2026 ഫിഫ ലോകകപ്പ് തുടങ്ങാന്‍ മാസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ ബ്രസീലിന് കനത്ത തിരിച്ചടി. ചെല്‍സിയുടെ യുവതാരം എസ്റ്റാവോ വില്യന്‍ ലോകകപ്പില്‍ നിന്നും പുറത്താവുമെന്നാണ് റിപ്പോര്‍ട്ട്. ഹാംസ്ട്രിങ് ഇഞ്ചുറിയാണ് താരത്തിന് തിരിച്ചടിയായിക്കുന്നത്. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ യൂണൈറ്റഡിനെതിരെയുള്ള മത്സരത്തിലാണ് വില്യന് പരിക്ക് പറ്റിയത്.
ഈ സീസണില്‍ ഇത് രണ്ടാം തവണയാണ് എസ്റ്റാവോക്ക് ഇഞ്ചുറി നേരിടേണ്ടി വരുന്നത്. താരത്തിന് ചെല്‍സിക്കൊപ്പമുള്ള സീസണിലെ ബാക്കി മത്സരങ്ങളും നഷ്ടമാവും. ബ്രസീലിയന്‍ ക്ലബ്ബ് പാല്‍മിറാസില്‍ നിന്നുമാണ് വില്യന്‍ ചെല്‍സിയിലെത്തുന്നത്. ഇംഗ്ലീഷ് ക്ലബ്ബിനൊപ്പം അരങ്ങേറ്റ സീസണില്‍ തന്നെ എട്ട് ഗോളുകളും നാല് അസിസ്റ്റുകളും നേടാന്‍ ബ്രസീലിയന്‍ താരത്തിന് സാധിച്ചിരുന്നു.
ലോകകപ്പിന് മുമ്പായി ഫിറ്റ്‌നസ് തെളിയിക്കാന്‍ സാധിച്ചാല്‍ മാത്രമേ വില്യന് കാര്‍ലോ അന്‍സലോട്ടിയുടെ ടീമില്‍ ഇടം പിടിക്കാന്‍ സാധിക്കുകയുള്ളൂ. മെയ് പകുതിയില്‍ ലോകകപ്പിനുള്ള ബ്രസീല്‍ ടീമിനെ പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. നോക്ക് ഔട്ട് സമയമാവുമ്പോഴേക്കും വില്യനെ ടീമിലെത്തിക്കാനുള്ള സാധ്യതകള്‍ ബ്രസീല്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ ചര്‍ച്ച ചെയ്യുന്നുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.
അര്‍ജന്റൈന്‍ നായകന്‍ ലയണല്‍ മെസിയുടെ കളി ശൈലിയുമായി ഏറെ താരതമ്യം ഉള്ളതിനാല്‍ ബ്രസീലിയന്‍ താരത്തെ ലിറ്റില്‍ മെസിയെന്നും മെസീഞ്ഞോയെന്നും ആരാധകര്‍ വിശേഷിപ്പിക്കാറുണ്ട്. ബ്രസീലിനായി അഞ്ച് ഗോളുകളാണ് താരം നേടിയിട്ടുള്ളത്. താരത്തിന്റെ അഭാവം ലോകകപ്പില്‍ ബ്രസീലിന് കനത്ത തിരിച്ചടിയാവും നല്‍കുക.
അതേസമയം ചരിത്രത്തിലെ ആറാം ലോക കിരീടം ലക്ഷ്യം വെച്ചാണ് ബ്രസീല്‍ ഇത്തവണ ഇറങ്ങുന്നത്. ഇതിഹാസ പരിശീലകന്‍ ആന്‍സലോട്ടിയിലാണ് ബ്രസീലിന്റെ എല്ലാ പ്രതീക്ഷകളും. ബ്രസീലിന്റെ ഫുട്ബോള്‍ ചരിത്രത്തിലെ ആദ്യ വിദേശ പരിശീലകനാണ് ആന്‍സലോട്ടി.
2022ലാണ് ബ്രസീല്‍ അവസാനമായി ലോകകപ്പ് നേടിയത്. നീണ്ട 24 വര്‍ഷങ്ങള്‍ക്ക് ശേഷം ബ്രസീല്‍ ലോകത്തിന്റെ നെറുകയിലെത്തുമോയെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. ലോകകപ്പില്‍ ഗ്രൂപ്പ് സി.യിലാണ് ബ്രസില്‍ ഇടം നേടിയിരിക്കുന്നത്. ഹെയ്തി, മൊറാക്കോ, സ്‌കോട്ലാന്‍ഡ് എന്നിവരാണ് ഗ്രൂപ്പിലെ മറ്റ് ടീമുകള്‍.
Content Highlight: Report says Brazil player Estevao willian will miss 2026 world cup