പ്രശസ്ത കന്നഡ ചലച്ചിത്ര നടന്‍ ഹരീഷ് റായ് അന്തരിച്ചു. 55 വയസായിരുന്നു അദ്ദേഹത്തിന്. ‘ഓം’, ‘കെജിഎഫ്’ എന്നീ ചിത്രങ്ങളിലെ അഭിനയത്തിലൂടെ പ്രശസ്തനായ നടന്‍ ബെംഗളൂരുവിലെ കിഡ്വായ് മെമ്മോറിയല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓങ്കോളജിയില്‍ ചികിത്സയിലായിരുന്നു. തൈറോയ്ഡ് കാന്‍സറുമായി പോരാടുകയായിരുന്നു അദ്ദേഹം. ഇത് വയറിലേക്ക് പടര്‍ന്നിരുന്നു എന്നാണ് റിപ്പോര്‍ട്ട്
തന്റെ ആരോഗ്യ പ്രശ്നങ്ങളെക്കുറിച്ചും ചികിത്സയുടെ സാമ്പത്തിക ബാധ്യതയെക്കുറിച്ചും ഹരീഷ് റായ് മുമ്പ് തുറന്നു പറഞ്ഞിരുന്നു. ഒരു കുത്തിവെപ്പിന് 3.55 ലക്ഷം രൂപയായതും മറ്റും അദ്ദേഹം മാധ്യമങ്ങളോട് വെളിപ്പെടുത്തിയിരുന്നു. തന്റെ നീണ്ട കരിയറില്‍, ഓം, സമര, ബാംഗ്ലൂര്‍ അധോലോകം, ജോഡിഹക്കി, രാജ് ബഹദൂര്‍, സഞ്ജു വെഡ്സ് ഗീത, സ്വയംവര, നല്ല എന്നിവയുള്‍പ്പെടെ കന്നഡ, തമിഴ്, തെലുങ്ക് സിനിമകളില്‍ ഹരീഷ് റായ് അഭിനയിച്ചിരുന്നു.
ഹരീഷിന്റെ മരണം കന്നഡ സിനിമയ്ക്ക് തീരാത്ത നഷ്ടമാണെന്ന് കര്‍ണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാര്‍ എക്‌സില്‍ കുറിച്ചു. നടന്‍ യാഷ് പലപ്പോഴായും തന്നെ സഹായിച്ചിട്ടുണ്ടെന്നും എല്ലായ്‌പ്പോഴും തനിക്ക് അദ്ദേഹത്തോട് ചോദിക്കാന്‍ കഴിയില്ലെന്നും ഹരീഷ് മുമ്പ് പറഞ്ഞിരുന്നു.
ഉപേന്ദ്രയുടെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ഓം എന്ന സിനിമയാണ് അദ്ദേഹത്തിന് ഏറെ ജനപ്രീതി നേടികൊടുത്തത്. സിംഹരൂപിണി എന്ന ചിത്രത്തിലാണ് ഹരീഷ് റായ് അവസാനമായി അഭിനയിച്ചത്.
Content highlight: Renowned Kannada film actor Harish Rai has passed away