ന്യൂദല്‍ഹി: സീ ഗ്രൂപ്പ് സ്ഥാപകനും ബി.ജെ.പിയുടെ മുന്‍ രാജ്യസഭാ എം.പിയുമായ സുഭാഷ് ചന്ദ്രയുടെ വായ്പാ ബാധ്യതയുമായി ബന്ധപ്പെട്ട് ദേശീയ കമ്പനി നിയമ ട്രൈബ്യൂണല്‍ (എന്‍.സി.എല്‍.ടി) നല്‍കിയ ഇളവ് ഉത്തരവിനെതിരെ ബാങ്കുകള്‍ കൂട്ടത്തോടെ അപ്പീല്‍ നല്‍കും.
എച്ച്.ഡി.എഫ്.സി ബാങ്ക്, എല്‍.ഐ.സി ഹൗസിങ് ഫിനാന്‍സ് എന്നിവയ്ക്ക് പിന്നാലെ യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യയും കനറ ബാങ്കും അപ്പീല്‍ നല്‍കാന്‍ ഒരുങ്ങുകയാണെന്ന് റിപ്പോര്‍ട്ട്.
സുഭാഷ് ചന്ദ്രയുടെ വ്യക്തിഗത ഗ്യാരന്റിയുമായി ബന്ധപ്പെട്ട് ഏകദേശം 22,006 കോടി രൂപയുടെ വായ്പാ ബാധ്യതയാണ് കേസിലുള്ളത്. വിവിധ ബാങ്കുകളില്‍നിന്നും ധനകാര്യ സ്ഥാപനങ്ങളില്‍നിന്നുമായി എടുത്ത വായ്പകള്‍ക്ക് സീ ഗ്രൂപ്പ് കമ്പനികള്‍ക്കുവേണ്ടി സുഭാഷ് ചന്ദ്ര വ്യക്തിഗത ഗ്യാരന്റി നല്‍കിയിരുന്നു.
വായ്പ തിരിച്ചടയ്ക്കുന്നതില്‍ വീഴ്ച വന്നതോടെയാണ് അദ്ദേഹത്തിനെതിരായ നടപടികള്‍ ആരംഭിച്ചത്.
എന്‍.സി.എല്‍.ടി അംഗീകരിച്ച തിരിച്ചടവ് പദ്ധതിയാണ് ബാങ്കുകളുടെ പ്രതിഷേധത്തിന് കാരണം. പദ്ധതിപ്രകാരം വായ്പാദാതാക്കള്‍ക്ക് ലഭിക്കുന്ന തുക വളരെ കുറവായിരിക്കും. ഏകദേശം 99.97 ശതമാനം വരെ ഇളവ് സ്വീകരിക്കേണ്ടിവരുമെന്നാണ് കണക്ക്.
ഇത് പ്രകാരം 22,006 കോടി കടത്തിന് സുഭാഷ് ചന്ദ്രയ്ക്ക് 6.5 കോടി രൂപ മാത്രമാണ് തിരിച്ചടക്കേണ്ടി വരുക.
ബാങ്കുകള്‍ക്കും മറ്റ് വായ്പാദാതാക്കള്‍ക്കും അവകാശപ്പെട്ട തുകയുടെ ഭൂരിഭാഗവും തിരിച്ചുപിടിക്കാനാകാത്ത സാഹചര്യമാണ് നിലവിലുള്ളതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
സുഭാഷ് ചന്ദ്ര സമര്‍പ്പിച്ച തിരിച്ചടവ് പദ്ധതിക്ക് ചില വായ്പാദാതാക്കളുടെ പിന്തുണ ലഭിച്ചിരുന്നു. എന്നാല്‍ പദ്ധതിയില്‍നിന്ന് ലഭിക്കുന്ന തുക വളരെ കുറവാണെന്നും ഇത് വായ്പാദാതാക്കളുടെ താത്പര്യങ്ങള്‍ക്ക് വിരുദ്ധമാണെന്നും ചൂണ്ടിക്കാട്ടിയാണ് മറ്റ് ബാങ്കുകള്‍ നിയമനടപടിയിലേക്ക് നീങ്ങുന്നത്.
സുഭാഷ് ചന്ദ്രയുടെ 22,006 കോടി രൂപയുടെ ബാധ്യതയില്‍നിന്ന് വളരെ ചെറിയൊരു തുക മാത്രം തിരിച്ചടയ്‌ക്കേണ്ട സാഹചര്യമുണ്ടായതോടെയാണ് ബാങ്കുകള്‍ ശക്തമായി രംഗത്തെത്തിയത്.
തട്ടിപ്പുകള്‍ നടത്തിയ ഉന്നതര്‍ക്കും കോര്‍പറേറ്റ് സ്ഥാപനങ്ങള്‍ക്കും പൊതുപണം കീശയിലാക്കാന്‍ ‘ഹെയര്‍കട്ട്’ ചട്ടത്തിലൂടെ വന്‍ ഇളവുകളാണ് ദേശീയ കമ്പനി നിയമ അപ്പലേറ്റ് ട്രൈബ്യൂണലും മറ്റ് സ്ഥാപനങ്ങളും ചേര്‍ന്ന് നല്‍കുന്നത്.
Content Highlights: Repayment of only ₹6.5 crore against a loan of ₹22,006 crore; more banks file appeals against Subhash Chandra.