| Thursday, 16th October 2025, 8:08 am

പരം സുന്ദരി മലയാളത്തെയും മലയാളികളെയും മോശമായി ചിത്രീകരിച്ചു എന്ന തോന്നല്‍ എനിക്കുണ്ടായിട്ടില്ല, ട്രോളുന്നതില്‍ കാര്യമില്ല: രണ്‍ജി പണിക്കര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ട്രെയ്‌ലര്‍ റിലീസ് മുതല്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായ ചിത്രമാണ് തുഷാര്‍ ജെലോട്ടെ സംവിധാനം ചെയ്ത പരം സുന്ദരി. കാലങ്ങളായി ബോളിവുഡില്‍ കണ്ടുവരുന്ന സ്റ്റീരിയോടൈപ്പ് രീതികളില്‍ കേരളത്തെ ചിത്രീകരിച്ച പരം സുന്ദരി ഒ.ടി.ടി റിലീസിന് ശേഷവും ട്രോളന്മാരുടെ ഇരയായി മാറി. മലയാളി താരങ്ങളായ രണ്‍ജി പണിക്കര്‍, തന്‍വി റാം, ആനന്ദ് മന്മഥന്‍ എന്നിവരും പരം സുന്ദരിയുടെ ഭാഗമായിട്ടുണ്ട്.

ചിത്രത്തെക്കുറിച്ച് ഇപ്പോള്‍ വരുന്ന ട്രോളുകളെക്കുറിച്ച് സംസാരിക്കുകയാണ് രണ്‍ജി പണിക്കര്‍. അത്തരം ട്രോളുകളില്‍ കാര്യമില്ലെന്നാണ് തന്റെ അഭിപ്രായമെന്ന് രണ്‍ജി പണിക്കര്‍ പറഞ്ഞു. മലയാളികളല്ല ആ സിനിമയുടെ ടാര്‍ഗറ്റ് ഓഡിയന്‍സെന്നും അതിനാലാണ് അവര്‍ ആ രീതിയില്‍ സിനിമ ചെയ്തതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ക്യൂ സ്റ്റുഡിയോയോട് സംസാരിക്കുകയായിരുന്നു താരം.

‘പ്രധാനമായിട്ട് അവര്‍ ഈ സിനിമ എടുത്തിരിക്കുന്നത് നോര്‍ത്തിലെ പ്രേക്ഷകര്‍ക്ക് വേണ്ടിയാണ്. മലയാളികളെ സാറ്റിസ്‌ഫൈ ചെയ്യണമെന്നൊന്നും അവര്‍ക്കില്ല. ഒരു ഫണ്‍ മൂഡിലാണ് അവര്‍ ഈ പടം സെറ്റ് ചെയ്തത്. അത് കൃത്യമായി വന്നിട്ടുമുണ്ട്. അതിനപ്പുറത്തേക്കുള്ള കളിയാക്കലിന്റെയും വിവാദത്തിന്റെയും ആവശ്യമില്ല.

മലയാളം ഡയലോഗുകള്‍ക്ക് വേണ്ടി മാത്രമായി അവര്‍ ഒരാളെ വെച്ചിട്ടുണ്ടായിരുന്നു. അത് മാത്രമല്ല, നമ്മള്‍ എന്തെങ്കിലും സജഷന്‍ പറഞ്ഞാല്‍ അതും അംഗീകരിക്കും. അങ്ങനെയായിരുന്നു ആ സിനിമയുടെ സെറ്റ്. നമ്മളെയൊക്കെ വലിയ കാര്യമായിരുന്നു. ഇപ്പോള്‍ വരുന്ന ചില ട്രോളിലൊന്നും യാതൊരു കാര്യവുമില്ലെന്നാണ് എന്റെ അഭിപ്രായം.

മലയാളത്തെക്കുറിച്ച് അവര്‍ക്കുള്ള അറിവ് വെച്ച് ചെയ്ത സിനിമയാണ്. നമ്മളും അതുപോലെ ചെയ്യാറുണ്ടല്ലോ. മറ്റൊരു നാട്ടിലുള്ളവരുടെ കഥ പറയുമ്പോള്‍ അതില്‍ നമുക്കുള്ള അറിവ് വെച്ചിട്ടാണല്ലോ ആ സിനിമ ചെയ്യുന്നത്. ഭാഷയുടെ കാര്യവും അതുപോലെ തന്നെയാണ്. നമ്മള്‍ പറയുന്നത് യഥാര്‍ത്ഥ ഹിന്ദിയാണെന്ന് വിചാരമുണ്ട്. അവരുടെ സൈഡില്‍ നിന്ന് നോക്കുമ്പോള്‍ നമ്മുടെ ഹിന്ദിക്കും പ്രശ്‌നമുണ്ട്,’ രണ്‍ജി പണിക്കര്‍ പറയുന്നു.

ജാന്‍വി കപൂര്‍, സിദ്ധാര്‍ത്ഥ് മല്‍ഹോത്ര എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഒരുക്കിയ ചിത്രമാണ് പരം സുന്ദരി. ദല്‍ഹിയിലെ യുവാവിന് കേരളത്തിലെ പെണ്‍കുട്ടിയോട് പ്രണയം തോന്നുന്നതും പിന്നീട് നടക്കുന്ന പ്രശ്‌നങ്ങളുമാണ് ചിത്രത്തിന്റെ കഥ. ജാന്‍വിയുടെ മലയാളം ഡയലോഗുകളും കേരളത്തെ ചിത്രീകരിച്ച രീതിയുമാണ് പരം സുന്ദരിയെ ട്രോളുകള്‍ക്കും വിമര്‍ശനങ്ങള്‍ക്കും ഇരയാക്കുന്നത്.

Content Highlight: Renji Panicker reacts to the trolls and criticisms against Param Sundari

We use cookies to give you the best possible experience. Learn more