| Monday, 27th July 2026, 8:34 am

മഞ്ഞപ്പട മഞ്ചേരിയിലേക്ക്? തട്ടകം മാറ്റാനൊരുങ്ങി കേരള ബ്ലാസ്റ്റേഴ്സ്

സുദേവ് എ

ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ വരാനിരിക്കുന്ന സീസണില്‍ കേരള ബ്ലാസ്റ്റേഴ്സ് പുതിയ തട്ടകത്തിലേക്ക് മാറാനൊരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ട്. നിലവിലെ ടീമിന്റെ ഹോം ഗ്രൗണ്ടായ കൊച്ചി ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയം വിടാന്‍ ബ്ലാസ്റ്റേഴ്സ് തയ്യാറെടുക്കുന്നുവെന്നാണ് പുറത്തു വരുന്ന വാര്‍ത്തകള്‍.

മലപ്പുറം മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിലേക്കായിരിക്കും ബ്ലാസ്റ്റേഴ്സ് തങ്ങളുടെ തട്ടകം മാറ്റുക. ഐ.എസ്.എല്‍ തുടങ്ങിയ 2014 മുതല്‍ കൊച്ചിയാണ് മഞ്ഞപ്പടയുടെ ഹോം ഗ്രൗണ്ട് നീണ്ട 12 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ബ്ലാസ്റ്റേഴ്സ് കൊച്ചി വിടാനൊരുങ്ങുന്നത്.

ക്ലബ്ബ് ഹോം ഗ്രൗണ്ട് മാറ്റാനുള്ള ഈ തീരുമാനത്തിന് പിന്നില്‍ പല കാരണങ്ങളാണ് നിലനില്‍ക്കുന്നത്. കൊച്ചി സ്റ്റേഡിയത്തിന്റെ ഉടമകളായ ജി.സി.ഡി.എയും ബ്ലാസ്റ്റേഴ്സ് മാനേജ്‌മെന്റും തമ്മില്‍ സമീപ കാലങ്ങളില്‍ വലിയ തര്‍ക്കങ്ങളാണ് നിലനില്‍ക്കുന്നത്. ഗ്രൗണ്ടിന്റെ വാടക തുകയുമായി ബന്ധപ്പെട്ട് കഴിഞ്ഞ സീസണില്‍ ജി.സി.ഡി.എയുമായി മാനേജ്‌മെന്റിന് വലിയ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു.

കഴിഞ്ഞ സീസണിലെ ടീമിന്റെ ആദ്യ ഹോം മത്സരത്തിന് മുന്നോടിയായി പ്രീ മാച്ച് പ്രെസ് കോണ്‍ഫറന്‍സ് നടത്താന്‍ ജി.സി.ഡി.എ അനുമതി നിഷേധിച്ചത് വലിയ വാര്‍ത്തയായിരുന്നു. ഈ പ്രശ്‌നങ്ങളും പുതിയ ഹോം ഗ്രൗണ്ട് തേടാന്‍ ബ്ലാസ്റ്റേഴ്സിനെ നിര്‍ബന്ധിതരാക്കിയിരിക്കുകയാണ്.

സാമ്പത്തിക പ്രതിസന്ധിയാണ് ബ്ലാസ്റ്റേഴ്‌സിന്റെ മുന്നിലുള്ള മറ്റൊരു വെല്ലുവിളി. സ്റ്റേഡിയത്തിന് നല്‍കേണ്ട വാടക തുക കലൂര്‍ സ്റ്റേഡിയത്തെ അപേക്ഷിച്ച് നോക്കുമ്പോള്‍ പയ്യനാട് സ്റ്റേഡിയത്തില്‍ കുറവാണ്. 30,000 കാണികളെ ഉള്‍കൊള്ളാന്‍ ശേഷിയുള്ള സ്റ്റേഡിയമാണ് പയ്യനാടിലേത്.

ബ്ലാസ്റ്റേഴ്സ് കൊച്ചി വിട്ട് മലബാറിലേക്ക് എത്തുകയാണെങ്കില്‍ സ്റ്റേഡിയം നിറഞ്ഞു കവിയുമെന്നുറപ്പാണ്. നിലവിലെ സാമ്പത്തിക ബാധ്യത കുറച്ചുകൊണ്ട് ഫുട്‌ബോള്‍ ആവേശം വലിയ രീതിയില്‍ അലയടിക്കുന്ന മലബാറിലേക്ക് മാറാനുള്ള ഈ നീക്കം ബ്ലാസ്റ്റേഴ്സ് നടത്തുമോയെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.

മഞ്ചേരി പയ്യനാട് സ്റ്റേഡിയം

മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തില്‍ ഇതിന് മുമ്പ് സൂപ്പര്‍ കപ്പ് പോലുള്ള ടൂര്‍ണമെന്റ് നടന്നിട്ടുണ്ട്. സൂപ്പര്‍ കപ്പിന് പുറമെ ഐ-ലീഗില്‍ ഗോകുലം കേരള എഫ്.സിയുടെ പല മത്സരങ്ങളും ഇവിടെ അരങ്ങേറിയിട്ടുണ്ട്.

സൂപ്പര്‍ ലീഗ് കേരളയില്‍ മലപ്പുറം എഫ്.സിയുടെ തട്ടകം കൂടിയാണ് പയ്യനാട് സ്റ്റേഡിയം. മഞ്ചേരിയില്‍ മത്സരങ്ങള്‍ നടക്കുമ്പോഴെല്ലാം വലിയ ആരാധകവൃന്ദം ഗാലറിയില്‍ നിറഞ്ഞുകവിയുമെന്നുറപ്പാണ്. അതുകൊണ്ട് തന്നെ ബ്ലാസ്റ്റേഴ്സ് മലബാറിന്റെ മണ്ണിലെത്തുമോയെന്ന് കണ്ടുതന്നെ അറിയണം.

Content Highlight: Report says Kerala blasters will change their Home Ground to Malappuram Manjeri Payyanad Stadium

സുദേവ് എ

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. നിലവില്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി.

We use cookies to give you the best possible experience. Learn more