| Tuesday, 3rd November 2026, 4:59 pm

മുംബൈ ക്യാപ്റ്റൻ പഞ്ചാബിലേക്ക്, പകരക്കാർ മലയാളിയും ഇന്ത്യൻ താരവും; വമ്പൻ ഡീൽ ഒരുങ്ങുന്നു

സ്പോര്‍ട്സ് ഡെസ്‌ക്

2027 ഐ.പി.എല്ലിന് മുന്നോടിയായി മുംബൈ ഇന്ത്യൻസും പഞ്ചാബ് കിങ്‌സും തമ്മിൽ ഒരു വമ്പൻ താര കൈമാറ്റത്തിന് ഒരുങ്ങുന്നുവെന്ന് റിപ്പോർട്ട്. മുംബൈ ക്യാപ്റ്റൻ ഹർദിക് പാണ്ഡ്യ പഞ്ചാബിലേക്ക് കൂടു മാറുമെന്നാണ് റിപ്പോർട്ട്. ഹർദിക്കിന് പകരം മലയാളി താരം വിഷ്ണു വിനോദ്, ഇന്ത്യൻ പേസർ അർഷ്ദീപ് സിങ് എന്നിവരെ മുംബൈക്ക് കൈമാറുമെന്നാണ് റിപ്പോർട്ട്.

ഇരു ഫ്രാഞ്ചൈസികളുടെയും മുതിർന്ന മാനേജ്മെന്റ് തലത്തിൽ ഈ കൈമാറ്റത്തെ സംബന്ധിച്ച് ധാരണയായിയെന്നാണ് സ്പോർട്സ് സ്റ്റാർ റിപ്പോർട്ട് ചെയ്യുന്നത്. നവംബർ 17 വരെയാണ് താരങ്ങളെ നിലനിർത്താനും റിലീസ് ചെയ്യാനുമുള്ള അവസാന തീയതി. ഇതിന് മുമ്പ് തന്നെ ഈ താര കൈമാറ്റത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഹർദിക് പഞ്ചാബിൽ എത്തുകയാണെങ്കിൽ ശ്രേയസ് അയ്യരുടെ കീഴിൽ ബാറ്റിങ്ങിലും ബൗളിങ്ങിലും ഒരുപോലെ തിളങ്ങാൻ സാധിക്കുന്ന ഒരു കരുത്തുറ്റ ഓൾ റൗണ്ടറെ പഞ്ചാബിന് ലഭിക്കും.

2024 ഐ.പി.എല്ലിൽ രോഹിത് ശർമയെ ക്യാപ്റ്റൻ സ്ഥാനത്ത് നിന്നും നീക്കം ചെയതാണ് മുംബൈ ഹർദിക് പാണ്ഡ്യയെ നായകനായി നിയമിച്ചിരുന്നത്.

മുംബൈ ഇന്ത്യൻസുമായി പിണങ്ങിപ്പിരിഞ്ഞ ഹർദിക്കിനെ വീണ്ടും തങ്ങളുടെ തട്ടകത്തിൽ എത്തിച്ചുകൊണ്ട് മുംബൈ ക്യാപ്റ്റൻ സ്ഥാനം നൽകുകയായിരുന്നു. ക്യാപ്റ്റനായ ആദ്യ സീസണിൽ തന്നെ ഗുജറാത്ത് ടൈറ്റൻസിനെ ചാമ്പ്യൻമാരാക്കിയ ഹർദിക് ക്യാപ്റ്റൻസി മികവ് തെളിയിച്ചിരുന്നു. ആദ്യ സീസണിൽ രാജസ്ഥാൻ റോയൽസിനെ ഫൈനലിൽ തോൽപിച്ചുകൊണ്ടാണ് പാണ്ഡ്യ കിരീടമുയർത്തിയത്.

രണ്ടാം തവണ ഫൈനലിലെത്തിയെങ്കിലും കലാശപ്പോരാട്ടത്തിൽ ചെന്നൈ സൂപ്പർ കിങ്‌സിന് മുമ്പിൽ വീണുപോകാനായിരുന്നു പാണ്ഡ്യയുടെയും കൂട്ടരുടെയും വിധി.

എന്നാൽ ഗുജറാത്തിനൊപ്പമുള്ള ക്യാപ്റ്റൻസി മികവ് ഹർദിക്കിന് മുംബൈയിൽ ആവർത്തിക്കാൻ സാധിക്കാതെ പോവുകയായിരുന്നു. ടീമിന്റെ മോശം പ്രകടനങ്ങളിൽ രോഹിത്തിനെ ക്യാപ്റ്റൻസിയിൽ നിന്നും മാറ്റിയതിനെതിരെ ആരാധകരിൽ നിന്നും വലിയ വിമർശനങ്ങൾ മുംബൈ ഇന്ത്യൻസ് നേരിട്ടിരുന്നു.

ഹർദിക്കിന്റെ കീഴിൽ ഒറ്റത്തവണ മാത്രമാണ് മുംബൈ പ്ലേ ഓഫിൽ എത്തിയത്. ഹർദിക് ക്യാപ്റ്റൻസി ഏറ്റെടുത്ത ആദ്യ സീസണിൽ തന്നെ അവസാന സ്ഥാനത്തായിരുന്നു മുംബൈ ഫിനിഷ് ചെയ്തത്. 2020ന് ശേഷം ഒരിക്കൽ പോലും മുംബൈയ്ക്ക് ഫൈനലിലേക്ക് കടക്കാൻ സാധിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് ഹർദിക്കിനെ കൈവിടാൻ മുംബൈ ഒരുങ്ങുന്നത്.

മറുഭാഗത്ത് പഞ്ചാബിൽ നിന്നും അർഷ്ദീപും വിഷ്ണു വിനോദ് മുംബൈയിൽ എത്തുന്നത് ടീമിന് കരുത്തുപകരുമെന്നാണ് പ്രതീക്ഷിക്കുന്നത്. അർഷ്ദീപ് ടി-20യിലെ ഇന്ത്യയുടെ ഏറ്റവും മികച്ച ബൗളറാണ്. അതുകൊണ്ടുതന്നെ താരത്തെ ടീമിൽ എത്തിച്ചുകൊണ്ട് പേസ് അറ്റാക്കിങ് കൂടുതൽ കരുത്തുറ്റതാക്കി മാറ്റാനായിരിക്കും മുംബൈ ലക്ഷ്യം വെക്കുക. മലയാളി വിക്കറ്റ് കീപ്പറായ വിഷ്ണു വിനോദ് ഫിനിഷിങ് റോളുകളിൽ മികച്ച പ്രകടനം നടത്താൻ കഴിവുള്ള താരവുമാണ്‌.

Content Highlight: Report says Hardik Pandya will join in Punjab Kings 2027 IPL

Latest Stories

We use cookies to give you the best possible experience. Learn more