| Tuesday, 16th September 2025, 10:47 pm

ഇസ്രഈലിന് മറുപടി; ഹൂത്തികള്‍ ബെന്‍ ഗുരിയോണ്‍ വിമാനത്താവളം ആക്രമിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

സനാ: യെമനിലെ ഹൊദൈദ തുറമുഖം ആക്രമിച്ച ഇസ്രഈലിന് ഹൂത്തികളുടെ തിരിച്ചടി. ഹൊദൈദയ്ക്ക് നേരെയുണ്ടായ ആക്രമണത്തിന് പിന്നാലെ ഇസ്രഈലിലെ വിമാനത്താവളത്തിന് നേരെ ഹൂത്തികള്‍ ആക്രമണം നടത്തി.

ബെന്‍ ഗുരിയോണ്‍ വിമാനത്താവളം ലക്ഷ്യം വെച്ച് ഹൂത്തികള്‍ മിസൈലുകള്‍ വിക്ഷേപിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇസ്രഈല്‍ തലസ്ഥാനമായ ടെല്‍ അവീവില്‍ വ്യോമാക്രമണ സൈറണുകള്‍ മുഴങ്ങിയെന്നും മിഡില്‍ ഈസ്റ്റ് ഐ റിപ്പോര്‍ട്ട് ചെയ്തു.

നേരത്തെ ഇസ്രഈല്‍ യെമനിലെ ഹൊദൈദ തുറമുഖത്തിന് നേരെ 12 മിസൈലുകള്‍ ഉപയോഗിച്ചാണ് ആക്രമണം നടത്തിയതെന്ന് യെമന്‍ മാധ്യമമായ അല്‍ മസൈറ റിപ്പോര്‍ട്ട് ചെയ്തു.

യെമന് മുന്നറിയിപ്പ് നല്‍കിയതിന് പിന്നാലെയായിരുന്നു ഇസ്രഈലിന്റെ ആക്രമണം. ആക്രമണത്തിന് രണ്ട് മണിക്കൂര്‍ മുമ്പ് ഹൊദൈദ തുറമുഖം ഒഴിപ്പിക്കണമെന്ന് ഇസ്രഈല്‍ സൈനിക വക്താവ് അദ്രെയ് അദ്രായി എക്‌സിലൂടെ മുന്നറിയിപ്പ് നല്‍കിയിരുന്നു.

അതേസമയം, ആക്രമണം യെമന്‍ ഫലപ്രദമായി പ്രതിരോധിച്ചെന്നാണ് ഹൂത്തികള്‍ പ്രതികരിച്ചത്. യെമന്റെ വ്യോമപ്രതിരോധം ഇസ്രഈല്‍ വിമാനങ്ങളെ ആശയക്കുഴപ്പത്തിലാക്കിയെന്നും ആക്രമണം പൂര്‍ത്തിയാക്കും മുമ്പെ ശത്രുവിമാനങ്ങള്‍ യെമന്‍ വ്യോമാതിര്‍ത്തിയില്‍ നിന്നും പിന്‍വാങ്ങിയെന്നും ഹൂത്തി സൈനിക വക്താവ് യഹിയ സാരി പ്രതികരിച്ചു.

അതേസമയം, ഇസ്രഈല്‍ ആക്രമണം യെമനില്‍ വലിയ സിവിലിയന്‍ നഷ്ടമുണ്ടാക്കിയെന്നാണ് റിപ്പോര്‍ട്ടുള്‍. നാശനഷ്ടങ്ങള്‍ സംബന്ധിച്ച് കൃത്യമായ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

കഴിഞ്ഞയാഴ്ചയും ഇസ്രഈല്‍ യെമനില്‍ ആക്രമണം നടത്തിയിരുന്നു. ഖത്തറില്‍ നടത്തിയ ആക്രമണത്തിന് പിന്നാലെയായിരുന്നു യെമന് നേരെ ഇസ്രഈലിന്റെ ആക്രമണം. അന്ന് 35 പേര്‍ കൊല്ലപ്പെട്ടിരുന്നു.

ഹൂത്തികള്‍ ചെങ്കടലില്‍ ഇസ്രഈലിനെതിരെയും അമേരിക്കന്‍ കപ്പലുകള്‍ക്കെതിരെയും നടത്തുന്ന ആക്രമണങ്ങള്‍ക്ക് തിരിച്ചടിയായാണ് യെമനെതിരായ ആക്രമണമെന്നാണ് ഇസ്രഈലിന്റെ വിശദീകരണം.

തങ്ങള്‍ക്കെതിരെ ആക്രമണം നടത്താനാവശ്യമായ ആയുധങ്ങള്‍ ഹൊദൈദ തുറമുഖം വഴിയാണ് ഹൂത്തികള്‍ എത്തിക്കുന്നതെന്നും, യെമന്‍ ഹൂത്തികള്‍ക്ക് സൈനിക-ആയുധ സഹായങ്ങളും ചെയ്യുന്നുണ്ടെന്നും ഇത് തകര്‍ക്കാനാണ് ആക്രമണമെന്നും ഇസ്രഈല്‍ സൈന്യം പ്രതികരിച്ചു.

Content Highlight: Reply to Israel; Houthis attack Ben Gurion Airport

We use cookies to give you the best possible experience. Learn more