| Friday, 16th May 2025, 5:09 pm

മെസി കേരളത്തിലേക്കില്ല; സൗഹൃദ മത്സരങ്ങള്‍ക്ക് കാത്തിരിപ്പ് നീളും!

സ്പോര്‍ട്സ് ഡെസ്‌ക്

ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസിയുടെ കേരളത്തിലേക്കുള്ള വരവിന് ഇനിയും കാത്തിരിക്കേണ്ടിവരുമെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷം നവംബറില്‍ കേരള കായിക മന്ത്രി വി. അബ്ദുറഹ്മാനും സംഘവും സ്‌പെയിനില്‍ നടന്ന ഒരു യോഗത്തിന് ശേഷം അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷനുമായി ചര്‍ച്ചകള്‍ നടത്തി മെസിയും സംഘവും കേരളത്തിലെത്തുമെന്ന് സ്ഥിരീകരിച്ചത്. ലോകകപ്പിന് മുന്നോടിയായുള്ള സൗഹൃദ മത്സരങ്ങളുടെ ഭാഗമായി കേരളത്തില്‍ കുറഞ്ഞത് രണ്ട് അന്താരാഷ്ട്ര മത്സരമെങ്കിലും കളിക്കുമെന്നും റിപ്പോര്‍ട്ട് ഉണ്ടായിരുന്നു.

എന്നാല്‍ 2026ലെ അര്‍ജന്റീനയുടെ ഷെഡ്യൂള്‍ ഇപ്പോള്‍ പുറത്തുവന്നതോടെ ചൈന, ഖത്തര്‍, ആഫ്രിക്ക എന്നിവിടങ്ങളില്‍ മെസി കളിക്കുന്നതെന്നാണ് പുതിയ റിപ്പോര്‍ട്ട്. ഇതോടെ കേരളത്തില്‍ മെസി കളിക്കാനുള്ള സാധ്യത വളരെ കുറവാണെന്നാണ് എന്‍ഡ.ഡി.ടി.വി അടക്കമുള്ളവര്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

2011ല്‍ കൊല്‍ക്കത്തയിലെ സാള്‍ട്ട് ലേക്ക് സ്‌റ്റേഡിയത്തില്‍ നടന്ന അന്താരാഷ്ട്ര സൗഹൃദ മത്സരത്തില്‍ അര്‍ജന്റീനയും വെനിസ്വേലയും തമ്മിലുള്ള മത്സരത്തിലാണ് ലയണല്‍ മെസി അവസാനമായി ഇന്ത്യയില്‍ കളിച്ചത്.

2026 അവസാന പാദത്തില്‍ ഏറെ മെസി കേരളത്തില്‍ വരുമെന്ന് ഏറെ പ്രതീക്ഷയോടെ കാത്തിരുന്നെങ്കിലും പ്രതീക്ഷകള്‍ അസ്തമിച്ചിരിക്കുകയാണ്. ഇതോടെ കേരളത്തിലേക്കുള്ള മെസിയുടെ വരവിന് ഫുട്‌ബോള്‍ പ്രേമികളുടെ കാത്തിരിപ്പ് ഇനിയും തുടരേണ്ടി വരും.

അര്‍ജന്റീന ടീമിനെ കേരളത്തിലെത്തിക്കാന്‍ 100 കോടി ചെലവ് വരുമെന്ന് കായിക മന്ത്രി നേരത്തെ അറിയിച്ചിരുന്നു. സ്‌പോണ്‍സര്‍മാര്‍ക്ക് ഇത് സമാഹരിക്കാന്‍ കഴിയാതെ വന്നതോടെ അര്‍ജന്റീന കേരളത്തിലെത്തുന്നത് റദ്ധാക്കിയേക്കുമെന്നും നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

Content Highlight: Report: Lionel Messi’s arrival in Kerala will have to wait a little longer

 
We use cookies to give you the best possible experience. Learn more