| Tuesday, 8th September 2026, 6:37 pm

ഇന്ത്യക്കെതിരെ സൂപ്പർതാരമില്ല; വമ്പൻ സർപ്രൈസുമായി കാനറിപ്പട വരുന്നു

സുദേവ് എ

ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം ചരിത്രപരമായ പോരാട്ടങ്ങള്‍ക്ക് ഒരുങ്ങുകയാണ്. അഞ്ച് തവണ ലോക ചാമ്പ്യന്മാരായ ബ്രസീലിനെതിരെയും രണ്ട് തവണ ലോകം കീഴടക്കിയ ഉറുഗ്വേക്കെതിരെയുമാണ് ഇന്ത്യ കളിക്കാനൊരുങ്ങുന്നത്.

ഈ വമ്പന്മാര്‍ക്കൊപ്പം പനാമക്കെതിരെയും ഇന്ത്യക്ക് മത്സരമുണ്ട്. ഒക്ടോബര്‍ മൂന്നിന് കൊല്‍ക്കത്തയിലെ സാള്‍ട്ട് ലേക്ക് സ്റ്റേഡിയത്തിലാണ് ബ്രസീല്‍-ഇന്ത്യ ചരിത്ര പോരാട്ടം അരങ്ങേറുക. ഒക്ടോബര്‍ ആറിനാണ് ഇന്ത്യ രണ്ട് തവണ ലോക ചാമ്പ്യന്മാരായ ഉറുഗ്വേക്കെതിരെ പന്തുതട്ടാനിറങ്ങുന്നത്.

ഇന്ത്യക്കെതിരെയുള്ള പോരാട്ടത്തിനുള്ള ബ്രസീലിയന്‍ ടീമിനെ വൈകാതെ പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ബ്രസീലിയന്‍ സ്‌ക്വാഡിനെ സംബന്ധിച്ചുള്ള ഒരു വലിയ റിപ്പോര്‍ട്ടും പുറത്തുവന്നിട്ടുണ്ട്.

സൂപ്പര്‍താരം ലൂക്കാസ് പക്വേറ്റ ഇന്ത്യക്കെതിരെ പന്തുതട്ടാനിറങ്ങുന്ന ബ്രസീലിയന്‍ ടീമില്‍ ഉണ്ടാവില്ലെന്നാണ് റിപ്പോര്‍ട്ട്. പരിശീലകന്‍ കാര്‍ലോ അന്‍സലോട്ടിയുടെ തീരുമാനം ആരാധകര്‍ക്കിടയില്‍ അല്പം സര്‍പ്രൈസ് ഉണ്ടാക്കിയിരിക്കുകയാണ്. ഗ്ലോബോ ഡോട്ട് കോമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.

2026 ഫിഫ ലോകകപ്പില്‍ പക്വേറ്റക്ക് പരിക്ക് പറ്റിയിരുന്നു. റൗണ്ട് ഓഫ് 32ല്‍ ജപ്പാനെതിരെയുള്ള മത്സരത്തിലാണ് പക്വെറ്റക്ക് പരിക്കേറ്റത്. പേശീവലിവാണ് താരത്തിന് തിരിച്ചടിയായത്.

2026 ഫിഫ ലോകകപ്പില്‍ കളിച്ച പല സൂപ്പര്‍താരങ്ങളും ഇന്ത്യയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ബ്രസീലിന് പ്രീക്വാര്‍ട്ടര്‍ വരെയാണ് ബ്രസീലിന് മുന്നേറാന്‍ സാധിച്ചത്. നോര്‍വേയോട് പരാജയപ്പെട്ടാണ് ബ്രസീല്‍ ആറാം ലോക കിരീടമെന്ന സ്വപ്നം അവസാനിപ്പിച്ചുകൊണ്ട് മടങ്ങിയത്.

ഇന്ത്യന്‍ ഫുട്‌ബോളിലെ ഈറ്റില്ലമായ കൊല്‍ക്കത്തയില്‍ ഇതിന് മുമ്പും ബ്രസീലിയന്‍ ഫുട്‌ബോളിന്റെ കാല്‍പാടുകള്‍ പതിഞ്ഞിട്ടുണ്ട്. 1977ല്‍ ഈഡന്‍ ഗാര്‍ഡന്‍സില്‍ ഇതിഹാസ താരം പെലെ കളത്തിലിറങ്ങിയിട്ടുണ്ട്.

ന്യൂയോര്‍ക്ക് കോസ്മോസിന് വേണ്ടി മോഹന്‍ബഗാനെതിരെയായിരുന്നു പെലെ കൊല്‍ക്കത്തയുടെ മണ്ണില്‍ പന്തുതട്ടിയിരുന്നത്. ഇപ്പോള്‍ നീണ്ട വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും കാനറിപ്പട കൊല്‍ക്കത്തയില്‍ ഇന്ത്യക്കെതിരെ പന്തുതട്ടുമ്പോള്‍ ഒരു ചരിത്ര നിമിഷത്തിന് കൂടിയാവും ഇന്ത്യന്‍ ഫുട്ബോള്‍ ലോകം സാക്ഷ്യം വഹിക്കുക.

Content Highlight: Report says Lucas Paqueta will not be in Brazil’s squad for the friendly match against India

സുദേവ് എ

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. നിലവില്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി.

We use cookies to give you the best possible experience. Learn more