ഇതിഹാസ താരം ലയണല്‍ മെസി ഇന്റര്‍നാഷണല്‍ ഫുട്‌ബോളില്‍ നിന്നും വിരമിച്ചതിന് പിന്നാലെ അര്‍ജന്റീനയുടെ പുതിയ ക്യാപ്റ്റന്‍ ആരാവുമെന്ന റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുകയാണ്. ക്രിസ്റ്റ്യന്‍ റൊമേറോ അര്‍ജന്റൈന്‍ ടീമിന്റെ ക്യാപ്റ്റന്‍ കുപ്പായം അണിയുമെന്നാണ് റിപ്പോര്‍ട്ട്. മെസിക്കും നിക്കോളാസ് ഒട്ടമെന്റിക്കും ശേഷം അര്‍ജന്റീനയുടെ മൂന്നാം ക്യാപ്റ്റനായിട്ടായിരുന്നു റൊമേറോ പ്രവര്‍ത്തിച്ചിരുന്നത്.
2026 ലോകകപ്പ് ഫൈനലിലെ തോല്‍വിക്ക് പിന്നലെ ഓട്ടമെന്റി അര്‍ജന്റൈന്‍ ദേശീയ ടീമില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു. ഇപ്പോള്‍ മെസി കൂടി പടിയിറങ്ങിയതോടെയാണ് ടോട്ടന്‍ഹാം ഹോട്‌സ്പര്‍ താരത്തെ തേടി ഈ വലിയ ചുമതല എത്തിയത്.
അര്‍ജന്റീന സമീപ കാലങ്ങളില്‍ നേടിയ കിരീടനേട്ടങ്ങളിലെല്ലാം റൊമേറോ പങ്കാളിയായിട്ടുണ്ട്. ക്യാപ്റ്റനായി മെസിയുടെ പാരമ്പര്യം നിലനിര്‍ത്താന്‍ റൊമേറോക്ക് സാധിക്കുമെന്ന് തന്നെയാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.
കഴിഞ്ഞ ദിവസമായിരുന്നു ഫുട്‌ബോള്‍ ലോകത്തെ ഞെട്ടിച്ചുകൊണ്ട് മെസി വിരമിക്കല്‍ പ്രഖ്യാപനം നടത്തിയത്. 2028 കോപ്പ അമേരിക്കയില്‍ അര്‍ജന്റീനക്കായി മെസി കളത്തിലിറങ്ങുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും ആരാധകരെ ഒന്നടങ്കം കണ്ണീരിലാഴ്ത്തിയായിരുന്നു ഇതിഹാസത്തിന്റെ പടിയിറക്കം. തന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമിലൂടെ കുറിപ്പ് പങ്കുവെച്ചാണ് മെസി വിരമിക്കല്‍ പ്രഖ്യാപിച്ചത്.
അര്‍ജന്റീനക്കായി ഐതിഹാസികമായ സംഭാവനകള്‍ നല്‍കിയാണ് മെസി കളം വിട്ടത്. അര്‍ജന്റീനയ്ക്കായി 207 മത്സരങ്ങളില്‍ നിന്നും 125 ഗോളുകളാണ് മെസി അടിച്ചുകൂട്ടിയത്. ലോകകപ്പില്‍ തുടര്‍ച്ചയായി അര്‍ജന്റീനയെ ഫൈനലില്‍ എത്തിക്കാന്‍ മെസിക്ക് സാധിച്ചിരുന്നു.
2026 ലോകകപ്പിലും മെസിയുടെ പോരാട്ടവീര്യങ്ങള്‍ക്ക് ഫുട്‌ബോള്‍ ലോകം സാക്ഷിയായി. ഫൈനലില്‍ സ്‌പെയ്‌നിന് മുന്നില്‍ പരാജയപ്പെട്ടെങ്കിലും ലോകകപ്പില്‍ പല റെക്കോഡുകളും തിരുത്തിയാണ് മെസി മടങ്ങിയത്.
ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന രണ്ടാമത്തെ താരമായും ലോകകപ്പില്‍ അര്‍ജന്റീനയ്ക്ക് വേണ്ടി ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന താരമായും മെസി ചരിത്രത്തില്‍ ഇടം പിടിച്ചു. 21 ഗോളുകളാണ് ആറ് ലോകകപ്പുകളില്‍ നിന്നും മെസി അടിച്ചുകൂട്ടിയത്. 2026 ലോകകപ്പില്‍ എട്ട് ഗോളുകളും നാല് അസിസ്റ്റുകളുമായിരുന്നു മെസിയുടെ സമ്പാദ്യം.
ഐതിഹാസികമായ തന്റെ ഫുട്ബോള്‍ കരിയറില്‍ നിന്ന് എട്ട് ബാലണ്‍ ഡി ഓര്‍ ട്രോഫികള്‍ സ്വന്തമാക്കാനും താരത്തിന് സാധിച്ചു. ആറ് ഗോള്‍ഡന്‍ ബൂട്ട് സ്വന്തമാക്കിയും മെസി ഫുട്ബോളില്‍ വാഴ്ത്തപ്പെട്ടു.
ഇന്റര്‍നാഷണല്‍ ഫുട്‌ബോളില്‍ നിന്നും പടിയിറങ്ങിയെങ്കിലും താരം ക്ലബ്ബ് ഫുട്‌ബോളില്‍ തുടരും. നിലവില്‍ ഇന്റര്‍ മയാമിക്ക് വേണ്ടി മിന്നും ഫോമിലാണ് മെസി കളിച്ചുകൊണ്ടിരിക്കുന്നത്. കഴിഞ്ഞ മത്സരത്തില്‍ മോണ്‍ട്രിയലിനെതിരെ നാല് ഗോളുകളും ഒരു അസിസ്റ്റുമാണ് മെസി നേടിയത്. ഇതില്‍ രണ്ട് മനോഹരമായ ഫ്രീ കിക്ക് ഗോളുകളും ഉണ്ടായിരുന്നു.
Content Highlight: Report says Cristian Romero will be the next captain of Argentina football team