| Wednesday, 5th August 2026, 9:09 am

സൂപ്പര്‍ താരവുമായുള്ള തര്‍ക്കം, അഗാര്‍ക്കര്‍ പുറത്തേക്ക്? പകരക്കാരന്‍ ഇന്ത്യന്‍ ഇതിഹാസം

സുദേവ് എ

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ചീഫ് സെലക്ടര്‍ സ്ഥാനത്ത് നിന്നും അജിത് അഗാര്‍ക്കറെ നീക്കം ചെയ്യുമെന്ന് റിപ്പോര്‍ട്ട്. മുന്‍ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയുടെ ഏകദിന ക്രിക്കറ്റിലെ ഭാവിയെ സംബന്ധിച്ച തര്‍ക്കങ്ങളാണ് അഗാര്‍ക്കറെ പുറത്തേക്ക് നയിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.

ചീഫ് സെലക്ടറായുള്ള അഗാര്‍ക്കറിന്റെ കാലാവധി 2026 ജൂണില്‍ അവസാനിക്കേണ്ടതായിന്നു. എന്നാല്‍ ബി.സി.സി.ഐ മൂന്ന് മാസത്തേക്ക് കൂടി മുന്‍ ഇന്ത്യന്‍ പേസര്‍ക്ക് സമയം നീട്ടി നല്‍ക്കുകയായിരുന്നു.

എന്നാല്‍ രോഹിത് ശര്‍മയുടെ ഏകദിന ഭാവിയെ കുറിച്ചുള്ള പ്രശ്‌നങ്ങള്‍ സമീപകാലങ്ങളില്‍ ഇന്ത്യന്‍ ക്രിക്കറ്റില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയിരുന്നു. ഇംഗ്ലണ്ടിനെതിരെയുള്ള മൂന്ന് ഏകദിന മത്സരങ്ങളുടെ പരമ്പരയിലെ അവസാന മത്സരത്തില്‍ രോഹിത് ശര്‍മ വിരമിക്കുമെന്ന വാര്‍ത്തകള്‍ ശക്തമായി നിലനിന്നിരുന്നു.

രോഹിത്തിനെ ഏകദിന ടീമില്‍ നിന്നും ഒഴിവാക്കുന്നതിനെ സംബന്ധിച്ച് അഗാര്‍ക്കറിന്റെ നേതൃത്വത്തിലുള്ള സെലക്ഷന്‍ കമ്മിറ്റി പരിശീലകന്‍ ഗൗതം ഗംഭീറിന്റെ നേതൃത്വത്തിലുള്ള ടീം മാനേജ്‌മെന്റുമായി ചര്‍ച്ച നടത്തിയിരുന്നുവെന്നായിരുന്നു അഭ്യൂഹങ്ങള്‍. എന്നാല്‍ ലോര്‍ഡ്സില്‍ നടന്ന അവസാന മത്സരത്തില്‍ രോഹിത് സെഞ്ച്വറി നേടി ശക്തമായി തിരിച്ചു വരികയായിരുന്നു.

ഇന്ത്യന്‍ ഇതിഹാസം വി.വി.എസ് ലക്ഷ്മണ്‍ അഗാര്‍ക്കറിന്റെ പകരക്കാരനായെത്തുമെന്നും റിപ്പോര്‍ട്ടുകള്‍ നിലനില്‍ക്കുന്നുണ്ട്. അഭിഷേക് ത്രിപാതിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. പരിശീലകനായി അടുത്തിടെ ലക്ഷ്മണിന്റെ കീഴില്‍ ഇന്ത്യ സിംബാബ്‌വേക്കെതിരെയുള്ള ടി-20 പരമ്പര സ്വന്തമാക്കിയിരുന്നു.

ടി-20 ലോകകപ്പിന് ശേഷവും പുതിയ ക്യാപ്റ്റന്‍ ശ്രേയസ് അയ്യരുടെ കീഴിലും ഇന്ത്യക്ക് ടി-20യില്‍ വിജയം നേടാന്‍ സാധിക്കാതെ പോയ സാഹചര്യത്തിലായിരുന്നു ലക്ഷ്മണ്‍ താത്കാലിക പരിശീലകനായി സിംബാബ്‌വേ പര്യടനത്തിലെത്തിയത്.

ക്യാപ്റ്റനായി ചുമതലയേറ്റ ശേഷം നടന്ന അയര്‍ലാന്‍ഡ്, ഇംഗ്ലണ്ട് എന്നീ ടീമുകള്‍ക്കെതിരെയുള്ള പരമ്പരകള്‍ ശ്രേയസിന്റെ കീഴില്‍ ഇന്ത്യ പരാജയപ്പെട്ടിരുന്നു. എന്നാല്‍ മൂന്നാം പരമ്പരയില്‍ ഇന്ത്യ അയ്യരുടെ കീഴില്‍ വിജയം കൈവരിക്കുകയായിരുന്നു. ഈ സാഹചര്യത്തില്‍ ലക്ഷ്മണിന്റെ പേര് തന്നെയാവും മുന്നിരയിലുണ്ടാവുക.

അതേസമയം ഇനി ഇന്ത്യന്‍ ടീമിന്റെ മുന്നിലുള്ളത് ശ്രീലങ്കക്കെതിരെയുള്ള ടെസ്റ്റ് പരമ്പരയാണ്. രണ്ട് ടെസ്റ്റ് മത്സരങ്ങളാണ് ഇന്ത്യ ശ്രീലങ്കയില്‍ കളിക്കുക. പരമ്പരയിലെ ആദ്യ മത്സരം ഓഗസ്റ്റ് 15 മുതല്‍ 19 വരെ ഗല്ലെയിലാണ് നടക്കുക. രണ്ടാം മത്സരം ഓഗസ്റ്റ് 23 മുതല്‍ 27 വരെ കൊളംബോയിലും നടക്കും.

ശ്രീലങ്കക്കെതിരെയുള്ള ടെസ്റ്റ് പരമ്പരക്കുള്ള ഇന്ത്യന്‍ സ്‌ക്വാഡ്

ശുഭ്മന്‍ ഗില്‍ (ക്യാപ്റ്റന്‍), കെ.എല്‍. രാഹുല്‍, യശസ്വി ജെയ്സ്വാള്‍, റിഷബ് പന്ത് (വിക്കറ്റ് കീപ്പര്‍), സായ് സുദര്‍ശന്‍, ധ്രുവ് ജുറെല്‍ (വിക്കറ്റ് കീപ്പര്‍), രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ്, മാനവ് സുതര്‍, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ, ഗുര്‍നൂര്‍ ബ്രാര്‍, ദേവ്ദത്ത് പടിക്കല്‍, സാരാന്‍ഷ് ജെയ്ന്‍, ഔഖിബ് നബി ധാര്‍.

Content Highlight: Report says Ajit Agarkar to be removed from the post of chief selector of the Indian team

സുദേവ് എ

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. നിലവില്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി.

Latest Stories

We use cookies to give you the best possible experience. Learn more