| Thursday, 1st October 2026, 8:00 am

ക്രിസ്റ്റ്യാനോ റൊണാൾഡോ വിരമിക്കുന്നു; കളമൊഴിയാനൊരുങ്ങി പോർച്ചുഗീസ് ഇതിഹാസം

സ്പോര്‍ട്സ് ഡെസ്‌ക്

ഇതിഹാസ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ഇന്റർനാഷണൽ ഫുട്ബോളിൽ നിന്നും വിരമിക്കാൻ ഒരുങ്ങുന്നുവെന്ന് റിപ്പോർട്ട്. പോർച്ചുഗൽ ടീമിൽ ഇനി തനിക്കൊരു ഭാവിയില്ലെന്ന് മനസിലാക്കിയതിന് പിന്നാലെയാണ് ഇനി കളിക്കില്ലെന്ന തീരുമാനം റൊണാൾഡോ എടുത്തതെന്നാണ് പ്രമുഖ മാധ്യമമായ ഓജോഗോ റിപ്പോർട്ട് ചെയ്യുന്നത്.

പോർച്ചുഗീസ് ഫുട്ബോൾ ഫെഡറേഷൻ പ്രസിഡന്റുമായുള്ള ചർച്ചകൾക്ക് ശേഷം റൊണാൾഡോ ഇതിനോടകം തന്നെ ദേശീയ ടീം ക്യാമ്പ് വിട്ടിട്ടുണ്ട്. ഈ വിവരം റൊണാൾഡോ തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ ഫുട്ബോൾ ലോകത്തെ അറിയിക്കുകയും ചെയ്തിട്ടുണ്ട്.

‘ദേശീയ ടീമിന്റെ പത്രസമ്മേളനത്തിനും പോർച്ചുഗീസ് ഫുട്ബോൾ ഫെഡറേഷൻ പ്രസിഡന്റുമായുള്ള ചർച്ചകൾക്ക് ശേഷം ഞാൻ ദേശീയ ടീം വിടാൻ തീരുമാനിച്ചു. എന്തുകൊണ്ടാണ് ഞാൻ ദേശീയ ടീം വിടാൻ തീരുമാനിച്ചതെന്ന് ശരിയായ സമയത്ത് എല്ലാ പോർച്ചുഗീസുകാരോടും ഞാൻ തുറന്നു പറയും. ദേശീയ ടീമിനായി ഞാൻ എപ്പോഴും എല്ലാം നൽകിയാണ് പ്രവർത്തിച്ചത്. ഇപ്പോൾ പോർച്ചുഗലിനും എന്റെ എല്ലാ സഹതാരങ്ങൾക്കും ഹൃദയം നിറഞ്ഞ ആശംസകൾ അറിയിക്കുന്നു,’ റൊണാൾഡോ പറഞ്ഞു.

യുവേഫ നേഷൻസ് ലീഗിൽ വെയ്ൽസിനെതിരെയുള്ള മത്സരത്തിലായിരുന്നു റൊണാൾഡോ അവസാനമായി പോർച്ചുഗലിനായി ബൂട്ട് കെട്ടിയത്. റൊണാൾഡോ വിരമിക്കുകയാണെങ്കിൽ ഈ മത്സരമായിരിക്കും പോർച്ചുഗൽ ദേശീയ കുപ്പായത്തിലുള്ള റൊണാൾഡോയുടെ അവസാന പോരാട്ടമായി രേഖപ്പെടുത്തുക.

ഈ മത്സരത്തിൽ സ്റ്റാർട്ടിങ് ഇലവനിൽ ഇടം നേടിയെങ്കിലും താരത്തിന് മുന്നേറ്റ നിരയിൽ കൃത്യമായ സ്വാധീനം ഉണ്ടാക്കാൻ സാധിച്ചിരുന്നില്ല. ഗോളാക്കാനുള്ള മികച്ച അവസരങ്ങൾ റൊണാൾഡോ നഷ്ടപ്പെടുത്തുകയും ഒരു ഓഫ് സൈഡ് ഗോളും താരം നേടിയിരുന്നു.

ഇതിന് ശേഷം നടന്ന നോർവേക്കെതിരെയുള്ള മത്സരത്തിൽ റൊണാൾഡോയുടെ സ്ഥാനം ബെഞ്ചിലായിരുന്നു. പരിശീലകൻ ജോർജ് ജീസസിന്റെ ഈ തീരുമാനത്തിൽ റൊണാൾഡോ അതൃപ്തി പ്രകടിപ്പിച്ചുവെന്നും റിപ്പോർട്ടുകൾ ഉണ്ട്.

പോർച്ചുഗൽ ഫുട്ബോളിന്റെ ചരിത്രം തിരുത്തിയെഴുതുന്നതിൽ റൊണാൾഡോ വഹിച്ച പങ്ക് വളരെ വലുതായിരുന്നു. പറങ്കിപ്പടക്ക് വേണ്ടി 2003ൽ അരങ്ങേറ്റം കുറിച്ച റൊണാൾഡോ 234 മത്സരങ്ങളിൽ നിന്നും 146 ഗോളുകളാണ് അടിച്ചുകൂട്ടിയത്. അന്താരാഷ്ട്ര ഫുട്ബോളിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരവും റൊണാൾഡോ തന്നെയാണ്.

പോർച്ചുഗലിനൊപ്പം 2016 യൂറോ കപ്പും രണ്ട് യുവേഫ നേഷൻസ് ലീഗും റൊണാൾഡോ സ്വന്തമാക്കിയിരുന്നു. നിലവിൽ ഫുട്ബോളിലെ തന്റെ ലക്ഷ്യം യുവേഫ നേഷൻസ് ലീഗ് സ്വന്തമാക്കുകയാണെന്ന് റൊണാൾഡോ അടുത്തിടെ ഒരു അഭിമുഖത്തിൽ തുറന്നു പറഞ്ഞിരുന്നു. ഇപ്പോൾ ഈ സ്വപ്നവും ബാക്കിയാക്കി പോർച്ചുഗീസ് ഇതിഹാസം പടിയിറങ്ങാൻ ഒരുങ്ങുകയാണ്.

Content Highlight: Report says Cristiano Ronaldo will retire in international football

We use cookies to give you the best possible experience. Learn more