| Friday, 16th May 2025, 4:19 pm

ആന്‍സലോട്ടി തന്ത്രങ്ങള്‍ തുടങ്ങി മക്കളെ; ലക്ഷ്യം വെക്കുന്നത് വമ്പന്‍ മാറ്റങ്ങള്‍ക്ക്, റിപ്പോര്‍ട്ട്

സ്പോര്‍ട്സ് ഡെസ്‌ക്

കാര്‍ലോ ആന്‍സലോട്ടിയെ ബ്രസീല്‍ ദേശീയ ടീമിന്റെ പുതിയ പരിശീലകനായി തെരഞ്ഞെടുത്തിരുന്നു. ഏതാനും ദിവസം മുന്‍പായിരുന്നു ബ്രസീല്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ ആന്‍സലോട്ടിയെ പരിശീലകസ്ഥാനം ഏല്‍പിച്ച കാര്യം അറിയിച്ചത്. ഫുട്‌ബോള്‍ ടീമിന്റെ പരിശീലക സ്ഥാനം ഏറ്റെടുത്തതിന് പിന്നാലെ പുതിയ നീക്കങ്ങളാണ് തന്ത്രപ്രധാനിയായ പരിശീലകന്‍ ആന്‍സലോട്ടി കൊണ്ടുവരാന്‍ ശ്രമിക്കുന്നത്.

മാഞ്ചസ്റ്റര്‍ യുനൈറ്റഡിനായി കളിക്കുന്ന കസിമിറോയെ ബ്രസീല്‍ ദേശീയ ടീമിലേക്ക് തിരികെ കൊണ്ടുവരുമെന്നും ടീമിന്റെ സഹപരിശീലക സ്ഥാനത്തേക്ക് മുന്‍ ബ്രസീല്‍ താരം കക്കയെ എത്തിക്കണമെന്നും ആന്‍സലോട്ടി ആവശ്യപ്പെട്ടതായി വാര്‍ത്തകളുണ്ടായിരുന്നു.

നേരത്തെ എ.സി മിലാനില്‍ ഒരുമിച്ച് പ്രവര്‍ത്തിച്ചിട്ടുള്ളതിനാല്‍ ഭാവിയില്‍ കക്കയുടെ വരവ് ബ്രസീല്‍ ടീമിന് ഗുണം ചെയ്യുമെന്നുമാണ് ആന്‍സലോട്ടി പറയുന്നത്. നിലവില്‍ കക്ക പരിശീലക വേഷത്തില്‍ സജീവമല്ലെങ്കിലും ആന്‍സലോട്ടിക്കൊപ്പം ചേര്‍ന്നാല്‍ മികച്ച ടീമിനെ വാര്‍ത്തെടുക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ.

മാത്രമല്ല ബ്രസീലിന് വേണ്ടി ഡിഫന്‍സീവ് മിഡ് ഫീല്‍ഡര്‍ കസാമിറോയെ തിരികെ വിളിക്കുമ്പോള്‍ പ്രതിരോധം ശക്തിപ്പെടുത്തുന്ന തന്ത്രത്തെയാവും ആന്‍സലോട്ടി ഉന്നംവെക്കുന്നത്. എന്നാല്‍ ബ്രസീല്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷന്‍ (സി.ബി.എഫ്) ഇക്കാര്യത്തില്‍ ഔദ്യോഗികമായി യാതൊരു പ്രസ്താവനയും നടത്തിയിട്ടില്ല.

എണ്ണാന്‍ മികച്ച താരങ്ങളുണ്ടെങ്കിലും ബ്രസീലിന്റെ നിലവിലെ അവസ്ഥ പരിതാപകരമാണ്. ലോകകപ്പ് യോഗ്യത പോലും മുന്നില്‍ നില്‍ക്കുമ്പോള്‍ താരങ്ങളെ പൂര്‍വാതികം ശക്തിയോടെ കളത്തിലിറക്കാന്‍ ആന്‍സലോട്ടിക്ക് കഴിയുമോ എന്നത് ഒരു ചോദ്യ ചിഹ്നമാണ്.

നെയ്മര്‍ പോലുള്ള വലിയ പേരുകള്‍ ഉണ്ടെങ്കിലും പരിക്കുകളും മോശം ഫോമും ബ്രസീലിനെ ആശങ്കയിലാക്കുന്ന കാര്യമാണ്. അവിടെയാണ് കാര്‍ലോ ആന്‍സലോട്ടിയെ ബ്രസീല്‍ പരീക്ഷിക്കുന്നത്. ബ്രസീലിന്റെ ഫുട്‌ബോള്‍ ചരിത്രത്തില്‍ ആദ്യമായാണ് ഒരു വിദേശ പരിശീലകനെ നിയമിക്കുന്നത്.

എന്നാല്‍ ആന്‍സലോട്ടിയുടെ കഴിവിനേയും താന്‍ പരിശീലകനായി എത്തിയ ടീമുകള്‍ക്ക് നേടിക്കൊടുത്ത ട്രോഫികളുടെ എണ്ണവും വലുതാണ്. 26നാകും ആന്‍സലോട്ടി ഔദ്യോഗികമായി ബ്രസീല്‍ ടീമിന്റെ പരിശീല സ്ഥാനം ഏറ്റെടുക്കുക.

Content Highlight: Report says Carlo Ancelotti is preparing for major changes in the Brazilian football team

We use cookies to give you the best possible experience. Learn more