| Saturday, 30th April 2016, 2:25 pm

പി.കെ ജയലക്ഷമിക്കെതിരായ റിപ്പോര്‍ട്ട് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം:  നാമനിര്‍ദേശ പട്ടികയില്‍ രേഖപ്പെടുത്തിയ വിദ്യഭ്യാസ യോഗ്യത സംബന്ധിച്ചും പണത്തിന്റെ കണക്ക് കാണിച്ചില്ലെന്നുമുള്ള പരാതിയില്‍ മന്ത്രി പി.കെ ജയലക്ഷമിക്കെതിരായ റിപ്പോര്‍ട്ട് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനിലേക്ക്. ഇതു സംബന്ധിച്ചുള്ള സബ്കലക്ടറുടെ റിപ്പോര്‍ട്ട് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറാണ് കൈമാറുക. റിപ്പോര്‍ട്ട് കമ്മീഷന്‍ അംഗീകരിച്ചാല്‍ മൂന്നുവര്‍ഷത്തേക്ക് വിലക്ക് ഉള്‍പ്പെടെയുളള നടപടികളാകും ജയലക്ഷ്മിക്ക് നേരിടേണ്ടി വരുക.

പ്ലസ്ടു വിദ്യഭ്യാസമുള്ള ജയലക്ഷ്മി പത്രികയില്‍ ബിരുദമുള്ളതായി രേഖപ്പെടുത്തിയെന്നും തെരഞ്ഞെടുപ്പ് സമയത്ത് മന്ത്രിയുടെ അക്കൗണ്ടില്‍ ഉണ്ടായിരുന്ന 10 ലക്ഷം രൂപ വരവുചെലവ് കണക്കില്‍ ഉള്‍പ്പെടുത്തിയെല്ലെന്നുമാണ് ആരോപണം. ബത്തേരി സ്വദേശിയായ കെ.പി ജീവന്‍ നല്‍കിയ പരാതിയിലാണ് സബ് കലക്ടര്‍ ശ്രീറാം സാംബശിവറാവു കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നത്.

അതേ സമയം മാനന്തവാടി മണ്ഡലത്തില്‍ ജയലക്ഷമിക്കെതിരെ കോണ്‍ഗ്രസ് വിമതര്‍ രംഗത്തെത്തിയിട്ടുണ്ട്. ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് കുറ്റിയോട്ടില്‍ അപ്പച്ചനും കോണ്‍ഗ്രസ് നേതാവും തവിഞ്ഞാല്‍ മുന്‍ പഞ്ചായത്തംഗവുമായ പി.കെ ഗോപിയുമാണ് പത്രിക നല്‍കിയത്. സ്വതന്ത്രന്‍ എന്നാണ് രണ്ടുപേരും പത്രികയില്‍ രേഖപ്പെടുത്തിയത്.  ജയലക്ഷ്മിക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അയോഗ്യത കല്‍പ്പിച്ചാല്‍ സ്ഥാനാര്‍ത്ഥിയാകാമെന്ന കണക്കൂകൂട്ടലും പത്രിക സമര്‍പ്പിച്ചതിനു പിന്നിലുണ്ടെന്നാണ് റിപ്പോര്‍ട്ട്.

We use cookies to give you the best possible experience. Learn more