സ്പാനിഷ് വെറ്ററൻ ഡിഫൻഡർ സെർജിയോ റാമോസിനെ സ്വന്തമാക്കാൻ ഇംഗ്ലീഷ് ക്ലബ്ബ് ആസ്റ്റൺ വില്ല ഒരുങ്ങുന്നുവെന്ന് റിപ്പോർട്ട്. ഫ്രീ ഏജന്റായി റാമോസിനെ ടീമിലെത്തിക്കാനാണ് ആസ്റ്റൺ വില്ലയുടെ നീക്കം. താരത്തെ ടീമിലെത്തിക്കാനായി വില്ല പരിശീലകൻ ഉനായ് എമറി റാമോസിനെ നേരിട്ട് കണ്ടെന്നും റിപ്പോർട്ടുകളുണ്ട്.
ഫിച്ചാജെസിന്റെ റിപ്പോർട്ട് പ്രകാരം റാമോസിനെ ടീമിലെത്തിച്ചുകൊണ്ട് വില്ലയുടെ പ്രതിരോധ നിര ശക്തമാക്കാനാണ് എമറിയുടെ നീക്കം. ടീമിന്റെ പ്രതിരോധ നിരയിലെ താരങ്ങളായ പാവു ടോറസിനും ഇയാൻ മാറ്റ്സനും പരിക്കേറ്റതിനാൽ വില്ലക്ക് പരിചയസമ്പന്നനായ ഡിഫൻഡറെ അത്യാവശ്യമാണ്.
മെക്‌സിക്കൻ ക്ലബ്ബായ മോൺട്രറേയുമായി കഴിഞ്ഞ ഡിസംബറിൽ കരാർ അവസാനിച്ചതിന് ശേഷം റാമോസ് ഒരു ക്ലബ്ബിന്റെയും ഭാഗമായിരുന്നില്ല. ഇപ്പോൾ തന്റെ കരിയറിൽ ആദ്യമായി ലോകത്തിലെ ഏറ്റവും മികച്ച ലീഗായ ഇംഗ്ലീഷ് പ്രിമീയർ ലീഗിന്റെ കളിത്തട്ടിലേക്ക് റാമോസ് ചേക്കേറാൻ ഒരുങ്ങുകയാണ്. മെഡിക്കൽ പരിശോധനയിൽ താരം ഫിറ്റാണെങ്കിൽ 40ാം വയസിൽ താരം പുതിയ അധ്യായത്തിന് തുടക്കമിടും.
യൂറോപ്പിലെ മികച്ച ക്ലബ്ബുകളിൽ കളിച്ച അനുഭവസമ്പത്തുള്ള താരമാണ് റാമോസ്. റയൽ മാഡ്രിഡിന്റെ എക്കാലത്തെയും മികച്ച പ്രതിരോധത്തിൽ റാമോസ്. റയൽ മാഡ്രിഡിന്റെ പ്രതിരോധ നിരയിലെ വിശ്വസ്ത താരമായ റാമോസ് ലോസ് ബ്ലാങ്കോസിനൊപ്പം നാല് ചാമ്പ്യൻസ് ലീഗ് അടക്കം നിരവധി കിരീട നേട്ടങ്ങളിൽ പങ്കാളിയായിട്ടുണ്ട്.
റയലിന് പുറമെ ഫ്രഞ്ച് വമ്പന്മാരായ പാരീസ് സെയ്ന്റ് ജെർമെയ്ൻ, സ്പാനിഷ് ക്ലബ്ബ് സെവിയ്യ എഫ്.സി എന്നീ ടീമുകൾക്ക് വേണ്ടിയും റാമോസ് ബൂട്ടുകെട്ടിയിട്ടുണ്ട്.
ഇന്റർനാഷണൽ തലത്തിലും വ്യക്തിമുദ്ര പതിപ്പിച്ച താരമാണ് റാമോസ്. സ്പാനിഷ് ടീമിനൊപ്പം 2010ൽ ലോകകപ്പും 2008, 2012 വർഷങ്ങളിൽ യൂറോ കപ്പും 40കാരൻ നേടിയിട്ടുണ്ട്.
അതേസമയം ഇംഗ്ലീഷ് പ്രിമീയർ ലീഗിന്റെ ഈ സീസണിൽ നിരാശപ്പെടുത്തിയ പ്രകടനമാണ് ആസ്റ്റൺ വില്ല നടത്തിക്കൊണ്ടിരിക്കുന്നത്. പോയിന്റ് പട്ടികയിൽ നിലവിൽ 19ാം സ്ഥാനത്താണ് വില്ല.
നാല് മത്സരങ്ങൾ പിന്നിട്ടപ്പോൾ ഒരു സമനിലയും മൂന്ന് തോൽവിയുമടക്കം ഒരു പോയിന്റ് മാത്രമാണ് ടീമിന്റെ അക്കൗണ്ടിലുള്ളത്. എന്നാൽ യുവേഫ ചാമ്പ്യൻസ് ലീഗിൽ ടീമിന് ആദ്യ മത്സരത്തിൽ വിജയിക്കാൻ സാധിച്ചിട്ടുണ്ട്. ബെൽജിയൻ ടീം ക്ലബ്ബ് ബ്രൂഗ്ഗെ കെ.വിയെ 3-2നായിരുന്നു വില്ല തകർത്തത്.
നിലവിലെ യുവേഫ യൂറോപ്പ ലീഗ് ചാമ്പ്യന്മാരും ആസ്റ്റൺ വില്ലയാണ്. ജർമൻ ക്ലബ്ബ് ഫ്രെയ്ബർഗിനെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് വീഴ്ത്തിയായിരുന്നു ആസ്റ്റൺ വില്ല യൂറോപ്പ ലീഗ് ചാമ്പ്യന്മാരായിരുന്നത്. ക്ലബ്ബിന്റെ ആദ്യ യുവേഫ യൂറോപ്പ ലീഗ് കിരീട നേട്ടമായിരുന്നു ഇത്.
നീണ്ട 44 വർഷങ്ങൾക്ക് ശേഷമായിരുന്നു ആസ്റ്റൺ വില്ല യൂറോപ്പിലെ ഒരു മേജർ കിരീടം സ്വന്തമാക്കി. 1982ലായിരുന്നു ആസ്റ്റൺ വില്ല ഇതിന് മുമ്പ് യൂറോപ്യൻ കിരീടം സ്വന്തമാക്കിയിരുന്നത്. ജർമൻ വമ്പന്മാരായ ബയേൺ മ്യൂണിക്കിനെ വീഴ്ത്തിയായിരുന്നു 44 വർഷങ്ങൾക്ക് മുമ്പ് ക്ലബ്ബിന്റെ നേട്ടം.
Content Highlight: Report says Aston Villa want sing Sergio Ramos