| Wednesday, 28th January 2026, 1:37 pm

മാജിക്കല്‍ കോമ്പോ വീണ്ടും...സീതാരാമത്തിന്റെ തുടര്‍ച്ചയോ? സയന്‍സ്ഫിക്ഷനോ റിപ്പോര്‍ട്ട്?

ഐറിന്‍ മരിയ ആന്റണി

ഹനു രാഘവപുടിയുടെ സംവിധാനത്തില്‍ 2022ല്‍ ഇറങ്ങി ഹിറ്റ് ആയി തീര്‍ന്ന ചിത്രമാണ് സീതാരാമം. ദുല്‍ഖര്‍ സല്‍മാനും മൃണാള്‍ താക്കൂറും പ്രധാന വേഷങ്ങളില്‍ എത്തിയ ഈ ചിത്രത്തിന് വന്‍ വരവേല്‍പ്പാണ് ഇന്‍ഡസ്ട്രിയല്‍ ലഭിച്ചിരുന്നത്.

ഇപ്പോള്‍ സീതാരാമത്തിനുശേഷം ശേഷം മാജിക്കല്‍ കോംബോ വീണ്ടും ഒന്നിക്കുന്നുവെന്ന വാര്‍ത്തകളാണ് സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നത്. ഇരുവരും ഒന്നിച്ച് ഒരു കുടക്കീഴില്‍ നില്‍ക്കുന്ന ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

സീതാരാമത്തിന് ശേഷം ദുല്‍ഖര്‍ സല്‍മാന് ഇന്‍ഡസ്ട്രിയില്‍ ഉണ്ടായ ഹൈപ്പ് ചെറുതൊന്നുമല്ല. ഒരു മലയാളി താരം തെലുങ്ക് ആരാധകരുടെ മനസ് കീഴടക്കിയത് അന്ന് വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. ടെലിവിഷന്‍ പരമ്പരകളില്‍ നിന്ന് വെള്ളിത്തിരയിലേക്ക് എത്തിയ മൃണാളിന്റെയും കരിയറിലെ വഴിത്തിരിവായിരുന്നു സീതാരാമം.

ഇപ്പോള്‍ ഇരുവരും വീണ്ടും ഒന്നിക്കുന്നുവെന്ന വാര്‍ത്ത ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍. സീതാരാമത്തിന്റെ സീക്വല്‍ ആണോ അതോ പുതിയ സിനിമയ്ക്കായാണോ ഇരുവരും ഒന്നിക്കുന്നതെന്ന ചോദ്യമാണ് ആരാധകരില്‍ നിന്നും ഉയരുന്നത്.

സീതാരാമത്തില്‍ ദുല്‍ഖര്‍ സല്‍മാന്‍ അവതരിപ്പിച്ച റാം എന്ന കഥാപാത്രം മരണപ്പെട്ടതാണെന്നും ഇത് സിനിമയുടെ രണ്ടാം ഭാഗം അല്ല മറിച്ച് പുതിയ സിനിമയാണെന്നും ഒരു വിഭാഗം അഭിപ്രായപ്പെടുന്നു.

ഒന്നിച്ച് അഭിനയിച്ച ആദ്യ സിനിമയിലൂടെ തന്നെ പ്രേക്ഷകര്‍ ഏറ്റെടുത്ത കോമ്പോയാണ് ദുല്‍ഖറും മൃണാളും. ഈ കോമ്പയെ തങ്ങള്‍ക്ക് ഇഷ്ടമാണെന്നും അടുത്ത സിനിമയ്ക്കായുള്ള കാത്തിരിപ്പിലാണെന്നുമുള്ള കമന്റുകള്‍ ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ നിറയുന്നണ്ട്.

എന്നാല്‍ ഇത് സിനിമയല്ല മറിച്ച് ഒരു ആഡ് ഷൂട്ട് മാത്രമാണെന്നും ചിലര്‍ അഭിപ്രായപ്പെടുന്നു. സിനിമയെ കുറിച്ച് മറ്റ് ഒദ്യോഗിക സ്ഥിരീകരണങ്ങളൊന്നും ഇതുവരെയും വന്നിട്ടില്ല. അടുത്തിടെ, മൃണാള്‍ താക്കൂര്‍ ഒരു അഭിമുഖത്തിനിടെ പുതിയ തെലുങ്ക് ചിത്രത്തിന്റെ പണിപ്പുരയിലാണെന്ന് വെളിപ്പെടുത്തിയിരുന്നു.

ഒരു സയന്‍സ് ഫിക്ഷന്‍ ത്രില്ലറിനെക്കുറിച്ചും മറ്റ് പ്രോജക്ടുകളെക്കുറിച്ചും അഭ്യൂഹങ്ങള്‍ പ്രചരിക്കുമ്പോള്‍, സീതാ രാമത്തിന്റെ തുടര്‍ച്ചയെക്കുറിച്ച് ഔദ്യോഗികമായി മറ്റ് റിപ്പോര്‍ട്ടുകളൊന്നും വന്നിട്ടില്ല.

എന്നാല്‍ ഇരുവരും വീണ്ടും ഒന്നിക്കുന്നുവെന്ന വാര്‍ത്ത എക്‌സിലും മറ്റ് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമിലും പ്രചരിക്കുന്നുണ്ട്.

റാം എന്ന അനാഥനായ ആര്‍മി ഓഫീസറെ തേടിയെത്തുന്ന കത്തും ആ കത്തിന്റെ ഉറവിടം തേടി പോകുന്ന നായകന്റെ ജീവിതത്തിലുണ്ടാകുന്ന സംഭവ വികാസങ്ങളുമാണ് സീതാരാമം സംസാരിച്ചത്. ചിത്രത്തിലെ ഗാനങ്ങളും സൂപ്പര്‍ ഹിറ്റായിരുന്നു.

Content Highlight: Report says Dulquer and Mrunal Thakur are teaming up again

ഐറിന്‍ മരിയ ആന്റണി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more