| Saturday, 5th September 2026, 3:23 pm

മെസിയും റൊണാള്‍ഡോയും ഒരേ ടീമില്‍ ഒരുമിച്ച് കളിക്കും; ഇതിഹാസത്തിന്റെ വിടവാങ്ങല്‍ ഒരുങ്ങുന്നു

സുദേവ് എ

ഇതിഹാസ താരങ്ങളായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ലയണല്‍ മെസിയും ഒരേ ടീമില്‍ ഒരുമിച്ച് കളിക്കുമെന്ന് റിപ്പോര്‍ട്ട്. അര്‍ജന്റൈന്‍ ഇതിഹാസം കാര്‍ലോസ് ടെവസിന്റെ വിടവാങ്ങല്‍ മത്സരത്തില്‍ റൊണാള്‍ഡോയും മെസിയും ഒരുമിച്ച് കളിക്കുമെന്നാണ് ടൈസി സ്‌പോര്‍ട്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഈ വര്‍ഷം ഡിസംബറില്‍ ബോക്ക ജൂനിയേഴ്‌സിന്റെ തട്ടകമായ ലാ ബൊംബനാര സ്റ്റേഡിയത്തിലായിരിക്കും മത്സരം അരങ്ങേറുക.

ആധുനിക ഫുട്‌ബോളിലെ ഏറ്റവും മികച്ച ഇതിഹാസങ്ങള്‍ ഒരേ ജേഴ്‌സിയില്‍ കളത്തിലിറങ്ങുന്നത് നേരില്‍ കാണുകയെന്നത് ഫുട്‌ബോള്‍ ആരാധകരുടെയെല്ലാം സ്വപ്നമാണ്. ഈ സ്വപ്നം യാഥാര്‍ഥ്യമാക്കാന്‍ ഒരുങ്ങുകയാണ് ടെവസ്.

സ്പാനിഷ് ലീഗില്‍ റയല്‍ മാഡ്രിഡ്-ബാഴ്‌സലോണ എല്‍ ക്ലാസിക്കോ പോരാട്ടങ്ങളില്‍ റൊണാള്‍ഡോയും മെസിയും എതിരാളികളായി എത്തിയെങ്കിലും ചരിത്രത്തില്‍ തന്നെ ആദ്യമായിട്ടായിരിക്കും ഇങ്ങനെയൊരു അപൂര്‍വ മത്സരം ഫുട്‌ബോളില്‍ ഉണ്ടാവുക.

മെസിക്കൊപ്പവും റൊണാള്‍ഡോക്കുമൊപ്പം ഒരു ടീമില്‍ പന്തുതട്ടാന്‍ അവസരം ലഭിച്ച ചുരുക്കം ചില താരങ്ങളെ ഫുട്ബോളില്‍ ഉണ്ടായിട്ടുള്ളൂ. ഇത്തരത്തില്‍ രണ്ട് ഇതിഹാസങ്ങള്‍ക്കൊപ്പവും കളിക്കാന്‍ അവസരം ലഭിച്ച താരമാണ് ടെവസ്.

അര്‍ജന്റീന ദേശീയ ടീമില്‍ മെസിക്കൊപ്പവും ഇംഗ്ലീഷ് ക്ലബ്ബ് മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ റൊണാള്‍ഡോക്കൊപ്പവും ആണ് ടെവസ് ഒരുമിച്ച് കളിച്ചിട്ടുള്ളത്. അതുകൊണ്ട് തന്നെ ടെവസിന്റെ ക്ഷണപ്രകാരം ഇരുവരും ഒരൊറ്റ ടീമിനായി ബൂട്ട് കെട്ടുമെന്ന് തന്നെയാണ് ഫുട്‌ബോള്‍ ലോകം വിശ്വസിക്കുന്നത്.

മെസിക്കും റൊണാള്‍ഡോക്കും പുറമെ ഇംഗ്ലീഷ് ഇതിഹാസം വെയ്ന്‍ റൂണി, ഇറ്റാലിയന്‍ ലെജന്‍ഡസുകളായ ആന്ദ്രേ പിര്‍ലോ, ജിയാന്‍ലൂജി ബഫണ്‍ എന്നിവരും ടെവസിന്റെ വിടവാങ്ങല്‍ മത്സരത്തില്‍ പങ്കാളികളാവുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

അതേസമയം ലയണല്‍ മെസി അര്‍ജന്റൈന്‍ ദേശീയ ടീമില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു. 2028 കോപ്പ അമേരിക്കയില്‍ അര്‍ജന്റീനക്കായി മെസി കളത്തിലിറങ്ങുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും ആരാധകരെ ഒന്നടങ്കം കണ്ണീരിലാഴ്ത്തിയായിരുന്നു ഇതിഹാസത്തിന്റെ പടിയിറക്കം.

ഇന്റര്‍നാഷണല്‍ ഫുട്ബോളില്‍ നിന്നും പടിയിറങ്ങിയെങ്കിലും താരം ക്ലബ്ബ് ഫുട്ബോളില്‍ തുടരും. അവസാനമായി അമേരിക്കന്‍ ക്ലബ്ബിന് വേണ്ടി കളത്തിലിറങ്ങിയ മത്സരത്തില്‍ മോണ്‍ട്രിയലിനെതിരെ നാല് ഗോളുകളും ഒരു അസിസ്റ്റുമാണ് മെസി നേടിയത്. ഇതില്‍ രണ്ട് മനോഹരമായ ഫ്രീ കിക്ക് ഗോളുകളും മെസി നേടിയിരുന്നു.

മറുഭാഗത്ത് റൊണാള്‍ഡോ 41ാം വയസിലും പ്രായത്തെ വെല്ലുന്ന പോരാട്ടവീര്യമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. സൗദി പ്രൊ ലീഗില്‍ അല്‍ നസറിന് വേണ്ടി ഈ സീസണിലും കളത്തിലിറങ്ങി ഗോള്‍ വേട്ട തുടരുകയാണ് റൊണാള്‍ഡോ.

തന്റെ കരിയറിലെ 25ാം സീസണിലാണ് റൊണാള്‍ഡോ പന്തുതട്ടുന്നത്. ഫുട്‌ബോള്‍ ചരിത്രത്തില്‍ തുടര്‍ച്ചയായി 25 സീസണുകളിലും ഗോള്‍ നേടുന്ന ആദ്യ താരവും റൊണാള്‍ഡോ തന്നെയാണ്.

ഈ സീസണായിരിക്കും ഫുട്‌ബോളിലെ തന്റെ അവസാന വര്‍ഷമെന്ന് റൊണാള്‍ഡോ തുറന്നു പറഞ്ഞിരുന്നു. നിലവില്‍ ഇതുവരെ 978 ഗോളുകള്‍ നേടിയ റൊണാള്‍ഡോക്ക് 22 ഗോളുകള്‍ കൂടി നേടാന്‍ സാധിച്ചാല്‍ 1000 ഗോളുകളെന്ന ചരിത്ര നേട്ടത്തിലേക്കും നടന്നുകയറാന്‍ സാധിക്കും.

Content Highlight: Report says Cristiano Ronaldo and Lionel Messi to play together in Carlos Tevez’s farewell match

സുദേവ് എ

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. നിലവില്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി.

We use cookies to give you the best possible experience. Learn more