റായ്പൂര്‍: ഛത്തീസ്ഗഢിലെ നാരായണ്‍പൂര്‍ ജില്ലയിലുള്ള സേക്രഡ് ഹാര്‍ട്ട് കത്തോലിക്കാ പള്ളിക്ക് മുന്നിലെ പരിശുദ്ധ കന്യാമറിയത്തിന്റെ രൂപം തകര്‍ക്കാനും തീയിട്ട് നശിപ്പിക്കാനും തുടര്‍ച്ചയായ രണ്ട് രാത്രികളില്‍ ശ്രമം നടന്നു.
പള്ളി വികാരി ഫാ. ജോമോന്‍ ടി.ഡിയുടെ പരാതിയില്‍ അജ്ഞാതരായ പ്രതികള്‍ക്കെതിരെ പൊലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. റായ്പൂരില്‍ നിന്ന് ഏകദേശം 400 കിലോമീറ്റര്‍ തെക്ക് നാരായണ്‍പൂരിലെ ബംഗ്ലാപാര മേഖലയിലുള്ള വിശ്വദീപ്തി ഹൈസ്‌കൂള്‍ വളപ്പിലെ സേക്രഡ് ഹാര്‍ട്ട് പള്ളിക്ക് മുന്നിലാണ് സംഭവം നടന്നത്. നവംബര്‍ 24, 25 തീയതികളിലെ രാത്രികളിലായിരുന്നു അക്രമശ്രമങ്ങള്‍.
രാത്രി പള്ളി വളപ്പില്‍ അതിക്രമിച്ചു കയറിയ അജ്ഞാതര്‍ മാതാവിന്റെ രൂപം ചവിട്ടിത്തകര്‍ക്കാനും പീഠത്തില്‍ നിന്ന് ഇളക്കിമാറ്റാനും ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. തീയിടാനുള്ള ആദ്യ ശ്രമം പരാജയപ്പെട്ടതിനെത്തുടര്‍ന്ന് നവംബര്‍ 25ന് പുലര്‍ച്ചെ 12.20ഓടെ മൂന്നംഗ സംഘം വീണ്ടുമെത്തുകയും രൂപത്തിന് മുകളില്‍ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തുകയുമായിരുന്നു.
രൂപത്തിന് സമീപം മൂന്ന് പേര്‍ സംശയാസ്പദമായി നീങ്ങുന്നതും തീ ആളിക്കത്തുന്നതുമായ സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. കോണ്‍ക്രീറ്റില്‍ നിര്‍മിച്ച രൂപത്തിന് വലിയ കേടുപാടുകള്‍ സംഭവിച്ചില്ലെങ്കിലും കരിയും പുകയും പടര്‍ന്ന പാടുകള്‍ വ്യക്തമാണ്. നവംബര്‍ 25ന് രാവിലെ പള്ളി ഭാരവാഹികള്‍ നടത്തിയ പരിശോധനയിലാണ് അക്രമശ്രമം ശ്രദ്ധയില്‍പ്പെട്ടത്.
പള്ളി ഭാരവാഹികള്‍ക്ക് വേണ്ടി വികാരി ഫാ. ജോമോന്‍ ടി.ഡി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ നാരായണ്‍പൂര്‍ പൊലീസ് കേസെടുത്തു. സബ് ഇന്‍സ്‌പെക്ടര്‍ രുക്മണി മാണ്ഡവിക്കാണ് അന്വേഷണ ചുമതല. ഭാരതീയ ന്യായ സംഹിതയിലെ വകുപ്പുകള്‍ പ്രകാരം കേസെടുത്തിട്ടുണ്ട്.
ക്രിസ്മസ് ആഘോഷങ്ങള്‍ ഏതാനും ആഴ്ചകള്‍ മാത്രം അകലെ നില്‍ക്കെ നടന്ന ഈ സംഭവം മേഖലയിലെ ക്രൈസ്തവ സമൂഹത്തില്‍ വലിയ ഭീതിയും ആശങ്കയും സൃഷ്ടിച്ചിട്ടുണ്ട്. പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നും ക്രിസ്മസ് പ്രാര്‍ത്ഥനകള്‍ക്കും ആഘോഷങ്ങള്‍ക്കും ജില്ലയിലെ പള്ളികള്‍ക്ക് പ്രത്യേക പൊലീസ് സുരക്ഷയും രാത്രികാല പെട്രോളിങ്ങും ഏര്‍പ്പെടുത്തണമെന്നും ആവശ്യപ്പെട്ട് ‘മസിഹ് ഏകതാ സമാജ്’നാരായണ്‍പൂര്‍ ജില്ലാ കളക്ടര്‍ക്ക് നിവേദനം നല്‍കി.
2023 ജനുവരി രണ്ടിനും സമാനമായ രീതിയില്‍ ഈ പള്ളിക്കും സ്‌കൂള്‍ വളപ്പിനും നേരെ വലിയ തോതിലുള്ള ആക്രമണം ഉണ്ടായിരുന്നു. അന്ന് മതപരിവര്‍ത്തനം ആരോപിച്ച് നൂറിലധികം പേരടങ്ങുന്ന ജനക്കൂട്ടം പള്ളിയും മാതാവിന്റെ ഗ്രോട്ടോയും തകര്‍ക്കുകയും അന്നത്തെ എസ്.പി സദാനന്ദ് കുമാറിനെ ആക്രമിക്കുകയും ചെയ്ത സംഭവവും നിവേദനത്തില്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.
Content Highlight: Repeated attempts to destroy and set fire to an idol of the Mother Goddess in Chhattisgarh; police register a case against unknown persons.