ടെല്‍ അവീവ്: ഇസ്രഈല്‍ ലോക സമാധാനത്തിന് ഏറ്റവും വലിയ ഭീഷണിയാണെന്ന് ഭൂരിഭാഗം ബ്രിട്ടീഷുകാരും വിശ്വസിക്കുന്നതായി റിപ്പോര്‍ട്ട്. ലോകസമാധാനത്തിന് ഏറ്റവും വലിയ ഭീഷണി ഇസ്രഈലാണെന്ന് 78 ശതമാനം ബ്രിട്ടീഷുകാരും കരുതുന്നതായി നാഷണല്‍ സെന്റര്‍ ഫോര്‍ റിസര്‍ച്ച് പുറത്തുവിട്ട ബ്രിട്ടീഷ് സോഷ്യല്‍ ആറ്റിറ്റിയൂഡ്‌സ് പഠനത്തില്‍ പറയുന്നു.
2025ല്‍ 48 ശതമാനം മാത്രമായിരുന്നു ഇത്. നിലവില്‍ ഇറാന്‍, അമേരിക്ക എന്നീ രാജ്യങ്ങളെക്കാള്‍ ഉയര്‍ന്ന നിരക്കിലാണ് ഇത്. ആഗോള സമാധാനത്തിന് ഭീഷണിയായ രാജ്യങ്ങളുടെ പട്ടികയില്‍ റഷ്യയ്ക്ക് (89%) പിന്നില്‍ രണ്ടാം സ്ഥാനത്താണ് ഇസ്രഈല്‍, ഇറാന്‍ (75%), അമേരിക്ക (74%), ഉത്തരകൊറിയ (66%), ചൈന (62%) എന്നീ രാജ്യങ്ങളെക്കാള്‍ കൂടുതല്‍ പേര്‍ ഇസ്രഈലിനെ ഭീഷണിയായി കാണുന്നു.
2023 ഒക്ടോബറിന് ശേഷം ഗസയിലുണ്ടായ കനത്ത നാശനഷ്ടങ്ങളും, 2026-ല്‍ ഇറാനെതിരെ അമേരിക്കയും ഇസ്രഈലും സംയുക്തമായി നടത്തിയ സൈനിക നീക്കങ്ങളുമാണ് ഇസ്രഈലിന്റെ പ്രതിച്ഛായയ്ക്ക് ഇത്രയധികം മങ്ങലേല്‍പ്പിച്ചതെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
ഗ്രീന്‍ പാര്‍ട്ടി അനുയായികളില്‍ 88 ശതമാനം പേരും ലേബര്‍ പാര്‍ട്ടി അനുയായികളില്‍ 84 ശതമാനം പേരും ഇസ്രഈലിനെ ഭീഷണിയായി കാണുന്നു. ലിബറല്‍ ഡെമോക്രാറ്റുകളില്‍ 79 ശതമാനവും, കണ്‍സര്‍വേറ്റീവ് പാര്‍ട്ടി അനുയായികളില്‍ 70 ശതമാനവും, റിഫോം യു.കെ അനുയായികളില്‍ 62 ശതമാനവും ഇതേ അഭിപ്രായക്കാരാണ്. പശ്ചിമേഷ്യയിലെ സമീപകാല സംഘര്‍ഷങ്ങളും യുദ്ധങ്ങളും ബ്രിട്ടീഷ് പൊതുജനങ്ങളുടെ കാഴ്ചപ്പാടില്‍ വലിയ മാറ്റങ്ങളുണ്ടാക്കിയെന്നാണ് ഈ പഠനം സൂചിപ്പിക്കുന്നത്
Content Highlight: Report: Majority of Britons consider Israel a threat to world peace