| Friday, 29th August 2025, 5:09 pm

ഏഷ്യാ കപ്പില്‍ ഇന്ത്യക്ക് തിരിച്ചടി; ജേഴ്‌സി സ്‌പോണ്‍സര്‍മാരില്ലാതെ കളത്തിലിറങ്ങിയേക്കും, റിപ്പോര്‍ട്ട്

സ്പോര്‍ട്സ് ഡെസ്‌ക്

വരാനിരിക്കുന്ന ഏഷ്യാ കപ്പില്‍ ടീം ഇന്ത്യ ജേഴ്‌സി സ്‌പോണ്‍സര്‍മാര്‍ ഇല്ലാതെയാണ് കളത്തിലിറങ്ങാന്‍ സാധ്യതയെന്ന് ഇന്ത്യ ടുഡേ റിപ്പോര്‍ട്ട്. 2027ല്‍ വരാനിരിക്കുന്ന ഏകദിന ലോകകപ്പ് വരെയുള്ള ദീര്‍ഘകാല സ്‌പോണ്‍സര്‍മാരുടെ കരാറിനാണ് ബി.സി.സി.ഐ നിലവില്‍ ശ്രമിക്കുന്നത്.

നേരത്തെ ഇന്ത്യയുടെ ജേഴ്‌സി സ്‌പോണ്‍സര്‍ ഓണ്‍ലൈന്‍ ബെറ്റിങ് ബ്രാന്‍ഡായ ഡ്രീം ഇലവന്‍ ആയിരുന്നു. എന്നാല്‍ സര്‍ക്കാര്‍ ഓണ്‍ലൈന്‍ ഗെയിം പ്രമോഷന്‍ ആന്‍ഡ് റെഗുലേഷന്‍ ആക്ട് പാസാക്കിയതിനുശേഷം കാര്യങ്ങളെല്ലാം മാറിമറിഞ്ഞു. ഇതോടെ ഡ്രീം ഇലവന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡുമായുള്ള പങ്കാളിത്തം അവസാനിപ്പിക്കുകയായിരുന്നു. ഇതോടെ ബി.സി.സി.ഐ ഇടക്കാല പ്രസിഡന്റ് രാജീവ് ശുക്ല ഓഗസ്റ്റ് 28ന് അടിയന്തര യോഗം ചേര്‍ന്നിരുന്നു.

യോഗത്തില്‍ പുതിയൊരു സ്‌പോണ്‍സറെ നിയമിക്കാനുള്ള സാധ്യത ഉദ്യോഗസ്ഥര്‍ പരിശോധിച്ചിരുന്നെന്നും എന്നാല്‍ സെപ്റ്റംബര്‍ 9ന് ടൂര്‍ണമെന്റ് ആരംഭിക്കുന്നതിനാല്‍ സമയപരിധിക്കുള്ളില്‍ സ്‌പോണ്‍സര്‍മാരെ കിട്ടാന്‍ സാധ്യത കുറവാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. നേരത്തെ ഡ്രീം ഇലവനുമായുള്ള സ്‌പോണ്‍സര്‍ഷിപ്പ് അവസാനിപ്പിച്ചതായി ബി.സി.സി.ഐ സെക്രട്ടറി ദേവ്ജിത് സൈകിയ പറഞ്ഞിരുന്നു.

‘നിലവിലെ സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ കാരണം ബി.സി.സി.ഐക്ക് ഡ്രീം ഇലവന്‍ കമ്പനിയുമായുള്ള സ്‌പോണ്‍സര്‍ഷിപ്പ് ബന്ധം നിലനിര്‍ത്താന്‍ കഴിയില്ല. പുതിയ നിയമങ്ങള്‍ അത്തരം പങ്കാളികള്‍ക്ക് ഇടം നല്‍കുന്നില്ല,’ദേവജിത് സൈകിയ പി.ടി.ഐയോട് പറഞ്ഞു.

നേരത്തെ ദേശീയ ടീമുമായും ഇന്ത്യന്‍ പ്രീമിയര്‍ ലീഗുമായും ബന്ധപ്പെട്ട സ്‌പോണ്‍സര്‍ഷിപ്പുകള്‍ വഴി ഡ്രീം ഇലവനും മൈലവന്‍ സര്‍ക്കിളും സംയുക്തമായി ഏകദേശം 1000 കോടി രൂപ സംഭാവന ചെയ്തിരുന്നു. 358 കോടി രൂപയുടെ സ്‌പോണ്‍സര്‍ഷിപ്പ് കരാറിലും ഡ്രീം ഇലവന്‍ ഏര്‍പ്പെട്ടിരുന്നു.

എന്നാല്‍ ഓണ്‍ലൈന്‍ മണി ഗെയിമിംഗ് സേവനങ്ങള്‍ വാഗ്ദാനം ചെയ്യുകയോ സഹായിക്കുകയോ പ്രോത്സാഹിപ്പിക്കുകയോ ചെയ്യരുത് എന്നും ഓണ്‍ലൈന്‍ മണി ഗെയിം കളിക്കാന്‍ നേരിട്ടോ അല്ലാതെയോ ആരെയും പ്രോത്സാഹിപ്പിക്കരുത് എന്നും അതുമായി ബന്ധപ്പെട്ട പരസ്യത്തില്‍ പങ്കെടുക്കരുതെന്നും പാര്‍ലമെന്റ് ബില്‍ പാസാക്കിയിരുന്നു. ഇത് എല്ലാം പ്രധാന ഫാന്റസി സ്‌പോര്‍ട്‌സ് കമ്പനികളുടെയും വരുമാന സ്രോതസ്സുകളെ സാരമായി ബാധിച്ചു.

2025ലെ ഏഷ്യാ കപ്പിനുള്ള കാത്തിരിപ്പിലാണ് ക്രിക്കറ്റ് പ്രേമികള്‍. സെപ്റ്റംബര്‍ ഒമ്പതിന് ആരംഭിക്കുന്ന ടൂര്‍ണമെന്റിനുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യന്‍ ടീമും. ഇതോടെ 15 അംഗ സ്‌ക്വാഡിനെ ഇന്ത്യ നേരത്തെ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

2025 ഏഷ്യാകപ്പിനുള്ള ഇന്ത്യന്‍ സ്‌ക്വാഡ്

സൂര്യ കുമാര്‍ യാദവ് (ക്യാപ്റ്റന്‍), ശുഭ്മന്‍ ഗില്‍ (വൈസ് ക്യാപ്റ്റന്‍), അഭിഷേക് ശര്‍മ, തിലക് വര്‍മ, ഹാര്‍ദിക് പാണ്ഡ്യ, ശിവം ദുബെ, അക്‌സര്‍ പട്ടേല്‍, ജിതേഷ് ശര്‍മ (വിക്കറ്റ് കീപ്പര്‍), ജസ്പ്രീത് ബുംറ, അര്‍ഷ്ദീപ് സിങ്, വരുണ്‍ ചക്രവര്‍ത്തി, കുല്‍ദീപ് യാദവ്, സഞ്ജു സാംസണ്‍, ഹര്‍ഷിത് റാണ, റിങ്കു സിങ്

Content Highlight: Report Says Indian Team Have No Jersey Sponsors Ahead Of Asia Cup

We use cookies to give you the best possible experience. Learn more