മലയാള സിനിമ പ്രേക്ഷകർ ഏറെ ആവേശത്തോടെ കാത്തിരുന്ന ചിത്രമായിരുന്നു പേട്രിയറ്റ്. വർഷങ്ങൾക്ക് ശേഷം മമ്മൂട്ടിയും മോഹൻലാലും ഒന്നിച്ചെത്തിയ ചിത്രം റിലീസിന് പിന്നാലെ മികച്ച പ്രേക്ഷക പ്രതികരണമാണ് നേടുന്നത്. എന്നാൽ ചിത്രത്തിന്റെ രാഷ്ട്രീയ ഉള്ളടക്കത്തെ വിമർശിച്ച് പ്രശസ്‌ത മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ ശ്രീജിത്ത് ദിവാകരൻ രംഗത്തെത്തി.
പേട്രിയറ്റ്Photo: IMDb
തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ശ്രീജിത്ത് ദിവാകരൻ പ്രതികരണം അറിയിച്ചത്. സിനിമയിലെ താരനിരയുടെയും പ്രകടനങ്ങളുടെയും കാര്യത്തിൽ പ്രശംസ രേഖപ്പെടുത്തിയ അദ്ദേഹം, കഥയുടെ രാഷ്ട്രീയ സമീപനത്തോടാണ് പ്രധാനമായും വിയോജിപ്പ് പ്രകടിപ്പിച്ചത്.
‘സ്വാഗും രോമാഞ്ചവും അടക്കമുള്ള പല ഘടകങ്ങളും സിനിമയ്ക്കുണ്ട്. മമ്മൂട്ടിയും മോഹൻലാലും ഒന്നിച്ചത് വലിയ സന്തോഷമാണ്. മോഹൻലാലിന് മികച്ച കഥാപാത്രമാണ് ലഭിച്ചിരിക്കുന്നത്. ഫഹദ് ഫാസിലിനും അനായാസമായി ചെയ്യാവുന്ന വേഷമാണ്. ചെറിയ വേഷങ്ങളിലായിരുന്നെങ്കിലും നയൻതാര, ദർശന രാജേന്ദ്രൻ, ഗ്രേസ് ആന്റണി, ഇന്ദ്രൻസ് എന്നിവരും ശ്രദ്ധേയരായിരുന്നു,’ എന്നാണ് അദ്ദേഹം കുറിച്ചത്.
എന്നാൽ ചിത്രത്തിലെ രാഷ്ട്രീയ കണ്ടന്റ് ഒരു രാഷ്ട്രീയ ബോധമുള്ള വ്യക്തിക്ക് നിരാശ മാത്രമേ നൽകൂവെന്നും അദ്ദേഹം പറഞ്ഞു. ഒരു സിസ്റ്റത്തിന്റെ അഴുകൽ ചില വ്യക്തികളുടെ അഴിമതിയുടെ ഫലമാണെന്ന ധാരണ പഴയതാണെന്നും, നേതാക്കളുടെ വ്യക്തിപരമായ അഴിമതിയല്ല യഥാർത്ഥ പ്രശ്‌നമെന്നും ശ്രീജിത്ത് അഭിപ്രായപ്പെട്ടു.
പേട്രിയറ്റ്Photo: IMDb
‘പെഗാസസ് പോലൊരു സോഫ്റ്റ്‌വെയർ മനുഷ്യരുടെ സ്വകാര്യ ജീവിതത്തിലേക്ക് കടന്നുകയറുന്നത് മുഴുവൻ സംവിധാനത്തിന്റെ സഹായത്തോടെയാണ്. അതിന് പിന്നിലെ കാരണക്കാർ ഒരിക്കലും ശിക്ഷിക്കപ്പെടില്ല. ഒരാളല്ല, ഒരു സിസ്റ്റം മുഴുവൻ തകരാറിലാണ്. അതിൽ മുഖ്യധാരാ മാധ്യമങ്ങളും മന്ത്രിസഭയും പാർട്ടിയും ഉന്നത ഉദ്യോഗസ്ഥരും എല്ലാം പങ്കാളികളാണ്,’ എന്നും അദ്ദേഹം കുറിച്ചു.
‘നമ്മുടെ രാജ്യം അനുഭവിക്കുന്നത് രാഷ്ട്രീയ പ്രശ്‌നമല്ല, ചില വ്യക്തികളുടെ ക്രിമിനൽ സാമ്രാജ്യത്തിന്റെ വളർച്ചയാണെന്ന് ആരെങ്കിലും പറയുന്നുണ്ടെങ്കിൽ, അവർ പോപുലർ സിനിമക്കാരാണെങ്കിലും സൂക്ഷിക്കണം. അവർ നമ്മുടെ കൂടെയല്ല. ഈ ഫാഷിസ്റ്റ് സിസ്റ്റത്തിനൊപ്പമാണ്,’ എന്ന കടുത്ത വിമർശനവും ശ്രീജിത്ത് ദിവാകരൻ ഉന്നയിച്ചു.
Content Highlight: Renowned journalist and writer Sreejith Divakaran criticizes the movie Patriot