| Monday, 3rd August 2026, 8:10 am

യൂറോപ്പ് അടക്കി ഭരിച്ചവൻ മയാമിയിലേക്ക്; മെസിക്കൊപ്പം ചേരാനൊരുങ്ങി ഇതിഹാസം?

സുദേവ് എ

ബെല്‍ജിയത്തിന്റെ ഇതിഹാസ മിഡ്ഫീല്‍ഡര്‍ കെവിന്‍ ഡി ബ്രൂയ്‌നെ സ്വന്തമാക്കാന്‍ മേജര്‍ ലീഗ് സോക്കര്‍ ക്ലബ്ബായ ഇന്റര്‍ മയാമി ശ്രമിക്കുന്നുവെന്ന് റിപ്പോര്‍ട്ട്. നിലവില്‍ ഇറ്റാലിയന്‍ ക്ലബ്ബ് നാപോളിയുടെ താരമായ ഡി ബ്രൂയ്ന്‍ എം.എല്‍.എസിലേക്ക് ചേക്കേറാന്‍ താല്പര്യപ്പെടുന്നുവെന്നാണ് മുണ്ടോ ഡിപ്പോര്‍ട്ടീവോ റിപ്പോര്‍ട്ട് ചെയ്യുന്നത്.

നാപോളിയില്‍ ഡി ബ്രൂയ്ന്‍ സന്തുഷ്ടനല്ലെന്നാണ് റിപ്പോര്‍ട്ട്. പരിശീലകനെ മാറ്റിയിട്ടും മാഞ്ചസ്റ്റര്‍ സിറ്റിയുടെ ഇതിഹാസം ടീം വിടാന്‍ ആഗ്രഹിക്കുവെന്നുമാണ് റിപ്പോര്‍ട്ടുകള്‍.

അന്റോണിയോ കോണ്ടെയുടെ കീഴിലും പുതിയ പരിശീലകന്‍ മാക്‌സ് അല്ലെഗ്രിയുടെ കീഴിലും താരം താരം സന്തുഷ്ടനായിരുന്നില്ല. ഇന്റര്‍ മയാമിക്ക് പുറമേ ന്യൂയോര്‍ക്ക് സിറ്റി എഫ്.സിയും ഡി.സി യുണൈറ്റഡും ബെല്‍ജിയം താരത്തെ സ്വന്തമാക്കാന്‍ രംഗത്ത് ഉണ്ട്.

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ സിറ്റിയുടെ മധ്യനിര അടക്കി ഭരിച്ചിരുന്ന ഡി ബ്രൂയ്‌നെ പോലെ മികച്ച പരിചയസമ്പത്തുള്ള താരം മയാമിയിലേക്ക് കൂടു മാറുമ്പോള്‍ ടീം ഇനിയും കൂടുതല്‍ കരുത്തുറ്റതായി മാറുമെന്നുറപ്പാണ്. മാത്രമല്ല അര്‍ജന്റീന ഇതിഹാസം ലയണല്‍ മെസിക്കൊപ്പം ബെല്‍ജിയന്‍ താരം കളിക്കളത്തില്‍ ഒരുമിച്ച് പന്തുതട്ടുന്നത് കാണാനും ആരാധകര്‍ക്ക് സാധിക്കും.

ഇതിനോടകം തന്നെ ഒരുപിടി മികച്ച താരങ്ങളാല്‍ സമ്പന്നമായ നിര തന്നെ ഇന്റര്‍ മയാമിക്കുണ്ട്. ബ്രസീലിയന്‍ സൂപ്പര്‍താരം കാസെമിറോയെയും മയാമി അടുത്തിടെ ടീമിലെത്തിച്ചിരുന്നു.

മാഞ്ചസ്റ്റര്‍ യുണൈഡിനൊപ്പമുള്ള കരാര്‍ ഈ സീസണില്‍ അവസാനിച്ചതിന് പിന്നാലെയാണ് കാസെമിറോ എം.എല്‍.എസിലേക്ക് ചേക്കേറിയത്. 2027 അവസാനം വരെയാണ് മയാമിക്കൊപ്പം കാസെമിറോ കരാറില്‍ ഒപ്പുവെച്ചിരിക്കുന്നത്. 2029 വരെ കരാര്‍ നീട്ടാനുള്ള അവസരവും താരത്തിന്റെ മുന്നിലുണ്ട്.

ഇതിഹാസ താരം മെസി 2023ലാണ് ഇന്റര്‍ മയാമിയുടെ ഭാഗമാവുന്നത്. പാരീസ് സെയ്ന്റ് ജെര്‍മെയ്നില്‍ നിന്നുമാണ് അര്‍ജന്റൈന്‍ നായകന്‍ ഇന്റര്‍ മയാമിയിലെത്തിയത്.

മെസിയുടെ വരവിന് പിന്നാലെ എം.എല്‍.എസിന് ലോക ഫുട്‌ബോളില്‍ കൃത്യമായ ഒരു മേല്‍വിലാസം സൃഷ്ടിച്ചെടുക്കാന്‍ സാധിച്ചിരുന്നു. മെസിക്ക് പിന്നാലെ പല പ്രമുഖ താരങ്ങളും യൂറോപ്യന്‍ അധ്യായങ്ങള്‍ക്ക് വിരാമമിട്ട് എം.എല്‍.എസിലേക്ക് ചേക്കേറിയിരുന്നു.

അതേസമയം നിലവില്‍ എം.എല്‍.എസില്‍ മികച്ച കുതിപ്പാണ് മയാമി നടത്തുന്നത്. നിലവില്‍ ഈസ്റ്റേണ്‍ കോണ്‍ഫററന്‍സില്‍ രണ്ടാം സ്ഥാനത്താണ് ഇന്റര്‍ മയാമി. 18 മത്സരങ്ങളില്‍ നിന്നും 11 വിജയവും അഞ്ച് സമനിലയും രണ്ട് തോല്‍വിയും അടക്കം 38 പോയിന്റാണ് മയാമിക്കുള്ളത്. ലീഗ്‌സ് കപ്പിലാണ് മയാമി തങ്ങളുടെ അടുത്ത പോരാട്ടത്തിനിറങ്ങുന്നത്. ഓഗസ്റ്റ് ആറിന് നടക്കുന്ന മത്സരത്തില്‍ സാന്‍ ലൂയിസാണ് മയാമിയുടെ എതിരാളികള്‍.

Content Highlight: Report says Inter Miami trying to sign Kevin De Bruyne

സുദേവ് എ

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. നിലവില്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി.

Latest Stories

We use cookies to give you the best possible experience. Learn more