| Sunday, 9th August 2026, 11:21 am

ലോകകപ്പില്‍ ബ്രസീലിനെ വിറപ്പിച്ചവന്‍ മാഞ്ചസ്റ്റര്‍ സിറ്റിയിലേക്ക്; ഇനി കളി മാറും!

സുദേവ് എ

മൊറോക്കന്‍ യുവതാരം അയ്യൂബ് ബുആദിയെ സ്വന്തമാക്കാനൊരുങ്ങി ഇംഗ്ലീഷ് വമ്പന്മാരായ മാഞ്ചസ്റ്റര്‍ സിറ്റി. താരത്തെ ടീമിലെത്തിക്കാന്‍ 90-100 മില്യണ്‍ യൂറോയുടെ വമ്പന്‍ കരാര്‍ മാഞ്ചസ്റ്റര്‍ സിറ്റി മുന്നോട്ട് വെച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

ആറ് വര്‍ഷത്തെ കരാറില്‍ താരത്തെ ടീമിലെത്തിക്കാന്‍ ധാരണയായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. വരും ദിവസങ്ങളില്‍ താരത്തിന്റെ ട്രാന്‍സ്ഫര്‍ ഔദ്യോഗികമായി പുറത്തുവിടുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഫ്രഞ്ച് ക്ലബ്ബ് ലില്ലെയില്‍ നിന്നുമാണ് 18കാരന്‍ ഇംഗ്ലീഷ് പ്രിമീയര്‍ ലീഗിലേക്ക് കൂടുമാറാനൊരുങ്ങുന്നത്.

2026 ഫിഫ ലോകകപ്പില്‍ മൊറോക്കയുടെ മധ്യനിരയില്‍ നടത്തിയ മിന്നും പ്രകടനങ്ങള്‍ക്ക് പിന്നാലെ അയ്യൂബ് ബുആദിയുടെ പേര് ഫുട്‌ബോള്‍ ലോകത്ത് മുഴങ്ങി കേട്ടിരുന്നു. ലോകകപ്പ് ഗ്രൂപ്പ് ഘട്ടത്തില്‍ ബ്രസീലിനെതിരെയുള്ള താരത്തിന്റെ പ്രകടനമായിരുന്നു ഏറെ ശ്രദ്ധ നേടിയിരുന്നത്.

അഞ്ച് തവണ ലോകം കീഴടക്കിയ കാനറിപ്പടയെ കാഴ്ചക്കാരാക്കിയാണ് 18കാരനായ അയ്യൂബ് ബൗഡി കളംനിറഞ്ഞ് കളിച്ചത്. ബ്രസീലിനെതിരെ മൊറോക്കോയുടെ മധ്യനിരയിലെ എഞ്ചിന്‍ 18കാരനായിരുന്നു. 60 പാസുകളാണ് താരം മത്സരത്തിലുടനീളം സ്വന്തമാക്കിയത്.

ഈ മിന്നും പ്രകടനത്തിലൂടെ 18കാരനിലൂടെ ലോകകപ്പിന്റെ 60 വര്‍ഷത്തെ ചരിത്രവും തിരുത്തപ്പെട്ടു. 60 വര്‍ഷത്തിനിടെ ലോകപ്പില്‍ ഒരു മത്സരത്തില്‍ 50+ പാസുകള്‍ പൂര്‍ത്തിയാക്കുന്ന രണ്ടാമത്തെ യുവതാരമാണ് അയ്യൂബ് ബൗഡി. ആദ്യ ലോകകപ്പില്‍ തന്നെ ചരിത്രം തിരുത്തി വരവറിയിച്ച മൊറോക്കന്‍ താരം ഇംഗ്ലീഷ് പ്രിമീയര്‍ ലീഗിലും അത്ഭുതങ്ങള്‍ സൃഷ്ടിക്കുമെന്നുറപ്പാണ്.

അതേസമയം ഇതിഹാസ പരിശീലകന്‍ പെപ് ഗ്വാര്‍ഡിയോളയുടെ പടിയിറക്കത്തിന് ശേഷം മാഞ്ചസ്റ്റര്‍ സിറ്റി ഇത്തവണ പുതിയ പരിശീലകന്‍ എന്‍സോ മരെസ്‌കയുടെ കീഴിലാണ് പോരാട്ടത്തിനിറങ്ങുന്നത്. പുതിയ സീസണില്‍ മാഞ്ചസ്റ്റര്‍ സിറ്റി പന്തുതട്ടാനൊരുങ്ങുമ്പോള്‍ വമ്പന്‍ താരങ്ങളെ തന്നെ ടീമിലെത്തിക്കാനാവും ടീം ലക്ഷ്യം വെക്കുക.

നീണ്ട വര്‍ഷക്കാലം മാഞ്ചസ്റ്റര്‍ സിറ്റിയുടെ മധ്യനിര അടക്കിഭരിച്ച പോര്‍ച്ചുഗീസ് സൂപ്പര്‍താരം ബെര്‍ണാഡോ സില്‍വ സ്പാനിഷ് വമ്പന്മാരായ റയല്‍ മാഡ്രിഡിലേക്ക് ചേക്കേറിയിരുന്നു. അതുകൊണ്ട് തന്നെ മധ്യനിരയിലേക്ക് മികച്ച താരങ്ങളെ എത്തിക്കാനാവും സിറ്റിയുടെ ലക്ഷ്യം.

ഓഗസ്റ്റ് 21നാണ് ഇംഗ്ലീഷ് പ്രിമീയര്‍ ലീഗിന്റെ പുതിയ സീസണ് തുടക്കമാവുന്നത്. ഓഗസ്റ്റ് 23ന് ബേണ്‍മൗത്തിനെതിരെയാണ് മാഞ്ചസ്റ്റര്‍ സിറ്റിയുടെ ആദ്യ മത്സരം. ഇതിന് മുമ്പായി ഓഗസ്റ്റ് 16ന് നടക്കുന്ന എഫ്.എ കമ്മ്യൂണിറ്റി ഷീല്‍ഡിന്റെ ഫൈനലിലും മാഞ്ചസ്റ്റര്‍ സിറ്റി കളത്തിലിറങ്ങും. നിലവിലെ ലീഗ് ചാമ്പ്യന്മാരായ ആഴ്‌സണലാണ് സിറ്റിയുടെ എതിരാളികള്‍.

Content Highlight: Report says Ayyoub Bouaddi will join Manchester city

സുദേവ് എ

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. നിലവില്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി.

We use cookies to give you the best possible experience. Learn more