| Friday, 7th August 2026, 9:32 am

മെസിയുടെ വഴിയേ ചരിത്രമെഴുതാന്‍ മകനും; ബാഴ്‌സ ഭരിക്കാനൊരുങ്ങി ലിറ്റില്‍ മെസി

സുദേവ് എ

ഇതിഹാസ താരം ലയണല്‍ മെസിയുടെ പാത പിന്തുടര്‍ന്ന് മകന്‍ തിയാഗോ മെസി. മെസിയെ ഇതിഹാസമാക്കിയ ബാഴ്‌സലോണയുടെ യൂത്ത് അക്കാദമിയിലേക്ക് തിയാഗോ ചേക്കേറിയേക്കുമെന്നാണ് റിപ്പോര്‍ട്ട്. ഇന്റര്‍ മയാമി അക്കാദമി വിട്ടാണ് തിയാഗോ സ്പാനിഷ് ക്ലബ്ബിലേക്ക് കളി പഠിക്കാനെത്തുന്നത്.

ബാഴ്‌സലോണയുടെ ലാ മാസിയ അക്കാദമിയിലേക്കാണ് 14കാരനായ തിയാഗോ കളിക്കാനെത്തുന്നത്. നവംബറില്‍ തിയാഗോ ബാഴ്‌സയിലെത്തുമെന്നാണ് സ്‌പോര്‍ട്ട് റിപ്പോര്‍ട്ട് ചെയ്യുന്നത്. സ്പാനിഷ് മണ്ണില്‍ വീണ്ടും മെസിയെന്ന പേര് മുഴങ്ങി കേള്‍ക്കാന്‍ പോവുന്നതിന്റെ ആവേശത്തിലാണ് ആരാധകര്‍. മെസിയെ ഇതിഹാസമാക്കിയ മണ്ണില്‍ മകനായ തിയാഗോ മെസിക്കും തന്റെ കാലൊച്ച സൃഷ്ടിക്കാനാവുമോയെന്നാണ് ഫുട്‌ബോള്‍ ലോകം ഉറ്റുനോക്കുന്നത്.

ബാഴ്സലോണയില്‍ കളിച്ചാണ് മെസി ലോക ഫുട്‌ബോളില്‍ തന്റേതായ സ്ഥാനം അടയാളപ്പെടുത്തിയത്. 2004 ഒക്ടോബര്‍ 16ന് എസ്പാനിയോളിനെതിരായ മത്സരത്തിലാണ് മെസി ബാഴ്‌സയ്ക്കായി തന്റെ അരങ്ങേറ്റം കുറിച്ചത്. ബാഴ്‌സയുടെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ഗോളുകളും അസിസ്റ്റുകളും നേടിയ താരവും മെസി തന്നെയാണ്.

672 ഗോളുകളും 303 അസിസ്റ്റുകളുമാണ് മെസി സ്പാനിഷ് ടീമിന് വേണ്ടി സ്വന്തമാക്കിയത്. ബാഴ്‌സക്കൊപ്പം ഒരുപിടി കിരീട നേട്ടങ്ങളിലും പങ്കാളിയാവാന്‍ മെസിക്ക് സാധിച്ചു. 10 ലാലിഗ കിരീടങ്ങള്‍, രണ്ട് കോപ്പ കിരീടങ്ങള്‍, ഏഴ് കോപ്പ ഡെല്‍ റേ, നാല് ചാമ്പ്യന്‍സ് ലീഗ് എന്നീ കിരീടങ്ങളാണ് താരം ബാഴ്‌സയ്‌ക്കൊപ്പം നേടിയത്.

2021ലാണ് മെസി 21 വര്‍ഷത്തെ തന്റെ ബാഴ്‌സയിലെ അവിസ്മരണീയമായ കരിയറിന് വിരാമമിട്ടത്. മെസിയുടെ കരാര്‍ അവസാനിക്കുമ്പോള്‍ ബാഴ്സയിലെ കടുത്ത സാമ്പത്തിക പ്രതിസന്ധികാരണം മെസിയുമായി പുതിയ കരാറില്‍ ഏര്‍പ്പെടാന്‍ ബാഴ്‌സയ്ക്ക് കഴിഞ്ഞില്ല.

ബാഴ്‌സയില്‍ നിന്നും ഫ്രഞ്ച് വമ്പന്‍മാരായ പാരീസ് സെയ്ന്റ് ജെര്‍മെയ്നിക്കാണ് മെസി ചേക്കേറിയത്. പി.എസ്.ജിയില്‍ നിന്നും 2023ല്‍ മേജര്‍ ലീഗ് സോക്കര്‍ ടീമായ ഇന്റര്‍ മയാമിയിലേക്കും താരം കൂടുമാറി.

മെസിയുടെ വരവിന് പിന്നാലെ എം.എല്‍.എസിന് ലോക ഫുട്‌ബോളില്‍ കൃത്യമായ ഒരു മേല്‍വിലാസം സൃഷ്ടിച്ചെടുക്കാന്‍ സാധിച്ചിരുന്നു. മെസിക്ക് പിന്നാലെ പല പ്രമുഖ താരങ്ങളും യൂറോപ്യന്‍ അധ്യായങ്ങള്‍ക്ക് വിരാമമിട്ട് എം.എല്‍.എസിലേക്ക് ചേക്കേറിയിരുന്നു.

Content Highlight: Report says Lionel Messi son Thiago Messi to join Barcelona’s youth academy

സുദേവ് എ

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. നിലവില്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി.

We use cookies to give you the best possible experience. Learn more