ടെല്‍ അവീവ്: ഇസ്രഈലിനെതിരെ ശക്തമായി തിരിച്ചടിച്ച് ഇറാന്‍. രാജ്യത്തെ പ്രധാന നഗരങ്ങളായ ടെല്‍ അവീവ്, അധിനിവേശ ജെറുസലേം, അല്‍-കുദ്സ്, ടിബീരിയാസ്, ഹൈഫ, ബീര്‍ഷെബ തുടങ്ങിയ സ്ഥലങ്ങളില്‍ ഇറാന്റെ മിസൈല്‍ ആക്രമണം നടന്നതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ജെറുസലേമില്‍ ഉഗ്രസ്‌ഫോടനം നടന്നതായാണ് വിവരം.
ഇറാന്റെ ആക്രമണത്തില്‍ ഇസ്രഈലില്‍ ഒരാള്‍ കൊല്ലപ്പെട്ടു. 50ലധികം ആളുകള്‍ക്ക് പരിക്കേറ്റതായും വിവരമുണ്ട്. ഇസ്രഈല്‍ പ്രതിരോധമന്ത്രി ഇസ്രായേല്‍ കാറ്റ്‌സ് ഇറാന്റെ ആക്രമണം സ്ഥിരീകരിക്കുകയും ചെയ്തു. ഇറാന്‍ അതിന്റെ ചുവപ്പ് രേഖ ലംഘിച്ചതായും കനത്ത തിരിച്ചടി നേരിടേണ്ടി വരുമെന്നുമാണ് കാറ്റ്‌സ് പ്രതികരിച്ചത്. സിവിലിയന്മാരെ ലക്ഷ്യമിട്ടാണ് ഇറാന്റെ ആക്രമണമെന്നും കാറ്റ്‌സ് ആരോപിച്ചു.
ടെല്‍ അവീവ് കേന്ദ്രീകരിച്ചാണ് ഇറാന്‍ ആക്രമണം നടത്തുന്നത്. നഗരത്തിലെ ഏറ്റവും പ്രധാനപ്പെട്ട കേന്ദ്രങ്ങളില്‍ ഉള്‍പ്പെടെ ഇറാന്‍ ആക്രമണം നടത്തിയതായി ഫോക്‌സ് ന്യൂസ് സ്ഥിരീകരിച്ചു.
ഇറാന്‍ ബാലിസ്റ്റിക് മിസൈലുകള്‍ ഉപയോഗിച്ച് ടെല്‍ അവീവിലെ പ്രധാനപ്പെട്ട പ്രതിരോധ കേന്ദ്രത്തിന് നേരെ ആക്രമണം നടത്തിയിട്ടുണ്ടെന്നും ആക്രമണത്തില്‍ ഒരു സ്ത്രീ കൊല്ലപ്പെടുകയും 32 ഓളം പേര്‍ക്ക് പരിക്കേറ്റെന്നുമാണ് ഫോക്‌സ് ന്യൂസ് സ്ഥിരീകരിച്ചത്. ആക്രമിക്കപ്പെട്ട ഇസ്രഈൽ കേന്ദ്രം യു.എസിലെ പെന്റഗണിന് തുല്യമെന്നും റിപ്പോർട്ടിൽ പറയുന്നു.
ഈ വിവരങ്ങള്‍ അടങ്ങുന്ന തത്സമയ റിപ്പോര്‍ട്ടിങ്ങിന്റെ ഒരു ചെറിയ ഭാഗം സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. വീഡിയോയില്‍, റിപ്പോര്‍ട്ടിങ്ങിനിടെ മാധ്യമപ്രവര്‍ത്തകനോട് ‘ഗോ ബാക്ക്, ഗോ ബാക്ക്’ എന്ന് ഇസ്രഈല്‍ സൈനികര്‍ ആക്രോശിക്കുന്നതായും കാണാം.
ഇതിനിടെ ഇസ്രഈലിന്റെ യുദ്ധവിമാനങ്ങള്‍ വെടിവെച്ചിട്ടതായി ഇറാന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ ഇസ്രഈല്‍ ഇത് നിഷേധിച്ചു. യുദ്ധവിമാനങ്ങള്‍ക്ക് നേരെയുള്ള ആക്രമണത്തെ പ്രതിരോധിച്ചുവെന്നാണ് ഇസ്രഈലിന്റെ അവകാശവാദം.
ഇറാനിയന്‍ മിസൈലുകളിലൊന്ന് ടെല്‍ അവീവിലെ ഒരു ആണവ ഗവേഷണ കേന്ദ്രത്തില്‍ പതിച്ചതായി സെന്റര്‍ ഫോര്‍ സ്ട്രാറ്റജിക് സ്റ്റഡീസ് ആന്‍ഡ് ഇന്റര്‍നാഷണല്‍ റിലേഷന്‍സിന്റെ ഡയറക്ടര്‍ അമീര്‍ അല്‍ മൗസാവി പറഞ്ഞു.
ഇറാന്റെ ആക്രമണത്തില്‍ ടെല്‍ അവീവില്‍ കനത്ത നാശനഷ്ടമാണ് ഉണ്ടായിരിക്കുന്നതെന്നും കുറഞ്ഞത് 50 മിസൈലുകളെങ്കിലും നഗരത്തിലെ കെട്ടിടങ്ങളില്‍ പതിച്ചിട്ടുണ്ടെന്നും പ്രസ് ടി.വി റിപ്പോര്‍ട്ട് ചെയ്തു. നാശനഷ്ടങ്ങളുടെ കണക്കുകള്‍ പുറത്തറിയാതിരിക്കാന്‍ ഇസ്രഈലിന്റെ ഹോം ഫ്രണ്ട് കമാന്‍ഡ് ഏതാനും വിഷയങ്ങളില്‍ മാധ്യമങ്ങള്‍ക്ക് ബ്ലാക്ക്ഔട്ട് ഏര്‍പ്പെടുത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്.
ഇസ്രഈല്‍ നേരിടാനിരിക്കുന്നത് കനത്ത തിരിച്ചടിയെന്ന് ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല ഖമേനി വീണ്ടും ആവര്‍ത്തിച്ചു. ഇസ്രഈലിനെ മുട്ടുകുത്തിക്കുമെന്നും ഖമേനി പറഞ്ഞു. അതേസമയം ഇസ്രഈല്‍ ആക്രമണത്തില്‍ 70 പേര്‍ മരിച്ചതായും 300ലധികം ആളുകള്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുകളുണ്ട്. നതാന്‍സ് ആണവ കേന്ദ്രത്തിന്റെ ഒരു ഭാഗം തകര്‍ന്നതായും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
Content Highlight: Report says iran atttacked defense center in Israel equivalent to the US Pentagon