| Thursday, 4th April 2013, 10:13 am

റെനോ നിസാന്‍ സഖ്യത്തിനു 14 വയസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

റെനോ  നിസാന്‍ കൂട്ടുകെട്ടിന് 14 വയസ്. ഫ്രഞ്ച്  വാഹനനിര്‍മാതാക്കളായ റെനോയും ജപ്പാന്‍ കമ്പനിയായ നിസാനും തമ്മില്‍ കൂട്ടുകൂടിയത് 1999 മാര്‍ച്ച് 27 നായിരുന്നു. വാഹനലോകത്ത് ഇത്രയേറെക്കാലം നിലനില്‍ക്കുന്ന കൂട്ടുകെട്ടുകള്‍ കുറവാണെന്നത് എടുത്തു പറയേണ്ട കാര്യം. []

ഇത്തരമൊരു സഖ്യം ഇരുകമ്പനികള്‍ക്കും ഏറെ ഗുണം ചെയ്തിട്ടുണ്ട് , പ്രത്യേകിച്ചും റെനോയ്ക്ക്. ഇക്കഴിഞ്ഞ വര്‍ഷം യൂറോപ്യന്‍ വാഹനവിപണി കടുത്ത മാന്ദ്യം നേരിട്ടപ്പോഴും റെനോയ്ക്ക്  വില്‍പ്പന വളര്‍ച്ചയും ലാഭവും നേടാനായത് നിസാന്റെ പിന്‍ബലത്താലാണ്.

ലോകമൊട്ടാകെ 25.50 ലക്ഷം വാഹനങ്ങളാണ് 2012 ല്‍ റെനോ വില്‍പ്പന നടത്തിയത്. അതേ സമയം നിസാന്‍ 49.40 ലക്ഷം വാഹനങ്ങള്‍ നിരത്തിലിറക്കി.

നിലവില്‍ നിസാന്റെ 43.4 ശതമാനം ഓഹരി റെനോയുടെ കൈവശമാണ്. നിസാന്‍ വില്‍ക്കുന്ന ഓരോ വാഹനത്തിന്റെയും വിലയുടെ 43.4 ശതമാനം റെനോയ്ക്ക് ലഭിക്കും. ഫലത്തില്‍ നിസാന്റെ വളര്‍ച്ചയും റെനോയ്ക്ക് ഏറെ നേട്ടമുണ്ടാക്കുന്നു.റെനോയില്‍ 15 ശതമാനം ഓഹരി വിഹിതം നിസാനുമുണ്ട്.

പ്ലാറ്റ് ഫോം പങ്കുവയ്ക്കുന്നതിലൂടെ വാഹനത്തിന്റെ നിര്‍മാണച്ചെലവു കുറയ്ക്കുന്ന തന്ത്രമാണ് റെനോ  നിസാന്‍ സഖ്യം ഇന്ത്യയില്‍ നടപ്പിലാക്കുന്നത്. നിസാന്റെ മൈക്ര , സണ്ണി മോഡലുകള്‍ യഥാക്രമം റെനോ പള്‍സ് , റെനോ സ്‌കാല മോഡലുകളായി പുറത്തിറങ്ങി. റെനോ എസ്.യു.വിയായ ഡസ്റ്ററിന്റെ നിസാന്‍ പതിപ്പ് പണിപ്പുരയില്‍ ഒരുങ്ങുന്നുണ്ട്.

ചെന്നൈയില്‍ 2010 മാര്‍ച്ചിലാണ് ഇരുകമ്പനികളും ചേര്‍ന്ന് കാര്‍ നിര്‍മാണശാല സ്ഥാപിച്ചത്. പ്രതിവര്‍ഷം നാലു ലക്ഷം വാഹനങ്ങള്‍ നിര്‍മിക്കാന്‍ ഇതിനു ശേഷിയുണ്ട്.

We use cookies to give you the best possible experience. Learn more