| Thursday, 12th February 2026, 8:47 pm

കേരള പൊലീസില്‍ നിന്നും ലഭിച്ച 'മറുപടികള്‍' പുസ്തകമാകുന്നു; മലയാളത്തില്‍ ഇതാദ്യമെന്ന് ഉമേഷ് വള്ളിക്കുന്ന്

അനിത സി

കോഴിക്കോട്: കേരള പൊലീസിനെതിരെ വിമര്‍ശനമുന്നയിച്ചതിന്റെ പേരില്‍ പിരിച്ചുവിട്ട മുന്‍ പൊലീസ് ഉദ്യോഗസ്ഥന്‍ ഉമേഷ് വള്ളിക്കുന്നിന്റെ പുസ്തകം പ്രസിദ്ധീകരണത്തിന് ഒരുങ്ങുന്നു. പൊലീസ് തന്റെ ചോദ്യങ്ങള്‍ക്ക് മറുപടിയായി നല്‍കിയ മെമ്മോകളും മറുപടികളുമാണ് ‘മറുപടികള്‍’ എന്ന പേരില്‍ പുസ്തകമാകുന്നതെന്ന് ഉമേഷ് ഫേസ്ബുക്കിലൂടെ അറിയിച്ചു.

കോഴിക്കോട് പോലീസ് കമ്മീഷണറായിരുന്ന എ.വി. ജോര്‍ജ് 2021-ല്‍ തന്നെ പൊലീസ് സേനയില്‍ നിന്നും പിരിച്ചുവിടുമെന്ന് ഉറപ്പായിരുന്ന ഘട്ടത്തില്‍ തന്നെ ഇങ്ങനെയൊരു പുസ്തകത്തിനായി ഒരുക്കങ്ങള്‍ നടത്തിയിരുന്നെന്നും എന്നാല്‍ ആ പ്രതീക്ഷകളെയും മറികടന്ന് പിന്നെയും നാല് വര്‍ഷങ്ങള്‍ കഴിഞ്ഞാണ് പിരിച്ചുവിട്ടത്. അപ്പോഴേക്കും മെമ്മോകളുടെയും മറുപടികളുടെയും എണ്ണം ‘കയ്യീന്ന് പോയി’ എന്ന് ഉമേഷ് പറഞ്ഞു.

മെമ്മോകള്‍ക്കുള്ള മറുപടികളുമായി ഒരു സമാഹാരം മലയാളത്തില്‍ ഇതിനു മുന്‍പ് വന്നിട്ടുള്ളതായി അറിയില്ല. അത് കൊണ്ട് തന്നെ ഇതൊരു പുതിയ പരീക്ഷണം കൂടിയാണെന്നും അദ്ദേഹം പറഞ്ഞു.

പ്രതീക്ഷിച്ചിരുന്നതിനേക്കാള്‍ കൂടുതല്‍ മെമ്മോകളും മറുപടികളുമാണ് പൊലീസ് സേനയില്‍ നിന്നും തനിക്ക് ലഭിച്ചതെന്നും അതുകൊണ്ട് തന്നെ അമ്പതോളം മറുപടികളില്‍ നിന്ന് രസകരമായ, കേരളാ പോലീസില്‍ വൈറലായ കുറച്ചെണ്ണം തെരഞ്ഞെടുത്താണ് പുസ്തകമാക്കുന്നതെന്നും ഉമേഷ് വിശദീകരിച്ചു.

മറുപടി എഴുതാന്‍ അവസരം തന്നവരില്‍ ജോര്‍ജ് മുതല്‍ ആനന്ദ് വരെയുള്ളവര്‍ ഉണ്ടെന്നും ഉന്നത പൊലീസ് ഉദ്യോഗസ്ഥരെ പരാമര്‍ശിച്ചുകൊണ്ട് ഉമേഷ് പറയുന്നു.

ഒലീവ് ബുക്‌സാണ് ‘മറുപടികള്‍’ പ്രസിദ്ധീകരിക്കുന്നത്. പുസ്തകം പ്രൂഫ് വായനയും തിരുത്തുമായി അവസാന ഘട്ടത്തിലാണ്. കവര്‍പേജിന്റെ അവസാന മിനുക്കുപണികള്‍ നടക്കുന്നു. അടുത്തയാഴ്ച പ്രീ ബുക്കിങ് ആരംഭിക്കുമെന്നും ഉമേഷ് അറിയിച്ചു.

ഉമേഷ് വള്ളിക്കുന്നിന്റെ ഫേസ്ബുക്ക് കുറിപ്പ്:

2021 ല്‍ എ.വി. ജോര്‍ജ് എന്ന കോഴിക്കോട് പോലീസ് കമ്മീഷണര്‍ എന്നെ പിരിച്ചുവിടാന്‍ തീരുമാനിച്ച സമയത്താണ് ‘മറുപടികള്‍’ എന്ന് പേരില്‍ പുസ്തകം പ്രസിദ്ധീകരിക്കാന്‍ തീരുമാനിച്ചത്. ഒലീവ് ബുക്‌സിന്റെ മാര്‍ക്കറ്റിങ് മാനേജരായ Sandeep K Vallikkunnu അന്ന് തന്നെ പ്രസാധനം ഏറ്റെടുത്താണ്.

പക്ഷേ, ജോമോന്‍ വിചാരിച്ചിട്ട് പിരിച്ചുവിടാന്‍ പറ്റിയില്ല. പക്ഷേ, എന്നെങ്കിലും പിരിച്ചു വിടും എന്ന് ഉറപ്പുണ്ടായിരുന്നു. പിരിച്ചു വിട്ടാലുടനെ പുസ്തകം നല്‍കാമെന്ന് സന്ദീപിന് ഉറപ്പു കൊടുത്തു.

പിന്നെയും നാല് വര്‍ഷം കഴിഞ്ഞ്, തിരിച്ചും വിടുമ്പോഴേക്കും മെമ്മോകളുടെയും മറുപടികളുടെയും എണ്ണം ‘കയ്യീന്ന് പോയി’! അമ്പതോളം മറുപടികളില്‍ നിന്ന് രസകരമായ, കേരളാ പോലീസില്‍ വൈറലായ കുറച്ചെണ്ണം തിരഞ്ഞെടുത്താണ് ഇപ്പോള്‍ പുസ്തകമാക്കുന്നത്. മറുപടി എഴുതാന്‍ അവസരം തന്നവരില്‍ ജോര്‍ജ് മുതല്‍ ആനന്ദ് വരെയുള്ളവര്‍ ഉണ്ട്.

മെമ്മോകള്‍ക്കുള്ള മറുപടികളുമായി ഒരു സമാഹാരം മലയാളത്തില്‍ ഇതിനു മുന്‍പ് വന്നിട്ടുള്ളതായി അറിയില്ല. അത് കൊണ്ട് തന്നെ ഇതൊരു പുതിയ പരീക്ഷണം കൂടിയാണ്. ‘പുസ്തകം കെട്ടിക്കിടക്കില്ല’ എന്ന് പ്രസാധകരും ‘ഞങ്ങള്‍ വാങ്ങു’മെന്നും ‘വായിക്കു’മെന്നും ഇവിടെയുള്ള സുഹൃത്തുക്കളും തരുന്ന ധൈര്യമാണ് ‘ ‘മറുപടികള്‍’ക്കുള്ള ഊര്‍ജ്ജം. ഒലീവിലെ മുഴുവന്‍ ടീമും കൂടെ നില്‍ക്കുന്നത് എന്തൊരു സന്തോഷമാണ്! ‘നിങ്ങള്‍ പുസ്തകം ഇറക്കൂ, ഞാന്‍ ഇത്ര കോപ്പി വിറ്റുതീര്‍ക്കും’ എന്ന് ഉറപ്പുതരുന്ന പുസ്തക വില്‍പ്പനക്കാരായ സുഹൃത്തുക്കളുള്ളതും ജീവിതത്തിലെ ഭാഗ്യമാണ്.

പുസ്തകം പ്രൂഫ് വായനയും തിരുത്തുമായി എഡിറ്റിങ് ടേബിളിലെ അവസാന ഘട്ടത്തിലാണ്. കവര്‍പേജിന്റെ അവസാനമിനുക്കുപണികള്‍ Bineesh K Purakkal ചെയ്യുന്നു. അടുത്തയാഴ്ച പ്രീ ബുക്കിങ് ആരംഭിക്കും. പ്രിയപ്പെട്ട എല്ലാവരുടെയും പിന്തുണയും സ്‌നേഹവും ഉറപ്പുണ്ട്.

Content Highlight: ‘Replies’ received from Kerala Police are being turned into a book; Umesh Vallikunnu says

അനിത സി

ഡൂള്‍ ന്യൂസ് സബ് എഡിറ്റര്‍

We use cookies to give you the best possible experience. Learn more