| Tuesday, 10th November 2026, 5:38 pm

2024ലെ തെരഞ്ഞെടുപ്പുകള്‍: 51 മണ്ഡലങ്ങളില്‍ രേഖപ്പെടുത്തിയ വോട്ടും എണ്ണിയ വോട്ടും തമ്മില്‍ പൊരുത്തക്കേട്: റിപോര്‍ട്ടേഴ്‌സ് കളക്ടീവിന്റെ അന്വേഷണത്തിലെ കണ്ടെത്തലുകള്‍

റെന്വര്‍ പി

2024ലെ ലോക്‌സഭാ-നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ മഹാരാഷ്ട്ര, ഹരിയാന, ജമ്മു കശ്മീര്‍ എന്നിവിടങ്ങളിലെ 51 മണ്ഡലങ്ങളില്‍ ആകെ രേഖപ്പെടുത്തിയ വോട്ടുകളുടെ എണ്ണവും വോട്ടെണ്ണലിലെ കണക്കും തമ്മില്‍ പൊരുത്തക്കേടുകളുള്ളതായി റിപ്പോര്‍ട്ടേഴ്‌സ് കളക്ടീവിന്റെ അന്വേഷണ റിപ്പോര്‍ട്ട്. ചില മണ്ഡലങ്ങളില്‍ ആകെ രേഖപ്പെടുത്തിയ വോട്ടുകളേക്കാള്‍ കൂടുതലാണ് എണ്ണിയ വോട്ടുകള്‍. ചില മണ്ഡലങ്ങളില്‍ തിരിച്ചും. ചില മണ്ഡലങ്ങളില്‍ വോട്ട് ചെയ്തവരുടെ എണ്ണം പൂജ്യം എന്നാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

തെരഞ്ഞെടുപ്പ് കമ്മീഷന്റെ ആഭ്യന്തര രേഖകള്‍ വിശകലനം ചെയ്താണ് റിപ്പോര്‍ട്ടേഴ്‌സ് കളക്ടീവിന്റെ റിപ്പോര്‍ട്ട്. വലിയ പൊരുത്തക്കേടുകളിലൊന്ന് 2024 ഒക്ടോബറില്‍ തെരഞ്ഞെടുപ്പ് നടന്ന ഹരിയാനയിലെ ബദ്ഖാല്‍ നിയമസഭാ മണ്ഡലത്തിലാണ്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ ആഭ്യന്തര രേഖകള്‍ പ്രകാരം ബദ്ഖാലില്‍ 3.32 ലക്ഷം വോട്ടുകള്‍ പോള്‍ ചെയ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍, ഇ.വി.എമ്മുകളില്‍ നിന്ന് 1.60 ലക്ഷം വോട്ടുകള്‍ മാത്രമേ എണ്ണിയുള്ളൂ.

ബി.ജെ.പിയുടെ ധനേഷ് അദ് ലാഖയാണ് മണ്ഡലത്തില്‍ ജയിച്ചത്. കോണ്‍ഗ്രസിന്റെ വിജയ് പ്രതാപ് സിങിനെതിരെ 6,181 വോട്ടുകളുടെ ഭൂരിപക്ഷത്തിനായിരുന്നു ജയം. മണ്ഡലത്തില്‍ വോട്ട് മോഷണം നടന്നെന്ന് പറഞ്ഞുകൊണ്ട് വിജയ് പ്രതാപ് സിങ്, പഞ്ചാബ്-ഹരിയാന ഹൈക്കോടതിയെ സമീപിച്ചിരുന്നു. തെരഞ്ഞെടുപ്പ് രേഖകളുടെ പകര്‍പ്പുകളും വോട്ടെടുപ്പ് ദിവസത്തെ സി.സി.ടി.വി ദൃശ്യങ്ങളും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.

ഹരിയാനയില്‍ 32 മണ്ഡലങ്ങളിലാണ് ക്രമക്കേട്. അതില്‍ ബദ്ഖാല്‍ ഉള്‍പ്പെടെയുള്ള 12 മണ്ഡലങ്ങളില്‍ ഇ.വി.എമ്മുകളില്‍ എണ്ണിയ വോട്ടുകളുടെ എണ്ണം രേഖപ്പെടുത്തിയ വോട്ടുകളുടെ എണ്ണത്തേക്കാള്‍ കുറവായിരുന്നുവെന്നാണ് കമ്മീഷന്റെ രേഖകകളില്‍ പറയുന്നത്. ബാക്കിയുള്ള 20 മണ്ഡലങ്ങളില്‍ രേഖപ്പെടുത്തിയ വോട്ടുകള്‍ എണ്ണിയ വോട്ടുകളേക്കാള്‍ കുറവായിരുന്നുവെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ രേഖകള്‍ വ്യക്തമാക്കുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

രണ്ട് കണക്കുകളും തമ്മില്‍ പൊരുത്തക്കേടുണ്ടാകുമ്പോള്‍, നിയമപ്രകാരം, ഇതൊരു തെരഞ്ഞെടുപ്പ് ക്രമക്കേടായി കണക്കാക്കി അന്വേഷണം നടത്താന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ബാധ്യസ്ഥരാണ്. ഈ രണ്ട് സാഹചര്യങ്ങളും വോട്ടര്‍മാരെ തടയുന്നതിനോ അല്ലെങ്കില്‍ കള്ള വോട്ടിനോ ഉള്ള സാധ്യതയാണ് ചൂണ്ടിക്കാട്ടുന്നതെന്നും റിപ്പോര്‍ട്ടേഴ്‌സ് കളക്ടീവ് വ്യക്തമാക്കി.

 19 മണ്ഡലങ്ങളില്‍ ‘പൂജ്യം’ വോട്ട്

51 നിയമസഭാ-പാര്‍ലമെന്ററി മണ്ഡലങ്ങളില്‍, തെരഞ്ഞെടുപ്പ് അട്ടിമറി നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന് യാതൊരു മാര്‍ഗവുമുണ്ടായിരുന്നില്ലെന്ന് കമ്മീഷന്റെ ആഭ്യന്തര രേഖകളില്‍ നിന്ന് വ്യക്തമാകുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതില്‍ 19 മണ്ഡലങ്ങളില്‍, വോട്ട് ചെയ്യാന്‍ പോളിംഗ് ബൂത്തുകളിലെത്തിയ വോട്ടര്‍മാരുടെ എണ്ണം രേഖപ്പെടുത്തുന്നതില്‍ തന്നെ കമ്മീഷന്‍ പരാജയപ്പെട്ടു. വോട്ടര്‍മാരുടെ എണ്ണം രേഖപ്പെടുത്തേണ്ടിടത്ത് ‘പൂജ്യം’ എന്നോ ‘നില്‍’ (ഒന്നുമില്ല) എന്നോ ആണ് ഉദ്യോഗസ്ഥര്‍ രേഖപ്പെടുത്തിയിരുന്നത്.

ഇതില്‍ പത്ത് മണ്ഡലങ്ങള്‍ മഹാരാഷ്ട്രയിലും ഹരിയാനയിലുമാണ്. ഇതില്‍ ഏഴ് മണ്ഡലങ്ങളില്‍ വിജയിച്ചത് ബി.ജെ.പിയോ അല്ലെങ്കില്‍ ബി.ജെ.പി നയിക്കുന്ന നാഷണല്‍ ഡെമോക്രാറ്റിക് അലയന്‍സോ ആണ്. നേരിട്ടെത്തി വോട്ട് ചെയ്തവരുടെ എണ്ണത്തിന് നേരെ ‘പൂജ്യം’ എന്ന് രേഖപ്പെടുത്തിയിട്ടുണ്ടെങ്കില്‍, അതിനര്‍ത്ഥം ഒന്നുകില്‍ ആരും വോട്ട് ചെയ്തിട്ടില്ല, അല്ലെങ്കില്‍ ഉദ്യോഗസ്ഥര്‍ രേഖകളില്‍ കൃത്രിമം കാണിച്ചിട്ടുണ്ട് എന്നാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

530 മണ്ഡലങ്ങളിലെ റിട്ടേണിങ് ഓഫീസര്‍മാര്‍ സമര്‍പ്പിച്ച ആഭ്യന്തര തെരഞ്ഞെടുപ്പ് റിപ്പോര്‍ട്ടുകളാണ് റിപ്പോര്‍ട്ടേഴ്‌സ് കളക്ടീവ് പരിശോധിച്ചത്. ഈ അന്വേഷണത്തിനായി, ആകെ 4,212 രേഖകള്‍ ഡിജിറ്റൈസ് ചെയ്യുകയും, വീണ്ടും പരിശോധിക്കുകയും, വിലയിരുത്തുകയും ചെയ്തു. 531 മണ്ഡലങ്ങളിലെ രേഖകളാണ് പരിശോധിക്കാന്‍ ലക്ഷ്യമിട്ടിരുന്നത്. എന്നാല്‍ ജമ്മു കശ്മീരിലെ ദേവ്സര്‍ എന്ന മണ്ഡലത്തിലെ റിപ്പോര്‍ട്ട് കണ്ടെത്താനായില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

മറ്റ് മണ്ഡലങ്ങളിലെ പൊരുത്തക്കേടുകള്‍

ഹരിയാനയിലെ ബദ്ഖാല്‍ പോലെ മറ്റ് മണ്ഡലങ്ങളിലെയും പൊരുത്തക്കേടുകള്‍ റിപ്പോര്‍ട്ടേഴ്‌സ് കളക്ടീവ് ചൂണ്ടിക്കാട്ടുന്നു. ഇതില്‍ ഏറ്റവും വലുത് മഹാരാഷ്ട്രയിലെ മുംബൈ നോര്‍ത്ത് പാര്‍ലമെന്ററി മണ്ഡലത്തിലാണ്. കോണ്‍ഗ്രസിന്റെ ഭൂഷണ്‍ പാട്ടീലിനെ പരാജയപ്പെടുത്തി പിയൂഷ് ഗോയല്‍ ആദ്യമായി ലോക്സഭയിലേക്ക് തെരഞ്ഞടുക്കപ്പെട്ട മണ്ഡലമാണിത്.

മണ്ഡലത്തില്‍ ആകെ 18.11 ലക്ഷം വോട്ടുകള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ കമ്മീഷന്‍ ഔദ്യോഗികമായി പ്രഖ്യാപിച്ച ഫലത്തില്‍, 10.33 ലക്ഷം വോട്ടുകളാണ് പോള്‍ ചെയ്യപ്പെട്ടത്. ഇതിനര്‍ത്ഥം, 7.78 ലക്ഷം വോട്ടുകള്‍ ഇ.വി.എമ്മുകളില്‍ എണ്ണപ്പെട്ടിട്ടില്ല എന്നാണ്. പോള്‍ ചെയ്യപ്പെട്ട വോട്ടുകളുടെ 42.8 ശതമാനം വരുമിത്.

ഹരിയാനയിലെ കൈതല്‍ നിയമസഭാ മണ്ഡലത്തില്‍ ആകെ വോട്ട് ചെയ്തത് 215 പേര്‍ മാത്രമാണെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ആഭ്യന്തര ഓഡിറ്റ് രേഖ പറയുന്നത്. എന്നാല്‍ മണ്ഡലത്തിലെ ഇ.വി.എമ്മുകളില്‍ 1,67,285 വോട്ടുകള്‍ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ എണ്ണിയിട്ടുണ്ട്.

ജമ്മു കശ്മീരിലെ ശ്രീനഗര്‍ പാര്‍ലമെന്ററി മണ്ഡലത്തില്‍, ഇ.വി.എമ്മുകളില്‍ 6,72,942 വോട്ടുകള്‍ എണ്ണി. എന്നാല്‍ ആകെ 6,66,046 പേര്‍ മാത്രമാണ് വോട്ട് ചെയ്തതെന്ന് ഔദ്യോഗിക രേഖകളില്‍ പറയുന്നു. ഇവിടെ 6,896 അധിക വോട്ടുകള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ എണ്ണി.

ആറ് മണ്ഡലങ്ങളില്‍ രേഖപ്പെടുത്തിയത് ആകെ വോട്ടര്‍മാരുടെ എണ്ണം

മഹാരാഷ്ട്ര, ഹരിയാന എന്നിവിടങ്ങളിലായുള്ള ആറ് മണ്ഡലങ്ങളില്‍ പോള്‍ ചെയ്ത വോട്ടുകളുടെ എണ്ണത്തിന് പകരം ആകെ വോട്ടര്‍മാരുടെ എണ്ണമാണ് രേഖപ്പെടുത്തിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മുംബൈ നോര്‍ത്ത്, ബദ്ഖാല്‍ എന്നീ മണ്ഡലങ്ങളില്‍ ആകെ വോട്ടര്‍മാരുടെ എണ്ണമാണ് പോള്‍ ചെയ്യപ്പെട്ട വോട്ടുകളുടെ എണ്ണമായി രേഖപ്പെടുത്തിയിരിക്കുന്നത്. ആഭ്യന്തര രേഖകള്‍ പ്രകാരം, ഈ മണ്ഡലങ്ങളിലെ 100 ശതമാനം വോട്ടര്‍മാരും വോട്ട് ചെയ്യാന്‍ എത്തി എന്നാണ് ഇതിനര്‍ത്ഥം. എന്നാല്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഔദ്യോഗികമായി പ്രഖ്യാപിച്ച പോളിംഗ് ശതമാനം വളരെ കുറവായിരുന്നു, മുംബൈ നോര്‍ത്തില്‍ 57 ശതമാനവും ബദ്ഖാലില്‍ 48 ശതമാനവും.

ഈ രണ്ട് സംസ്ഥാനങ്ങളിലെ മറ്റ് നാല് മണ്ഡലങ്ങളിലും സമാനമായ രേഖകളാണ് കാണുന്നത്. അവിടെയും തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ ആകെ വോട്ടര്‍മാരുടെ എണ്ണമാണ് പോള്‍ ചെയ്യപ്പെട്ട വോട്ടുകളുടെ എണ്ണമായി രേഖപ്പെടുത്തിയിരിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇവയെ വെറും ക്ലെറിക്കല്‍ പിഴവുകളായി തള്ളിക്കളയാമെങ്കിലും, ഇത്തരം പൊരുത്തക്കേടുകള്‍ തെരഞ്ഞെടുപ്പില്‍ കൃത്രിമം നടന്നിട്ടുണ്ടെങ്കില്‍ അതിന്റെ തെളിവുകള്‍ മറച്ചുവെക്കാന്‍ ഉപയോഗിക്കപ്പെടാമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇത്തരത്തില്‍ സംഭവിക്കുന്നത്, ഈ രേഖകള്‍ സൂക്ഷിക്കുന്നതിന്റെയും അവ പരിശോധിക്കുന്നതിന്റെയും ഉദ്ദേശ്യത്തെത്തന്നെ അട്ടിമറിക്കുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

പൊരുത്തക്കേടുകളെ കുറിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രതികരണം തേടിയപ്പോള്‍ ‘തങ്ങള്‍ക്ക് അറിയില്ല,’ എന്നാണ് അവര്‍ മറുടി നല്‍കിയതെന്നും റിപ്പോര്‍ട്ടേഴ്‌സ് ക്‌ളക്ടീവിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ‘ഞങ്ങള്‍ക്കറിയില്ല. ഞങ്ങളുടെ ഡാറ്റ ഞങ്ങള്‍ക്ക് സ്വകാര്യമായി നല്‍കൂ,’ എന്നും കമ്മീഷന്‍ പറഞ്ഞതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

2019ന് ശേഷം വിവരങ്ങള്‍ പുറത്തുവിടുന്നില്ല

2019ലെ പൊതുതെരഞ്ഞെടുപ്പ് വരെ, ഓരോ പോളിങ് ബൂത്തിലെയും വോട്ടെടുപ്പ് വിവരങ്ങള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍പുറത്തുവിട്ടിരുന്നു. എന്നാല്‍ അതിനുശേഷം, നിര്‍ണായകമായ ഈ വിവരങ്ങള്‍ പരസ്യപ്പെടുത്തുന്നത് അവര്‍ നിര്‍ത്തിവെച്ചുവെന്നും റിപ്പോര്‍ട്ടേഴ്‌സ് കളക്ടീവ് ചൂണ്ടിക്കാട്ടുന്നു.

ഇത്തരം വിവരങ്ങള്‍ കമ്മീഷന്‍ പുറത്തുവിടുകയാണെങ്കില്‍, തിരഞ്ഞെടുപ്പ് മണ്ഡലങ്ങളിലെയും സംസ്ഥാന ഓഫീസുകളിലെയും ന്യൂദല്‍ഹി ആസ്ഥാനത്തെയും ഉദ്യോഗസ്ഥര്‍ക്ക് മാത്രമല്ല, പൗരന്മാര്‍ക്കും രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും വോട്ടെടുപ്പില്‍ കൃത്രിമം നടന്നിട്ടുണ്ടോ എന്ന് തിരിച്ചറിയാന്‍ സാധിക്കുമായിരുന്നു.

Content Highlight: Report About ECI’s Internal Records of 2024 Elections: Votes Cast Do Not Match Votes Counted

 

റെന്വര്‍ പി

കേരള പ്രസ് അക്കാദമിയില്‍ നിന്നുംപബ്ലിക് റിലേഷന്‍സ് ആന്‍ഡ് അഡ്വര്‍ടൈസിങില്‍ പി.ജി ഡിപ്ലോമ. തേജസ്, തത്സമയം, ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളം എന്നീ മാധ്യമങ്ങളില്‍ പ്രവര്‍ത്തിച്ചു. 2026 മെയ് മുതല്‍ ഡൂള്‍ന്യൂസില്‍ ജോലി ചെയ്യുന്നു.

We use cookies to give you the best possible experience. Learn more