പോര്‍ച്ചുഗീസ് ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഇന്റര്‍നാഷണല്‍ ഫുട്‌ബോളില്‍ നിന്നും വിരമിക്കാന്‍ ഒരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ട്. യുവേഫ നേഷന്‍സ് ലീഗിലെ വെയ്ല്‍സിനെതിരെയുള്ള മത്സരത്തില്‍ റൊണാള്‍ഡോ തന്റെ അന്താരാഷ്ട്ര ഫുട്‌ബോള്‍ യാത്രക്ക് വിരാമമിടുമെന്നാണ് റിപ്പോര്‍ട്ട്. സെപ്റ്റംബര്‍ 25ന് ജോസ് അല്‍വാലേഡ് സ്റ്റേഡിയത്തില്‍ നടക്കുന്ന പോരാട്ടമായിരിക്കും പോര്‍ച്ചുഗല്‍ ജേഴ്‌സിയിലുള്ള റൊണാള്‍ഡോയുടെ അവസാന മത്സരമെന്നാണ് സൂചന.
2026 ഫിഫ ലോകകപ്പ് നേടി ഫുട്‌ബോളിനോട് വിടപറയുകയെന്ന റൊണാള്‍ഡോയുടെ സ്വപ്നം കണ്ണീരില്‍ അവസാനിച്ചിരുന്നു. റൗണ്ട് ഓഫ് 16ല്‍ സ്പെയ്നിനെതിരെ പരാജയപ്പെട്ടാണ് പോര്‍ച്ചുഗല്‍ പുറത്തായത്. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു സ്പെയ്നിന്റെ വിജയം.
41ാം വയസില്‍ തന്റെ ആറാം ലോകകപ്പിനിറങ്ങിയ റൊണാള്‍ഡോ ടൂര്‍ണമെന്റില്‍ മൂന്ന് ഗോളുകള്‍ നേടി ശ്രദ്ധേയമായ പ്രകടനമാണ് പുറത്തെടുത്തത്.
ഗ്രൂപ്പ് ഘട്ടത്തില്‍ ഉസ്ബെക്കിസ്ഥാനെതിരെ ഇരട്ടഗോള്‍ നേടിയ റൊണാള്‍ഡോ പിന്നീട് ക്രൊയേഷ്യക്കെതിരെയും ലക്ഷ്യം കണ്ടു. ഈ ടൂര്‍ണമെന്റിലും ഗോള്‍ നേടിയതോടെ ലോകകപ്പ് ചരിത്രത്തില്‍ ആറ് വ്യത്യസ്ത പതിപ്പുകളില്‍ ഗോള്‍ നേടുന്ന ആദ്യ താരമെന്ന നേട്ടവും പോര്‍ച്ചുഗലിന്റെ എക്കാലത്തെയും ഉയര്‍ന്ന ലോകകപ്പ് ഗോള്‍ വേട്ടക്കാരനെന്ന റെക്കോഡും റൊണാള്‍ഡോ സ്വന്തമാക്കി.
11 ഗോളുകളാണ് റൊണാള്‍ഡോ ലോകകപ്പില്‍ പറങ്കിപ്പടക്ക് വേണ്ടി നേടിയത്. സ്പെയ്നിനെതിരായ മത്സരത്തിന് മുന്നോടിയായി ഇത് തന്റെ അവസാന ലോകകപ്പാണെന്ന് റൊണാള്‍ഡോ പറഞ്ഞിരുന്നു.
അതേസമയം ഇനി സൗദി പ്രോ ലീഗില്‍ അല്‍ നസറിനൊപ്പം പ്രായത്തെ വെല്ലുന്ന പോരാട്ടവീര്യം കാഴ്ചവെക്കാനാവും റൊണാള്‍ഡോ ലക്ഷ്യമിടുന്നത്. ഇതുവരെ 976 ഗോളുകളാണ് റൊണാള്‍ഡോയുടെ ബൂട്ടുകളില്‍ നിന്നും പിറന്നത്. 24 ഗോളുകള്‍ കൂടി കൂടി നേടിയാല്‍ 1000 ഗോളുകളെന്ന ചരിത്രനേട്ടത്തിലേക്കും റൊണാള്‍ഡോക്ക് നടന്നുകയറാന്‍ സാധിക്കും.
Content Highlight: Report says Cristiano Ronaldo will retire international football in nations league