ണിൽ പന്തുതട്ടിയിരുന്നത്. ഇപ്പോൾ നീണ്ട വർഷങ്ങൾക്ക് ശേഷം വീണ്ടും കാനറിപ്പട കൊൽക്കത്തയിൽ ഇന്ത്യക്കെതിരെ പന്തുതട്ടുമ്പോൾ ഒരു ചരിത്ര നിമിഷത്തിന് കൂടിയാവും ഇന്ത്യൻ ഫുട്ബോൾ ലോകം സാക്ഷ്യം വഹിക്കുക.
Content Highlight: Report says Panama will play friendly match in India