| Friday, 14th November 2025, 10:01 pm

എന്നെ വിലകുറച്ച് കണ്ടവര്‍ക്കുള്ള മറുപടി; ബീഹാറിലെ വിജയത്തില്‍ ചിരാഗ് പാസ്വാന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

പാട്‌ന: ബീഹാര്‍ തെരഞ്ഞെടുപ്പില്‍ വന്‍വിജയം നേടിയതിന് പിന്നാലെ സന്തോഷം പങ്കിട്ട് ലോക് ജനശക്തി പാര്‍ട്ടി (റാം വിലാസ്) തലവന്‍ ചിരാഗ് പാസ്വാന്‍. തന്നെ വിലകുറച്ച് കണ്ടവര്‍ക്കുള്ള മറുപടിയാണ് ഈ തെരഞ്ഞെടുപ്പ് വിജയമെന്ന് ചിരാഗ് പറഞ്ഞു.

എന്‍.ഡി.എ സഖ്യത്തിന്റെ മെച്ചപ്പെട്ട സ്‌ട്രൈക്ക് റേറ്റിനെ കുറിച്ചും ചിരാഗ് സംസാരിച്ചു. തന്റെ പാര്‍ട്ടിയുടെ സ്‌ട്രൈക്ക് റേറ്റിനെ കുറിച്ച് നിരവധി പരിഹാസങ്ങളുണ്ടായിരുന്നെന്നും അദ്ദേഹം പറഞ്ഞു. ജെ.ഡി.യുവിന്റെ നിതീഷ് കുമാര്‍ തന്നെ മുഖ്യമന്ത്രിയാകുമെന്നും ചിരാഗ് പറഞ്ഞു.

എന്‍.ഡി.എ ബീഹാറില്‍ മികച്ച വിജയം നേടിയതിന്റെ പശ്ചാത്തലത്തിലായിരുന്നു ചിരാഗിന്റെ പ്രതികരണം. 29 സീറ്റുകളില്‍ മത്സരിച്ച എല്‍.ജെ.പി-ആര്‍.വി നിലവില്‍ 19 സീറ്റുകളില്‍ വിജയം ഉറപ്പിച്ചിരിക്കുകയാണ്.

‘എന്നെ വിലകുറച്ച് കാണുക എന്ന തെറ്റ് ചെയ്തവര്‍ക്ക് ബീഹാറിലെ ജനങ്ങള്‍ ഉചിതമായ മറുപടി നല്‍കി. എനിക്ക് എന്നില്‍ തന്നെ വിശ്വാസമുണ്ടായിരുന്നു. അത് ഒരു സര്‍വേയിലും എക്‌സിറ്റ് പോളിലും വിശ്വാസമര്‍പ്പിച്ചല്ല. സ്‌ട്രൈക്ക് റേറ്റിനെ കുറിച്ച് നിരവധി പരിഹാസങ്ങളേറ്റ് വാങ്ങി.

പക്ഷെ സഖ്യത്തിന്റെ സ്‌ട്രൈക്ക് റേറ്റടക്കം മനോഹരമായിരുന്നു. നിതീഷ് കുമാര്‍ വീണ്ടും മുഖ്യമന്ത്രിയാകും. അക്കാര്യത്തില്‍ ഞാന്‍ പൂര്‍ണവിശ്വാസമര്‍പ്പിക്കുന്നു,’ ചിരാഗ് പാസ്വാന്‍ പ്രതികരിച്ചു.

കൂടാതെ വോട്ട് ചോരി, തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണം എന്നീ വിഷയങ്ങള്‍ക്കെല്ലാം ബീഹാറിലെ തെരഞ്ഞെടുപ്പ് ഫലം പൂര്‍ണവിരാമമിട്ടെന്നും ചിരാഗ് പറഞ്ഞു.

‘എസ്.ഐ.ആര്‍, വോട്ട് ചോരി വിഷയങ്ങളില്‍ പ്രതിപക്ഷം തെറ്റിദ്ധാരണകള്‍ പരത്തി. എന്നാലും ഈ തെരഞ്ഞെടുപ്പ് ഫലം എല്ലാത്തിനും പൂര്‍ണവിരാമമിട്ടു. രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിക്കെതിരെ മോശം പരാമര്‍ശങ്ങള്‍ നടത്തി. അതെല്ലാം ബീഹാറിലെ ജനങ്ങള്‍ മനസിലാക്കി. കോണ്‍ഗ്രസിന് തിരിച്ചടി നല്‍കി,’ ചിരാഗ് അഭിപ്രായപ്പെട്ടു.

ഇനി 2030ലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് 2029ല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വീണ്ടും പ്രധാനമന്ത്രിയാക്കുക എന്നതിനാണ് മുന്‍ഗണനയെന്നും ചിരാഗ് പാസ്വാന്‍ പറഞ്ഞു.

നിലവിലെ വോട്ട് നില അനുസരിച്ച് എന്‍.ഡി.എ 202 സീറ്റിലും മഹാഗഡ്ബന്ധന്‍ 35 സീറ്റിലും മുന്നിലാണ്. മറ്റുള്ളവര്‍ ആറ് സീറ്റുകളിലാണ് ലീഡ് ചെയ്യുന്നത്.

Content Highlight: Reply to those who underestimated me; Chirag Paswan on victory in Bihar

Latest Stories

We use cookies to give you the best possible experience. Learn more