പട്‌ന: ബംഗ്ലാദേശുമായുള്ള ഫറാക്ക ജലകരാര്‍ പുതുക്കുന്നതുമായി ബന്ധപ്പെട്ട് ബീഹാറിലെ ഭരണസഖ്യകക്ഷികളായ ബി.ജെ.പിയും ജെ.ഡി.യുവും തമ്മിലുള്ള അഭിപ്രായവ്യത്യാസം രൂക്ഷമാകുന്നതായി റിപ്പോര്‍ട്ട്.
1996-ല്‍ ഒപ്പുവെച്ച 30 വര്‍ഷത്തെ ചരിത്രപരമായ കരാറിന്റെ കാലാവധി അവസാനിക്കാനിരിക്കെ ബീഹാറിന്റെ താത്പര്യങ്ങള്‍ സംരക്ഷിക്കാതെ ഇത് പുതുക്കരുതെന്ന് ജെ.ഡി.യു ആവശ്യപ്പെട്ടതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
1996-ല്‍ കരാര്‍ ഒപ്പുവെക്കുമ്പോള്‍ സംസ്ഥാനത്തിന്റെ ജല ആവശ്യങ്ങള്‍ക്ക് അര്‍ഹമായ പരിഗണന ലഭിച്ചില്ലെന്നും അന്ന് 7.25 കോടിയായിരുന്ന ബീഹാറിലെ ജനസംഖ്യ ഇപ്പോള്‍ വലിയ രീതിയില്‍ ഉയര്‍ന്ന പശ്ചാത്തലത്തില്‍ കൃഷി, കുടിവെള്ളം, വ്യവസായം എന്നിവയ്ക്കാവശ്യമായ വെള്ളം ഉറപ്പാക്കണമെന്നാണ് പാര്‍ട്ടി ദേശീയ വര്‍ക്കിംഗ് പ്രസിഡന്റ് സഞ്ജയ് കുമാര്‍ ഝാ പറഞ്ഞു.
നിലവിലെ വ്യവസ്ഥകള്‍ കാരണം വര്‍ഷത്തില്‍ നാല് മാസം മാത്രമാണ് ബീഹാറിന് ഗംഗാ ജലം കൃത്യമായി ഉപയോഗിക്കാനാകുന്നതെന്നും, ഇതിനുപുറമെ ഫറാക്ക ബാരേജ് മൂലം നദിയില്‍ എക്കല്‍ അടിഞ്ഞുകൂടി വെള്ളപ്പൊക്ക ഭീഷണി വര്‍ധിക്കുന്നുണ്ടെന്നും ജെ.ഡി.യു ആരോപിക്കുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു.
ജെ.ഡി.യു സംസ്ഥാനത്തുടനീളം കരാറിനെതിരെ പ്രചാരണ പരിപാടികള്‍ ആരംഭിച്ചതോടെ വിഷയത്തില്‍ ഇടപെട്ട ബീഹാര്‍ മുഖ്യമന്ത്രി സമ്രാട്ട് ചൗധരി മുതിര്‍ന്ന ബി.ജെ.പി മന്ത്രിമാരുടെ അടിയന്തര യോഗം വിളിച്ച് പ്രതിസന്ധി ചര്‍ച്ച ചെയ്തു.
ബംഗ്ലാദേശിന് വെള്ളം നല്‍കുന്നതില്‍ എതിര്‍പ്പില്ലെങ്കിലും ബീഹാറിന്റെ കുടിവെള്ള, കൃഷി, വ്യാവസായിക ആവശ്യങ്ങള്‍ക്കുള്ള ജലവിഹിതം ഉറപ്പുവരുത്തണമെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക നിലപാട്.
ബീഹാറിന്റെ ആശങ്കകളും ആവശ്യങ്ങളും പൂര്‍ണമായി പരിഗണിച്ച് 2050 വരെയുള്ള ജല ആവശ്യങ്ങള്‍ മുന്‍നിര്‍ത്തി മാത്രമേ കരാര്‍ പുതുക്കലില്‍ തീരുമാനമെടുക്കൂ എന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം പറഞ്ഞതായും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.
വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകള്‍ക്ക് മുന്നോടിയായി ഭരണമുന്നണിയില്‍ ഉടലെടുത്ത ഈ തര്‍ക്കം രാഷ്ട്രീയ കേന്ദ്രങ്ങളില്‍ വലിയ ചര്‍ച്ചയായി മാറിയിരിക്കുകയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
Content Highlights: Renewal of water treaty with Bangladesh: BJP-JD(U) rift in Bihar; Deputy Chief Minister Samrat Chaudhary calls an emergency meeting.