| Saturday, 17th October 2026, 6:20 pm

ഫ്രഞ്ച് ലോകകപ്പ് ജേതാവ് മെസിയുടെ തട്ടകത്തിലേക്ക്; കൂടുമാറ്റം ഒരുങ്ങുന്നു

സ്പോര്‍ട്സ് ഡെസ്‌ക്

ഫ്രഞ്ച് സൂപ്പർതാരം പോൾ പോഗ്ബ മേജർ ലീഗ് സോക്കറിലേക്ക് കൂടുമാറുമെന്ന് റിപ്പോർട്ട്. ഫ്രഞ്ച് ക്ലബ്ബ് മൊണോക്കോയുമായുള്ള കരാർ അവസാനിച്ച താരം നിലവിൽ ഫ്രീ ഏജന്റായാണ് പുതിയ ക്ലബ്ബ് തേടുന്നത്. ലയണൽ മെസിയുടെ ഇന്റർ മയാമിയിലേക്കും താരം ചേക്കേറാനുള്ള സാധ്യതകൾ നിലനിൽക്കുന്നുണ്ട്. ഡെയ്‌ലി മെയിലാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്.

ഉത്തേജക മരുന്ന് ഉപയോഗിച്ചതിനെ തുടർന്ന് വിലക്ക് നേരിട്ട താരത്തിന് ഫുട്ബോൾ കരിയർ തുടരാൻ ഏറ്റവും സാധ്യതയുണ്ടായിരുന്നത് എം.എൽ.എസ് ആയിരുന്നു. എന്നാൽ താരം മൊണാക്കോക്ക് വേണ്ടി കളത്തിലിറങ്ങുകയായിരുന്നു. ഇപ്പോൾ പോഗ്ബ വീണ്ടും എം.എൽ.എസിലേക്കുള്ള കൂടുമാറ്റം വീണ്ടും പരിഗണിക്കുകയാണ്.

ഇന്റർ മയാമിക്ക് പുറമെ ഡി.സി യുണൈറ്റഡ്, ന്യൂയോർക്ക് സിറ്റി എന്നീ ടീമുകളുമായും പോഗ്ബ ചർച്ചകൾ നടത്തിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്.

2025ൽ മൊണോക്കോയുമായി രണ്ട് വർഷത്തെ കരാറിൽ ടീമിലെത്തിയ പോഗ്ബക്ക് പരിക്ക് കനത്ത തിരിച്ചടിയാവുകയായിരുന്നു. പരിക്ക് മൂലം താരത്തിന് ഫ്രഞ്ച് ക്ലബ്ബിനൊപ്പം ഒരുപാട് മത്സരങ്ങൾ നഷ്ടമായിരുന്നു. പിന്നീട് ക്ലബ്ബും താരവുമായുള്ള പരസ്പര ധാരണയിൽ കരാർ അവസാനിപ്പിക്കുകയായിരുന്നു.

മൊണാക്കോക്ക് പുറമെ മാഞ്ചസ്റ്റർ യുണൈറ്റഡ്, യുവന്റസ് എന്നീ വമ്പൻ ക്ലബ്ബുകൾക്ക് വേണ്ടിയും പോഗ്ബ ബൂട്ട് കെട്ടിയിട്ടുണ്ട്. 2009 മുതൽ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഭാഗമായ പോഗ്ബ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ സീനിയർ ടീമിൽ അരങ്ങേറ്റം കുറിച്ചത് 2011ലാണ്.

2012ൽ താരം യുവന്റസിലേക്ക് ചേക്കേറി. യുവന്റസിനൊപ്പം തുടർച്ചയായ നാല് വർഷം ലീഗ് കിരീടം ചൂടിയ പോഗ്ബ കരിയറിലെ സുവർണ കാലഘട്ടം അടയാളപ്പെടുത്തിയത് ഇറ്റാലിയൻ വമ്പന്മാർക്കൊപ്പമായിരുന്നു.

2016ൽ താരം വീണ്ടും മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് തിരിച്ചെത്തുകയായിരുന്നു. പിന്നീട് 2022ൽ താരം വീണ്ടും യുവന്റസിലേക്ക് തിരിച്ചെത്തിയെങ്കിലും പരിക്ക് കാരണം കൂടുതൽ മത്സരങ്ങൾ കളിക്കാൻ സാധിക്കാതെ പോവുകയായിരുന്നു.

ഇന്റർനാഷണൽ ഫുട്ബോളിൽ ഫ്രാൻസിനൊപ്പവും ഒരുപിടി നേട്ടങ്ങൾ സ്വന്തമാക്കാൻ പോഗ്ബക്ക് സാധിച്ചിട്ടുണ്ട്. 2018 ലോകകപ്പ് നേടിയ ഫ്രാൻസ് ടീമിലെ അംഗമായിരുന്നു പോഗ്ബ. ഇതിന് ശേഷം 2021ൽ നടന്ന യുവേഫ നേഷൻസ് ലീഗും താരം ഫ്രഞ്ച് പടക്കൊപ്പം സ്വന്തമാക്കിയിരുന്നു.

Content Highlight: Report says France player Paul Pogba will join Inter Miami

Latest Stories

We use cookies to give you the best possible experience. Learn more