| Monday, 11th May 2026, 7:13 pm

തമിഴകത്ത് രണ്ടില പിളരുന്നു; അണ്ണാ ഡി.എം.കെയില്‍ എടപ്പാടി പളനിസാമിക്കെതിരെ പടയൊരുക്കം, വിജയ്‌യ്ക്ക് പിന്തുണ നല്‍കാന്‍ വിമത നീക്കം

ആദര്‍ശ് എം.കെ.

ചെന്നൈ: നിയമസഭാ തെരഞ്ഞെടുപ്പിലേറ്റ കനത്ത പരാജയത്തിന് പിന്നാലെ അണ്ണാ ഡി.എം.കെ പിളര്‍പ്പിന്റെ വക്കിലെന്ന് റിപ്പോര്‍ട്ട്. ജനറല്‍ സെക്രട്ടറി എടപ്പാടി കെ. പളനിസാമിയുടെ നേതൃത്വമാണെന്ന് പാര്‍ട്ടിയുടെ കനത്ത തകര്‍ച്ചയ്ക്ക് കാരണമെന്ന് ആരോപിച്ച് മുതിര്‍ന്ന നേതാക്കള്‍ ഉള്‍പ്പെടെയുള്ള ഒരു വിഭാഗം രംഗത്തെത്തിയതോടെ പാര്‍ട്ടിയില്‍ ആഭ്യന്തര കലഹം രൂക്ഷമായിരിക്കുകയാണ്.

സത്യപ്രതിജ്ഞാ ചടങ്ങിനായി അണ്ണാ ഡി.എം.കെ എം.എല്‍.എമാര്‍ നിയമസഭയിലെത്തിയത് രണ്ട് വ്യത്യസ്ത ഗ്രൂപ്പുകളായാണ്. എം.ജി.ആറിന്റെയും ജയലളിതയുടെയും കാലം മുതല്‍ തുടര്‍ന്നുപോന്നിരുന്ന പാരമ്പര്യം തകര്‍ത്തുകൊണ്ടാണ് ഈ നീക്കം നടന്നത്.

കെ.പി. മുനുസാമി, തളവായ് സുന്ദരം എന്നിവര്‍ പളനിസാമിക്കൊപ്പമെത്തിയപ്പോള്‍, എസ്.പി. വേലുമണിയുടെയും ഡോ. സി. വിജയ്ഭാസ്‌കറിന്റെയും നേതൃത്വത്തിലാണ് മറ്റൊരു വിഭാഗം എത്തിയത്.

234 അംഗ സഭയില്‍ വെറും 47 സീറ്റുകളിലേക്ക് എ.ഐ.എ.ഡി.എം.കെ ഒതുങ്ങിയതും വോട്ട് വിഹിതം 2021ലെ 33.5 ശതമാനത്തില്‍ നിന്ന് 21.21 ശതമാനമായി കുറഞ്ഞതുമാണ് പളനിസാമിക്കെതിരെയുള്ള നീക്കങ്ങള്‍ക്ക് ആക്കം കൂട്ടിയത്.

പ്രതിപക്ഷ നേതൃസ്ഥാനം പോലും നഷ്ടപ്പെട്ടത് പാര്‍ട്ടിക്കുള്ളില്‍ വലിയ അപമാനമായാണ് കരുതപ്പെടുന്നത്.

പാര്‍ട്ടിയുടെ 47 എം.എല്‍.എമാരില്‍ 30 പേരും എസ്.പി. വേലുമണിയെ നിയമസഭാ കക്ഷി നേതാവാക്കാന്‍ പിന്തുണച്ചതായാണ് വിവരം. വെറും 17 പേര്‍ മാത്രമാണ് പളനിസാമിയെ പിന്തുണച്ചത്.. ഇതോടെ വേലുമണി പുതിയ നിയമസഭാ കക്ഷി നേതാവായേക്കുമെന്ന് സൂചനയുണ്ട്.

മുഖ്യമന്ത്രി വിജയ്‌യുടെ നേതൃത്വത്തിലുള്ള തമിഴക വെട്രി കഴകത്തിന് (ടി.വി.കെ) പുറത്തുനിന്ന് പിന്തുണ നല്‍കണമെന്ന് വേലുമണിയും സി.വി. ഷണ്‍മുഖവും ആവശ്യപ്പെടുന്നു. പളനിസാമി ഈ നീക്കത്തെ എതിര്‍ത്തെങ്കിലും വിമത വിഭാഗം ടി.വി.കെ നേതൃത്വവുമായി ആശയവിനിമയം നടത്തിയതായതായാണ് റിപ്പോര്‍ട്ട്.

അണ്ണാ ഡി.എം.കെ എം.എല്‍.എമാരുടെ പിന്തുണ സ്വീകരിക്കാന്‍ വിജയ് ഒരു നിബന്ധന മുന്നോട്ടുവെച്ചുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. എം.എല്‍.എമാര്‍ സ്ഥാനം രാജിവെച്ച് ടി.വി.കെയുടെ ‘വിസില്‍’ ചിഹ്നത്തില്‍ ഉപതെരഞ്ഞെടുപ്പില്‍ മത്സരിച്ച് ജയിച്ചു വരണമെന്നാണ് വിജയ് ആവശ്യപ്പെട്ടത്. ഇത് പല എം.എല്‍.എമാരെയും ആശങ്കയിലാക്കിയിട്ടുണ്ട്.

നിലവിലെ സാഹചര്യത്തില്‍ പളനിസാമിക്ക് എം.എല്‍.എമാരുടെ പിന്തുണ നിലനിര്‍ത്താന്‍ കഴിഞ്ഞില്ലെങ്കില്‍, ജയലളിതയുടെ മരണശേഷം പാര്‍ട്ടി നേരിടുന്ന ഏറ്റവും വലിയ തകര്‍ച്ചയ്ക്കായിരിക്കും തമിഴ്‌നാട് സാക്ഷ്യം വഹിക്കുക.

Content Highlight: Report says AIADMK on the verge of split after heavy defeat in elections

ആദര്‍ശ് എം.കെ.

ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more