കഴിഞ്ഞ കുറച്ച് വര്‍ഷങ്ങള്‍ക്കിടയില്‍ മലയാള സിനിമ വലിയ രീതിയില്‍ ആഘോഷിച്ച സംവിധായകനാണ് ചിദംബരം എസ്. പൊതുവാള്‍. 2021ല്‍ പുറത്തിറങ്ങിയ ജാന്‍.എ.മന്‍ എന്ന ചിത്രത്തിലൂടെ സംവിധായകനായി അരങ്ങേറ്റം കുറിച്ച ചിദംബരം 2024ല്‍ പുറത്തിറങ്ങിയ മഞ്ഞുമ്മല്‍ ബോയ്സിലൂടെ തന്റെ പേര് ഇന്ത്യന്‍ സിനിമാ ലോകത്ത് അടയാളപ്പെടുത്തുകയായിരുന്നു.
തമിഴ്നാട്ടില്‍ നിന്നടക്കം അറുപത് കോടിയിലധികം സ്വന്തമാക്കിയ ചിത്രം മലയാള സിനിമാ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ വിജയങ്ങളിലൊന്നായി മാറിയിരുന്നു. എന്നാല്‍ മഞ്ഞുമ്മലിന് ശേഷം ചിദംബരം സംവിധാനം ചെയ്ത് കഴിഞ്ഞ മാസം തിയേറ്ററുകളിലെത്തിയ ബാലന്‍ ദി ബോയ് ആണ് സംവിധായകന്റെ പൊട്ടന്‍ഷ്യല്‍ പ്രേക്ഷകര്‍ക്ക് വെളിപ്പെടുത്തി നല്‍കിയത്. 2026ല്‍ പുറത്തിറങ്ങിയ ഏറ്റവും മികച്ച സിനിമ എന്ന് പലരും അഭിപ്രായപ്പെട്ട ചിത്രം വലിയ നിരൂപകപ്രശംസയായിരുന്നു രാജ്യാന്തര തലത്തില്‍ സ്വന്തമാക്കിയത്.
ബാലന്‍ ദി ബോയ്. Photo: X.com
ജാന്‍.എ.മന്‍, മഞ്ഞുമ്മല്‍ ബോയ്‌സ്, ബാലന്‍ ദി ബോയ് തുടങ്ങിയ ചിത്രങ്ങള്‍ക്ക് ശേഷം ചിദംബരം സംവിധാനം ചെയ്യുന്ന ചിത്രമേതായിരിക്കും എന്നറിയാനുള്ള കാത്തിരിപ്പിലായിരുന്നു സിനിമാലോകം. ഇപ്പോഴിതാ കന്നട സൂപ്പര്‍ താരം റിഷബ് ഷെട്ടിയെ നായകനാക്കിയായിരിക്കും ചിദംബരം തന്റെ അടുത്ത ചിത്രം ഒരുക്കുക എന്ന റിപ്പോര്‍ട്ടുകളാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്.
പാന്‍ ഇന്ത്യന്‍ തലത്തില്‍ ശ്രദ്ധിക്കപ്പെടുന്ന ഒരു പ്രൊജക്ട് മലയാളി സംവിധായകന്‍ ഒരുക്കാന്‍ തയ്യാറെടുക്കുന്നു എന്ന സന്തോഷത്തിലാണ് മോളിവുഡിലെ സിനിമാപ്രേമികള്‍. രണ്ട് ഭാഗങ്ങളിലായി ഇറങ്ങി വമ്പന്‍ വിജയം നേടിയ കാന്താരയിലൂടെ ശ്രദ്ധ നേടിയ റിഷബ് നോര്‍ത്ത് ഇന്ത്യയിലടക്കം വലിയ സ്വീകാര്യത സ്വന്തമാക്കിയ അഭിനേതാവാണ്. ഇത്തരത്തില്‍ റിഷബിന്റെതായി ഒരു ചിത്രം പുറത്തിറങ്ങുമ്പോള്‍ മലയാളി സംവിധായകനായ ചിദംബരത്തിന് പരമാവധി ശ്രദ്ധ ലഭിക്കുമെന്നതില്‍ സംശയമില്ല.
റിഷബ് ഷെട്ടി. Photo: X.com
സൗത്ത് ഇന്ത്യയിലെ മുന്‍നിര നിര്‍മാതാക്കളിലൊരാളായ ഷിബു തമീന്‍സ് ചിത്രം നിര്‍മിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. സ്‌പോര്‍ട്ട് ഡ്രാമയായാണ് ചിത്രം നിര്‍മിക്കുന്നതെന്നും സ്ഥിരീകരിക്കാത്ത വിവരങ്ങളുണ്ട്. അടുത്ത വര്‍ഷത്തോടെയാണ് ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കുകയെന്നും റിപ്പോര്‍ട്ടുകളുണ്ട്.
Content Highlight: Report says Malayalam Director Chidambaram plans do a film starring Rishabh Shetty