| Sunday, 2nd August 2026, 8:11 am

മെസി വിരമിക്കുന്നില്ല, 2028 കോപ്പയില്‍ അര്‍ജന്റീനക്കായി കളിക്കും; റിപ്പോര്‍ട്ട്

സുദേവ് എ

2026 ഫിഫ ലോകകപ്പ് കിരീടം നിലനിര്‍ത്തുകയെന്ന ലയണല്‍ മെസിയുടെയും അര്‍ജന്റീനടെയും സ്വപ്നം കണ്ണീരോടെയാണ് അവസാനിച്ചത്. കലാശപോരാട്ടത്തില്‍ സ്പെയ്നിനോട് പരാജയപ്പെട്ടാണ് അര്‍ജന്റീനക്ക് കിരീടം നഷ്ടമായത്.

ഈ ലോകകപ്പില്‍ മിന്നും പ്രകടനം നടത്തി ആരാധകരുടെ ഹൃദയം കീഴടക്കിയാണ് മെസി മടങ്ങിയത്. ലോകകപ്പിന് ശേഷം ഇന്റര്‍നാഷണല്‍ ഫുട്‌ബോളിലെ മെസിയുടെ ഭാവിയെ സംബന്ധിച്ചുള്ള ചര്‍ച്ചകളും സജീവമായി. ഇപ്പോള്‍ മെസിയുടെ വിരമിക്കലിനെക്കുറിച്ചുള്ള ഒരു വമ്പന്‍ റിപ്പോര്‍ട്ടാണ് പുറത്തുവന്നിരിക്കുന്നത്.

മെസി നിലവില്‍ ഇന്റര്‍നാഷണല്‍ ഫുട്‌ബോളില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിക്കാനുള്ള പദ്ധതിയില്ലെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. അര്‍ജന്റീനക്കൊപ്പം 2028 കോപ്പ അമേരിക്കയില്‍ മെസി കളത്തിലിറങ്ങുമെന്നാണ് റിപ്പോര്‍ട്ട്.

ഐ.എസ്.എന്‍ ഫുട്‌ബോളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. അര്‍ജന്റീനക്കായി വീണ്ടുമൊരു കോപ്പ അമേരിക്ക കിരീടം കൂടി നേടാനായിരിക്കും മെസി ലക്ഷ്യമിടുക. ഈ റിപ്പോര്‍ട്ട് അര്‍ജന്റീന ആരാധകര്‍ക്കടിയില്‍ വലിയ ആവേശമാണ് സൃഷ്ടിച്ചിരിക്കുന്നത്.

ലയണൽ മെസി

2026 ലോകകപ്പില്‍ പ്രായം തളര്‍ത്താത്ത പോരാട്ടവീര്യമാണ് മെസി നടത്തിയത്. എട്ട് ഗോളുകളും നാല് അസിസ്റ്റുകളും നേടിയാണ് മെസി ഈ ലോകകപ്പ് അവസാനിപ്പിച്ചത്. ലോകകപ്പ് ചരിത്രത്തില്‍ 21 ഗോളുകളാണ് മെസി നേടിയത്. പല ചരിത്രങ്ങളും ഒറ്റ ലോകകപ്പ് കൊണ്ട് തിരുത്തിയെഴുതിയ മെസിക്ക് കിരീടം മാത്രമാണ് അകലെ നിന്നത്.

ഈ ലോകകപ്പ് നഷ്ടമായെങ്കിലും അര്‍ജന്റീന സമീപകാലങ്ങളില്‍ ഒരുപിടി കിരീടങ്ങള്‍ സ്വന്തമാക്കിയിരുന്നു. രണ്ട് കോപ്പ അമേരിക്ക, ലോകകപ്പ്, ഫൈനലിസീമ എന്നീ കിരീടങ്ങളാണ് സമീപകാലങ്ങളില്‍ അര്‍ജന്റീന മെസിയുടെ നേതൃത്വത്തില്‍ നേടിയത്.

അതേസമയം ന്യൂയോര്‍ക്ക് ന്യൂ ജേഴ്സി സ്റ്റേഡിയത്തില്‍ നടന്ന ലോകകപ്പ് കലാശ പോരാട്ടത്തില്‍ എതിരില്ലാത്ത ഒരു ഗോളിനായിരുന്നു സ്പാനിഷ് പട അര്‍ജന്റീനയെ കീഴടക്കിയത്. ചരിത്രത്തിലെ തങ്ങളുടെ രണ്ടാം ലോകകപ്പായിരുന്നു സ്പെയ്ന്‍ സ്വന്തമാക്കിയത്. 2010ലായിരുന്നു സ്‌പെയ്‌നിന്റെ ആദ്യ കിരീട നേട്ടം.

സ്‌പെയ്ൻ ഫുട്ബോൾ ടീം

മത്സരത്തിന്റെ എക്സ്ട്രാ ടൈമിലായിരുന്നു സ്പെയ്നിന്റെഗോള്‍ പിറന്നത്. ഫെറാന്‍ ടോറസിന്റെ തകര്‍പ്പന്‍ ഗോളിലൂടെയായിരുന്നു സ്പാനിഷ് പട കിരീടം കൈപ്പിടിലാക്കിയത്. അര്‍ജന്റീനയുടെ പോസ്റ്റില്‍ നിന്നും നിക്കോ വില്യംസ് നല്‍കിയ ഒരു തകര്‍പ്പന്‍ ഹെഡര്‍ പാസില്‍ നിന്നും ടോറസ് ലക്ഷ്യം കാണുകയായിരുന്നു.

Content Highlight: Report says Lionel Messi will play 2028 Copa America for Argentina

സുദേവ് എ

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. നിലവില്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി.

Latest Stories

We use cookies to give you the best possible experience. Learn more