ഫുട്‌ബോള്‍ ആരാധകരെ ആവേശത്തിലാക്കാന്‍ ലിയോണല്‍ മെസിക്ക് മുന്നേ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഇന്ത്യയിലെത്തുമെന്ന് റിപ്പോര്‍ട്ട്. ഈ മാസം 22ന് റൊണാള്‍ഡോ ഗോവയിലെത്തുമെന്നാണ് റിപ്പോര്‍ട്ട്. ഗോവയിലെ ഫത്തോഡ സ്‌റ്റേഡിയത്തില്‍ നടക്കുന്ന എ.എഫ്.സി ചാമ്പ്യന്‍സ് ലീഗ് ഗ്രൂപ്പ് ഘട്ട മത്സരത്തില്‍ അല്‍ നസറിനായാണ് റോണോ കളത്തിലിറങ്ങുന്നത്.
റൊണാള്‍ഡോ ഇന്ത്യയിലേക്ക് കളിക്കാന്‍ എത്തുമെന്ന് നേരത്തെ പറഞ്ഞിരുന്നെങ്കിലും പിന്നീട് വരില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ വന്നത്. എന്നാല്‍ റൊണാള്‍ഡോ തന്റെ തീരുമാനം മാറ്റിയെന്നും ഇന്ത്യയിലേക്ക് വരാന്‍ വിസയ്ക്ക് അപ്ലെ ചെയ്‌തെന്നുമാണ് ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.
റോണോ ഇന്ത്യയിലെത്തുമെന്ന് എഫ്.സി ഗോവയുടെ സി.ഇ.ഒ രവി പുസ്‌കറാണ് വ്യക്തമാക്കിയത്. റൊണാള്‍ഡോ വരുന്നതിനാല്‍ മത്സരത്തിന് കൂടുതല്‍ സുരക്ഷാ ആവശ്യമാണെന്നും എഫ്.സി ഗോവ മാനേജ്മെന്റ് പൊലീസിനോട് ആവശ്യപ്പെട്ടു.
എ.എഫ്.സി ചാമ്പ്യന്‍സ് ലീഗ് ഗ്രൂപ്പ് ഘട്ടത്തില്‍ എഫ്.സി ഇസ്റ്റിക്ലോളിനും ഇറാഖി ക്ലബ്ബായ അല്‍ സവാരക്കുമെതിരായ അല്‍ നസ്‌റിന്റെ ആദ്യ രണ്ട് മത്സരങ്ങളിലും പകരക്കാരുടെ ബെഞ്ചില്‍ പോലും റൊണാള്‍ഡോ ഉണ്ടായിരുന്നില്ല. എന്നാല്‍ എഫ്.സി ഗോവക്കെതിരായ മത്സരത്തില്‍ റൊണാള്‍ഡോ തന്നെ അല്‍ നസ്റിനെ നയിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
റോണോക്കൊപ്പം സാദിയോ മാനേ, യാവോ ഫെലിക്‌സ്, കിങ്സ്ലി കോമാന്‍ തുടങ്ങി സൂപ്പര്‍ താരങ്ങളും അല്‍ നസര്‍ നിരയിലുണ്ടാവും. എ.എഫ്.സി ചാമ്പ്യന്‍സ് ലീഗ് ഗ്രൂപ്പ് ഘട്ടത്തില്‍ നാല് ടീമുകളടങ്ങുന്ന ഗ്രൂപ്പില്‍ രണ്ട് മത്സരങ്ങള്‍ കഴിഞ്ഞപ്പോള്‍ ഗോവ അവസാന സ്ഥാനത്താണ്. രണ്ട് മത്സരങ്ങളില്‍ പോയിന്റോ ഗോളോ നേടാന്‍ ഗോവക്കായിട്ടില്ല. കളിച്ച രണ്ട് മത്സരങ്ങളും ജയിച്ച അല്‍ നസറാണ് ഒന്നാമത്. റൊണാള്‍ഡോയും മെസിയും വരുന്നതോടെ ഇന്ത്യന്‍ ഫുട്‌ബോളിന് സുവര്‍ണ കാലം തന്നെയാണ് മുന്നിലുള്ളത്.
Content Highlight: report says Cristiano Ronaldo to arrive in India before Lionel Messi