ഖലീഫ, വാരണാസി, സലാര്‍ 2 എന്നിങ്ങനെ വമ്പന്‍ പ്രൊജക്ടുകളുടെ പണിപ്പുരയിലാണ് ഇപ്പോള്‍ പൃഥ്വിരാജ്. പോക്കിരാജക്ക് ശേഷം വൈശാഖ്-പൃഥ്വിരാജ് കൂട്ടുകെട്ട് ഒന്നിക്കുന്ന ഖലീഫ ഓണം റിലീസായാണ് തിയേറ്ററുകളിലെത്തുന്നത്. അനൗണ്‍സ്‌മെന്റ് മുതല്‍ വലിയ പ്രതീക്ഷകള്‍ ഉണ്ടായിരുന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ ക്യാമിയോ റോളില്‍ എത്തുന്നുവെന്നതും ആരാധകരെ ആവേശത്തിലാഴ്ത്തുന്നുണ്ട്.
ഇപ്പോഴിതാ പൃഥ്വിരാജിന്റെ അടുത്ത സിനിമയുമായി ബന്ധപ്പെട്ട വാര്‍ത്തകളാണ് സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നത്. സംവിധായകന്‍ ആഷിഖ് അബുവുമായി പൃഥ്വിരാജ് ഒന്നിക്കുന്നുവെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍. ഇതുവരെ ഔദ്യോഗികമായി റിപ്പോര്‍ട്ടുകളൊന്നും പുറത്തുവന്നിട്ടില്ലെങ്കിലും ഇരുവും ആദ്യമായി ഒന്നിക്കുന്നുവെന്ന വാര്‍ത്തകള്‍ ഇതിനോടകം തന്നെ സമൂഹമാധ്യമങ്ങളില്‍ നിറയുന്നുണ്ട്.
ടൊവിനോയെ നായകനാക്കി ആഷിഖ് അബു സംവിധാനം ചെയ്ത നീലവെളിച്ചം ആദ്യം ചെയ്യാനിരുന്നത് പൃഥ്വിരാജായിരുന്നു. പൃഥ്വിരാജ്, കുഞ്ചാക്കോ ബോബന്‍ തുടങ്ങി വന്‍താരനിര ഒന്നിക്കാനിരുന്ന സിനിമ പിന്നീട് ചില കാരണങ്ങളാല്‍ ടൊവിനോയിലേക്ക് എത്തുകയായിരുന്നു.
മുമ്പ് മറ്റൊരു പ്രൊജക്ടിനായും ഇരുവരും ഒന്നിക്കുന്നുവെന്ന റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ചില സാങ്കേതിക കാരണങ്ങളാല്‍ നടന്നില്ല. ഇപ്പോഴിതാ പ്രേക്ഷകര്‍ ഒന്നിക്കാന്‍ ആഗ്രഹിച്ച കോമ്പോ പുതിയ സിനിമയ്ക്കായി ഒന്നിക്കുന്നുവെന്ന വാര്‍ത്തകളാണ് സമൂഹമാധ്യമങ്ങളില്‍ നിറയുന്നത്.
റൈഫിള്‍ ക്ലബാണ് ആഷിഖ് അബുവിന്റേതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. ശ്യാം പുഷ്‌കരന്‍, ദിലീഷ് കരുണാകരന്‍, സുഹാസ് എന്നിവര്‍ ചേര്‍ന്ന് രചന നിര്‍വ്വഹിച്ച ചിത്രം 2024ലാണ് പുറത്തിറങ്ങിയത്. ദിലീഷ് പോത്തന്‍, വിജയരാഘവന്‍, വാണി വിശ്വനാഥ്, അനുരാഗ് കശ്യപ്, സുരേഷ് കൃഷ്ണ , വിനീത് കുമാര്‍ , ഹനുമാന്‍കൈന്‍ഡ്, ദര്‍ശന രാജേന്ദ്രന്‍, സുരഭി ലക്ഷ്മി തുടങ്ങിയവര്‍ പ്രധാനവേഷത്തിലെത്തിയിരുന്നു.
വൈശാഖിന്റെ സംവിധാനത്തില്‍ പൃഥ്വിരാജ് നായകനായെത്തുന്ന ഖലീഫ ഓഗസ്റ്റില്‍ തിയേറ്ററില്‍ എത്തും എന്നാണ് റിപ്പോര്‍ട്ട്. സ്വര്‍ണ്ണ കള്ളക്കടത്തിന്റെ പശ്ചാത്തലത്തില്‍ വലിയ ക്യാന്‍വാസില്‍ ഒരുങ്ങുന്ന ചിത്രം ആയിരിക്കും ഖലീഫ.
മഹേഷ് ബാബുവിനെ നായകനാക്കി എസ്.എസ് രാജമൗലി സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം വാരണാസിയില്‍ പൃഥ്വിരാജ് പ്രധാനവേഷത്തിലെത്തുന്നുണ്ട്. സിനിമയില്‍ കുംഭ എന്ന കഥാപാത്രമായാണ് പൃഥ്വി എത്തുന്നത്. ചിത്രം 2027ല്‍ തിയേറ്ററുകളിലെത്തുമെന്നാണ് റിപ്പോര്‍ട്ട്.
Content Highlight: Report says Aashiq Abu and Prithviraj to team up for next film