| Monday, 3rd August 2026, 9:48 pm

രാഷ്ട്രീയ അസ്ഥിരതയും സുരക്ഷാ ആശങ്കയും; കഴിഞ്ഞ 3 വര്‍ഷത്തിനിടെ 2,68,000ലധികം ഇസ്രഈലികള്‍ രാജ്യം വിട്ടതായി റിപ്പോര്‍ട്ട്

ആദർശ് എം.കെ.

ടെല്‍ അവീവ്: കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടയില്‍ 2,68,000ത്തിലധികം ഇസ്രഈലികള്‍ രാജ്യം വിട്ട് മറ്റ് രാജ്യങ്ങളിലേക്ക് കുടിയേറിയതായി പഠന റിപ്പോര്‍ട്ട്. സെന്‍ട്രല്‍ ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്‌സില്‍ നിന്നുള്ള വിവരങ്ങളും മറ്റ് ഔദ്യോഗിക കണക്കുകളും അടിസ്ഥാനമാക്കിയാണ് ഈ റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്.

കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ ഇസ്രഈല്‍ വിട്ടവരുടെ എണ്ണം മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് കുത്തനെ ഉയര്‍ന്നതായാണ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്.

പ്രൊഫ. ഇത്തായ് ആതര്‍ (എക്കണോമിസ്റ്റ്‌സ് ഫോര്‍ ഡെമോക്രസി ഫോറം മേധാവി), പ്രൊഫ. നിതായി ബെര്‍ഗ്മാന്‍ (സ്‌കൂള്‍ ഓഫ് എക്കണോമിക്‌സ് മേധാവി), ദൊറോണ്‍ സമീര്‍ (ഗവേഷക വിദ്യാര്‍ത്ഥി) എന്നിവരാണ് ഇസ്രഈല്‍ സെന്‍ട്രല്‍ ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്‌സ് ഡാറ്റ അപഗ്രഥിച്ച് പഠനം നടത്തിയത്.

രാജ്യത്ത് നിലനില്‍ക്കുന്ന ശക്തമായ രാഷ്ട്രീയ അസ്ഥിരത, സുരക്ഷാ ആശങ്കകള്‍, നീതിന്യായ വ്യവസ്ഥയിലെ പരിഷ്‌കാരങ്ങളെച്ചൊല്ലിയുള്ള ആഭ്യന്തര തര്‍ക്കങ്ങള്‍, ഉയര്‍ന്ന ജീവിതച്ചെലവ് എന്നിവയാണ് ആളുകള്‍ ഇസ്രഈല്‍ വിടാന്‍ പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.

റിപ്പോര്‍ട്ട് അനുസരിച്ച് 2023ല്‍ 86,509 ആളുകളും 2024ല്‍ 91,499 ആളുകളും 2025ല്‍ 90,922 ആളുകളും രാജ്യം വിട്ടിട്ടുണ്ട്. ആകെ 2,68,509 ആളുകള്‍ ഈ മൂന്ന് വര്‍ഷത്തില്‍ രാജ്യം വിട്ടത്.

2013-2015 കാലയളവില്‍ 1,83,219 പേര്‍ മാത്രമാണ് ഇത്തരത്തില്‍ രാജ്യം വിട്ടിരുന്നത്. 2010 മുതല്‍ 2019 വരെയുള്ള കാലഘട്ടത്തില്‍ പ്രതിവര്‍ഷം ശരാശരി 60,000 ആളുകള്‍ മാത്രമാണ് പുറത്തുപോയിരുന്നത്.

ഇവരില്‍ ഭൂരിഭാഗവും ഉയര്‍ന്ന വിദ്യാഭ്യാസമുള്ളവരും പ്രൊഫഷണലുകളുമാണ് എന്നതാണ് രാജ്യം നേരിടുന്ന മറ്റൊരു വെല്ലുവിളി. ഡോക്ടര്‍മാര്‍, എഞ്ചിനീയര്‍മാര്‍, ഐ.ടി/ഹൈടെക് വിദഗ്ദ്ധര്‍, ശാസ്ത്രജ്ഞര്‍, ഗവേഷകര്‍ എന്നിവരാണ് പ്രധാനമായും രാജ്യം വിടുന്നത്.

രാജ്യത്തെ നിലവിലെ സാമൂഹിക-രാഷ്ട്രീയ സാഹചര്യങ്ങള്‍ ജനങ്ങളില്‍ ഉണ്ടാക്കുന്ന അനിശ്ചിതത്വത്തിന്റെ വ്യാപ്തി വെളിപ്പെടുത്തുന്നതാണ് ഈ കണക്കുകള്‍.

രാജ്യത്തുനിന്നുള്ള പ്രതിഭകളുടെ ചോര്‍ച്ചയും (Brain Drain) യുവാക്കളും വിദഗ്ദ്ധ തൊഴിലാളികളും വിദേശത്തേക്ക് കുടിയേറുന്നതും ഇസ്രഈലിന്റെ സാമ്പത്തിക രംഗത്തെയും സാമൂഹിക ഭദ്രതയെയും ഭാവിയില്‍ ദോഷകരമായി ബാധിച്ചേക്കാമെന്ന് വിദ്ഗ്ദ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.

സ്ഥിരമായി രാജ്യം വിടുന്നവരുടെ എണ്ണം വര്‍ധിക്കുന്നത് രാജ്യത്തെ തൊഴില്‍ മേഖലയിലും സാങ്കേതിക വിദ്യാരംഗത്തും ഹൈടെക് വ്യവസായങ്ങളിലും വലിയ തിരിച്ചടിയുണ്ടാക്കുമെന്നാണ് വിലയിരുത്തല്‍.

ഈ കുടിയേറ്റം ഇപ്പോള്‍ ഇസ്രഈലിന്റെ നിലനില്‍പ്പിന് പെട്ടെന്ന് തകര്‍ച്ചയുണ്ടാക്കില്ലെങ്കിലും, രാഷ്ട്രീയ/സുരക്ഷാ പ്രശ്‌നങ്ങള്‍ തുടരുകയാണെങ്കില്‍ കൂടുതല്‍ പ്രൊഫഷണലുകള്‍ രാജ്യം വിടാന്‍ ഇത് പ്രേരണയാകുമെന്നാണ് വിദഗ്ധര്‍ നല്‍കുന്ന മുന്നറിയിപ്പ്.

Content Highlight: Report: Over 268,000 Israelis have left the country in the last three years.

ആദർശ് എം.കെ.

ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more