ഫുട്‌ബോള്‍ ലോകത്തെ വമ്പന്‍ താരനിരയില്‍ മുന്നിലുള്ള സൂപ്പര്‍ സ്‌ട്രൈക്കറാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. നിലവില്‍ ഫുട്‌ബോള്‍ കരിയറില്‍ 931 ഗോള്‍ സ്വന്തമാക്കി റെക്കോഡ് കുതിപ്പാണ് റോണോ നടത്തുന്നത്. 1000 കരിയര്‍ ഗോളുകള്‍ എന്ന വമ്പന്‍ ലക്ഷ്യത്തിലേക്കാണ് റോണോ കണ്ണുവെക്കുന്നത്. നിലവില്‍ അല്‍ നസറിന് വേണ്ടി സൗദി പ്രോ ലീഗിലാണ് റൊണാള്‍ഡോ കളിക്കുന്നത്.
എന്നാല്‍ അടുത്ത കാലങ്ങളിലായി പുറത്ത് വരുന്ന പല റിപ്പോര്‍ട്ടുകളിലും താരം അല്‍ നസര്‍ വിടാന്‍ ഒരുങ്ങുകയാണെന്ന് ഉണ്ടായിരുന്നു. മാത്രമല്ല അല്‍ നസര്‍ വിടുമെന്ന അഭ്യൂഹങ്ങള്‍ ശക്തമാകുന്നതിനിടയില്‍ കഴിഞ്ഞ മത്സരത്തില്‍ അല്‍ നസറിന് വേണ്ടി താരം കളിച്ചിരുന്നില്ല.
എന്തുകൊണ്ട് റോണോ കളിച്ചില്ല എന്നതിന് ക്ലബ് ഇതുവരെ വ്യക്തമായ വിശദീകരണം നല്‍കിയിട്ടില്ല. പരിശീലന സെഷനുകളില്‍ പങ്കെടുക്കാത്ത റൊണാള്‍ഡോ മെഡിക്കല്‍ സ്റ്റാഫിന്റെ നിരീക്ഷണത്തിലാണെന്ന് മാത്രമാണ് മാനേജ്‌മെന്റ് പറഞ്ഞത്.
അതേസമയം റോണോ ക്ലബ്ബ് വിടാനൊരുങ്ങുന്നതിന് മറ്റൊരു കാരണമുണ്ടെന്നാണ് പുതിയ വിവരം. ഇറ്റാലിയന്‍ പരിശീലകന്‍ സ്‌റ്റെഫാനോ പിയോലിയുടെ തന്ത്രങ്ങളില്‍ താരം തൃപ്തനല്ലെന്നും, ക്ലബുമായുള്ള കരാര്‍ പുതുക്കണമെങ്കില്‍ കോച്ച് പിയോലിയെയും ഡയറക്ടര്‍ ഫെര്‍ണാണ്ടോ ഹിയേറോയെയും നീക്കം ചെയ്യണമെന്ന് റൊണാള്‍ഡോ ആവശ്യപ്പെട്ടതായി പുതിയ വാര്‍ത്തകള്‍.
വന്‍തുക ചെലവഴിച്ച് റൊണാള്‍ഡോയെ ടീമിലെത്തിച്ചെങ്കിലും, അല്‍ നസറിന് ഇതുവരെ ശ്രദ്ധേയമായ ഒരു ട്രോഫിയും നേടാന്‍ കഴിഞ്ഞിട്ടില്ല. 2023ല്‍ അല്‍ നസറിലത്തിയ റോണോ 109 മത്സരങ്ങളില്‍ നിന്ന് 97 ഗോളുകളാണ് നേടിയത്.
ലീഗില്‍ ഇനി മൂന്ന് മത്സരങ്ങള്‍ മാത്രമാണ് അല്‍ നസറിന് ബാക്കിയുള്ളത്. ക്രിസ്റ്റ്യാനോ അടുത്ത മത്സരത്തില്‍ കളിക്കുമെന്ന വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ടെങ്കിലും താരം ക്ലബ് വിടാനുള്ള തയ്യാറെടുപ്പിലാണെന്ന അഭ്യൂഹങ്ങളും ശക്തമാണ്.
അതേസമയം ക്രിസ്റ്റ്യാനോയുടെ അഭാവത്തില്‍ അല്‍ നസര്‍ കഴിഞ്ഞ ലീഗ് മത്സരത്തില്‍ അല്‍ അഖ്ദൂദിനെ 9-0 എന്ന സ്‌കോറിന് പരാജയപ്പെടുത്തി. മത്സരത്തില്‍ സാദിയോ മാനെ നാല് ഗോളുകള്‍ നേടി തിളങ്ങി. 74 പോയിന്റുകളോടെ അല്‍ ഇത്തിഹാദ് ഒന്നാം സ്ഥാനത്ത് നില്‍ക്കുമ്പോള്‍ 63 പോയിന്റുകളുള്ള അല്‍ നസര്‍ ലീഗില്‍ മൂന്നാം സ്ഥാനത്താണ്.
Content Highlight: report says Cristiano Ronaldo could leave Al Nasser