സൂപ്പർ ലീഗ് കേരള ക്ലബ്ബായ മലപ്പുറം എഫ്.സി ഇന്ത്യൻ ഫുട്ബോൾ ലീഗിലേക്ക് ചേക്കേറാൻ ഒരുങ്ങുന്നുവെന്ന് റിപ്പോർട്ട്. ഐ.എഫ്.എൽ പ്രവേശനം ലക്ഷ്യം വെച്ച് ക്ലബ്ബ് നീക്കം നടത്തുന്നുവെന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ. ഇന്ത്യയുടെ ഏറ്റവും പഴക്കമുള്ള ഈ ലീഗിലേക്ക് പ്രവേശിക്കുന്നതുമായി ബന്ധപ്പെട്ട് ഡയമണ്ട് ഹാർബർ എഫ്.സി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് ചർച്ചകൾ നടക്കുന്നുവെന്നാണ് റിപ്പോർട്ട്.
ഈ ചർച്ച വിജയിച്ചാൽ ഇന്ത്യൻ ഫുട്ബോളിന്റെ ദേശീയ വേദിയിൽ മലപ്പുറം എഫ്.സി പ്രതിനിധീകരിക്കും. എന്നാൽ ഇത് സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ പുറത്തുവന്നിട്ടില്ല. ഈ നീക്കം വിജയിക്കുകയാണെങ്കിൽ മലപ്പുറത്തിന്റെ ഏറ്റവും വലിയ ചുവടുവെപ്പായി ഇത് മാറുമെന്നാണ് ഫുട്ബോൾ ആരാധകർ വിലയിരുത്തുന്നത്.
ഈ നീക്കം വിജയിച്ചാൽ ഐ.എഫ്.എല്ലിലേക്ക് കൂടുതൽ ആരാധക പിന്തുണയെത്തുമെന്നുറപ്പാണ്. സൂപ്പർ ലീഗ് കേരളയിൽ മറ്റൊരു ടീമിന്റെ ഹോം ഗ്രൗണ്ടിലും കാണാൻ സാധിക്കാത്തത്ര വലിയ ആരാധകവൃന്ദമാണ് മലപ്പുറത്തിന്റെ കരുത്ത്. മഞ്ചേരി പയ്യനാട് സ്റ്റേഡിയം ഓറഞ്ച് കടലായി മാറുന്നത് പതിവായി കാഴ്ചയാണ്. മലപ്പുറം ഐ.എഫ്.എല്ലിൽ എത്തിയാൽ ഈ ആരാധക കരുത്ത് ദേശീയ തലത്തിലേക്കും വ്യാപിക്കുമെന്നുറപ്പാണ്.
സൂപ്പർ ലീഗ് കേരളയിലെ മൂന്നാം സീസണിൽ മലപ്പുറം ഇതിനോടകം തന്നെ സെമി ഫൈനലിലേക്ക് യോഗ്യത നേടിക്കഴിഞ്ഞു. കഴിഞ്ഞ ദിവസം ഗ്രൂപ്പ് ഘട്ടത്തിലെ അവസാന ഹോം മത്സരത്തിൽ തിരുവനന്തപുരം കൊമ്പൻസിനെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് മലപ്പുറം പരാജയപ്പെടുത്തിയിരുന്നു.
സീസണിൽ ഇതിനുമുമ്പ് ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോൾ തിരുവനന്തപുരത്തിനൊപ്പമായിരുന്നു വിജയം. ഈ തോൽവിക്ക് സ്വന്തം മണ്ണിൽ കണക്കുതീർക്കാനും മലപ്പുറത്തിന് സാധിച്ചു. തിരുവനന്തപുരത്തിന്റെ തട്ടകത്തിൽ നടന്ന മത്സരത്തിൽ പെനാൽറ്റിയിലായിരുന്നു മലപ്പുറം പരാജയം ഏറ്റുവാങ്ങിയിരുന്നത്. എന്നാൽ സ്വന്തം മണ്ണിൽ സ്വന്തം ആരാധകരുടെ മുന്നിൽ ഈ തോൽവിക്ക് മലപ്പുറം മധുര പ്രതികാരം വീട്ടുകയായിരുന്നു.
മത്സരം തുടങ്ങി 11 മിനിട്ട് ആയപ്പോൾ തന്നെ റാഷിദ് സി.കെയിലൂടെയാണ് മലപ്പുറം ആദ്യ ഗോൾ സ്വന്തമാക്കി. മലപ്പുറം രണ്ടാം പകുതിയിലും കളംനിറഞ്ഞു കളിച്ചു. 66ാം മിനിട്ടിൽ പൗലോ വിക്ടറിന്റെ ഗോളിലൂടെ മലപ്പുറം രണ്ടാം ലീഡെടുത്തു. അവസാന ഘട്ടത്തിൽ ടീമിലെത്തിച്ച കഴിഞ്ഞ സീസണിലെ ഗോൾഡൻ ബൂട്ട് വിന്നറായ ബ്രസീലിയൻ താരം ജോൺ കെന്നഡിയുടെ മൂന്നാം ഗോളിൽ തിരുവനന്തപുരത്തിന്റെ പതനം സമ്പൂർണമായി.
മലപ്പുറത്തിന്റെ ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരം നവംബർ 25ന് കണ്ണൂർ വാരിയേഴ്സിനെതിരെയാണ്. നേരത്തെ സീസണിൽ പയ്യനാടിന്റെ മണ്ണിൽ ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോൾ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് മലപ്പുറം വിജയിച്ചിരുന്നു.
Content Highlight: Report says Malappuram fc aiming for Indian football league (IFL) entry