| Tuesday, 1st September 2026, 11:30 am

ഇന്ത്യന്‍ വന്മതിലിനെ റാഞ്ചാന്‍ ബ്ലാസ്റ്റേഴ്സ്; പടയൊരുക്കം തുടങ്ങി കൊമ്പന്മാര്‍

സുദേവ് എ

ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ പുതിയ സീസണിനായുള്ള തയ്യാറെടുപ്പിലാണ് കേരള ബ്ലാസ്റ്റേഴ്സ്. ഐ.എസ്.എല്ലിന്റെ പുതിയ സീസണ്‍ ഒക്ടോബര്‍ 10ന് ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. പുതിയ താരങ്ങളെ ടീമിലെത്തിക്കാനുള്ള നീക്കത്തിലാണ് നിലവില്‍ ബ്ലാസ്റ്റേഴ്സ്.

നിലവില്‍ ടീമുമായി വെറും പതിമൂന്ന് താരങ്ങള്‍ക്ക് മാത്രമാണ് കരാര്‍ ഉള്ളത്. ബാക്കിയുണ്ടായിരുന്ന താരങ്ങളെല്ലാം ക്ലബ്ബ് വിട്ട് പോയിട്ടുണ്ട്.

ഇപ്പോള്‍ ബ്ലാസ്റ്റേഴ്‌സിന്റെ സൈനിങ്ങിനെ സംബന്ധിച്ചുള്ള ഒരു വലിയ അപ്ഡേറ്റാണ് പുറത്തുവന്നിരിക്കുന്നത്. ഇന്ത്യന്‍ ഗോള്‍ കീപ്പര്‍ അമരീന്ദര്‍ സിങ്ങിനെ ടീമിലെത്തിക്കാന്‍ ബ്ലാസ്റ്റേഴ്സ് നീക്കം തുടങ്ങിയെന്നാണ് റിപ്പോര്‍ട്ട്. അമരീന്ദര്‍ സിങ്ങുമായി ബ്ലാസ്റ്റേഴ്സ് ചര്‍ച്ചകള്‍ അവസാനഘട്ടത്തിലാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ പല വമ്പന്‍ ക്ലബ്ബുകളുടെയും ഗോള്‍വല കാത്ത അനുഭവസമ്പത്തുള്ള താരമാണ് അമരീന്ദര്‍ സിങ്. അത്ലറ്റിക്കോ ഡി കൊല്‍ക്കത്ത, ബെംഗളൂരു എഫ്.സി, ഒഡീഷ എഫ്.സി, മോഹന്‍ ബഗാന്‍ സൂപ്പര്‍ ജയന്റ്‌സ്, മുംബൈ സിറ്റി എഫ്.സി, പൂനെ എഫ്.സി തുടങ്ങിയ ക്ലബ്ബുകള്‍ക്ക് വേണ്ടിയാണ് താരം കളത്തിലിറങ്ങിയിട്ടുള്ളത്. താരത്തിന്റെ വരവ് ബ്ലാസ്റ്റേഴ്‌സിന് കരുത്തുപകരുമെന്നുറപ്പാണ്.

ഇന്ത്യന്‍ ഗോള്‍ കീപ്പര്‍ക്ക് പുറമെ മലയാളി താരം മുഹമ്മദ് സനാനെയും ബ്ലാസ്റ്റേഴ്സ് ടീമിലെത്തിക്കാനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. 2023 മുതല്‍ ജംഷഡ്പൂര്‍ എഫ്.സിയുടെ താരമാണ് സനാന്‍. സാമ്പത്തിക ബാധ്യതകള്‍ കാരണം ജംഷഡ്പൂര്‍ എഫ്.സി ഇന്ത്യന്‍ ഫുട്‌ബോളിനോട് വിടപറഞ്ഞിരുന്നു. ഈ സാഹചര്യത്തിലാണ് സനാന്‍ പുതിയൊരു ക്ലബ്ബിലേക്ക് മാറാനൊരുങ്ങുന്നത്. മലയാളി യുവതാരം എബിന്‍ദാസ് യേശുദാസും ബ്ലാസ്റ്റേഴ്‌സില്‍ തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

അഡ്രിയാന്‍ ലൂണ, കരിം ബെനാരിഫ്, മാറ്റിയസ് ഫെര്‍ണാണ്ടസ്, ഫാലോ എന്‍ഡിഡായ് എന്നീ വിദേശ താരങ്ങള്‍ ടീമിനൊപ്പം തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്. വിക്ടര്‍ ബെര്‍ട്ടാമ്യു, ഫ്രാഞ്ചു, കെവിന്‍ യോക്ക് എന്നീ വിദേശ താരങ്ങള്‍ ഇതിനോടകം തന്നെ ടീം വിട്ടു പോയിട്ടുണ്ട്.

സെപ്റ്റംബര്‍ 15 വരെയാണ് ഇന്ത്യന്‍ ഫുട്‌ബോളിലെ ട്രാന്‍സ്ഫര്‍ മാര്‍ക്കറ്റ് നിലവിലുള്ളത്. ഇതിനുള്ളില്‍ ബ്ലാസ്റ്റേഴ്‌സ് ട്രാന്‍സ്ഫര്‍ വിപണിയില്‍ വലിയ ചലനമുണ്ടാക്കി വമ്പന്‍ താരങ്ങളെ ടീമിലെത്തിക്കുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.

ആഷ്‌ലി വെസ്റ്റ് വുഡിന്റെ കീഴിലായിരിക്കും ഇത്തവണയും ബ്ലാസ്റ്റേഴ്‌സ് കളത്തിലിറങ്ങുക. കഴിഞ്ഞ സീസണിന്റെ പകുതിയിലാണ് വെസ്റ്റ് വുഡ് കേരളത്തിന്റെ പരിശീലകനായി ചുമതലയേറ്റത്. ഡേവിഡ് കറ്റാലയുടെ പകരക്കാരനായാണ് വെസ്റ്റ് വുഡ് ബ്ലാസ്റ്റേഴ്‌സിന്റെ പരിശീലക കുപ്പായമണിഞ്ഞത്.

Content Highlight: Report says Kerala Blasters want sign Indian goalkeeper Amarinder Singh

സുദേവ് എ

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. നിലവില്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി.

We use cookies to give you the best possible experience. Learn more