| Saturday, 18th May 2013, 12:38 pm

ചെന്നിത്തലയ്ക്ക് താക്കോല്‍ സ്ഥാനം, പിള്ളക്ക് കാബിനറ്റ് റാങ്ക്: എന്‍.എസ്.എസിന്റെ കലമ്പല്‍ തുടരും

ഡൂള്‍ന്യൂസ് ഡെസ്‌ക്

[]തിരുവനന്തപുരം: രമേശ്  ചെന്നിത്തല മന്ത്രിയാകുന്നതും മന്ത്രിസഭാ പുനഃസംഘടനയും തങ്ങള്‍ക്ക് വേണ്ടിയല്ലെന്ന് ജി. സുകുമാരന്‍ പറയുമ്പോഴും മന്ത്രിസഭാ പ്രവേശനം സംബന്ധിച്ച് എന്‍.എസ്.എസും രമേശ് ചെന്നിത്തലയും തമ്മില്‍ രഹസ്യ ധാരണയുണ്ടെന്ന് പകല്‍ പോലെ വ്യക്തം.

എങ്കിലും എന്‍.എസ്.എസിന്റെ സമ്മര്‍ദ്ദതന്ത്രം മൂലമാണ് മന്ത്രിയാവുകയെന്നത് രമേശ് ചെന്നിത്തലയുടെ “ക്ലീന്‍” ഇമേജിന് കോട്ടമാണെന്നതിനാല്‍ തന്നെ ആരൊക്കെ പറഞ്ഞാലും മന്ത്രിസ്ഥാനത്തേക്കില്ല എന്ന നിലപാട് തുടരുകയായിരുന്നു ഇത്രയുംകാലം ചെന്നിത്തല.

നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം എന്‍.എസ്.എസ് നിര്‍ദേശിക്കുന്നയാളെ താക്കോല്‍ സ്ഥാനത്ത് പ്രതിഷ്ഠിക്കാമെന്ന് ഹൈക്കമാന്‍ഡ് പ്രതിനിധി നല്‍കിയ വാക്ക് കോണ്‍ഗ്രസ് പാലിച്ചില്ലെന്ന സുകുമാരന്‍ നായരുടെ പ്രസ്താവന രമേശിന് വേണ്ടി മാത്രമായിരുന്നു. []

എന്നാല്‍ രമേശ് മന്ത്രിയാകുന്നതും മന്ത്രിസഭാ പുനഃസംഘടനയും തങ്ങള്‍ക്ക് വേണ്ടിയല്ലെന്ന ജി.സുകുമാരന്‍ നായരുടെ പ്രസ്താവന രമേശിന്റെ പ്രതിച്ഛായ സംരക്ഷണം ലക്ഷ്യമിട്ടാണ്.

അതുമാത്രമല്ല രമേശ് മന്ത്രിയാകുന്നതോടെ പ്രശ്‌നങ്ങള്‍ തീരുമെന്ന് വന്നാല്‍ ഉന്നത പദവികള്‍ക്ക് വേണ്ടി സമ്മര്‍ദം തുടരാന്‍ കഴിയില്ലെന്ന ബോധ്യവും എന്‍ എസ് എസിനുണ്ട്.

മന്ത്രിസഭാ പുനഃസംഘടനയോടെ എല്ലാ പ്രശ്‌നങ്ങളും തീര്‍ന്നാല്‍ പാര്‍ലിമെന്റ് തിരഞ്ഞെടുപ്പിലെ സീറ്റ് വിഭജനത്തിലും സ്ഥാനാര്‍ഥി നിര്‍ണയത്തിലും ഇടപെടാന്‍ കഴിയില്ലെന്ന് എന്‍.എസ്.എസിന് നന്നായിട്ടറിയാം.

അതേസമയം, സര്‍ക്കാറിന് മേല്‍ ശക്തമായ സമ്മര്‍ദം ചെലുത്തി ഉന്നത പദവികള്‍ ഒന്നൊന്നായി എന്‍.എസ്.എസും എസ്.എന്‍.ഡി.പിയും സ്വന്തമാക്കുകയാണ്. അതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് മുന്നാക്ക വിഭാഗ കോര്‍പറേഷന്‍ ചെയര്‍മാനായി ആര്‍ ബാലകൃഷ്ണ പിള്ളയെ കാബിനറ്റ് റാങ്ക് നല്‍കി നിയമിക്കാനുള്ള നിര്‍ദേശം.

സുകുമാരന്‍ നായരുടെ മകള്‍ക്ക് എം.ജി യൂണിവേഴ്‌സിറ്റിയില്‍ വൈസ് ചാന്‍സലര്‍ പദവി നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാകാത്തതാണ് എന്‍.എസ്.എസും കോണ്‍ഗ്രസ് നേതൃത്വവും തമ്മില്‍ ഇടയാന്‍ കാരണമായതെന്നാണ് അറിയുന്നത്.

 മന്ത്രിസഭാ പുനഃസംഘടനയോടെ എല്ലാ പ്രശ്‌നങ്ങളും തീര്‍ന്നാല്‍ പാര്‍ലിമെന്റ് തിരഞ്ഞെടുപ്പിലെ സീറ്റ് വിഭജനത്തിലും സ്ഥാനാര്‍ഥി നിര്‍ണയത്തിലും ഇടപെടാന്‍ കഴിയില്ലെന്ന് എന്‍.എസ്.എസിന് നന്നായിട്ടറിയാം

വൈസ് ചാന്‍സലര്‍ പദവി നല്‍കാമെന്ന് ചെന്നിത്തല അടക്കമുള്ള ചില ഉന്നതനേതാക്കള്‍ ഉറപ്പ് നല്‍കിയിരുന്നെങ്കിലും വിദ്യാഭ്യാസ വകുപ്പ് കൈകാര്യം ചെയ്യുന്ന മുസ്‌ലീം ലീഗിന്റെ ശക്തമായ എതിര്‍പ്പായിരുന്നു ആ പദവിക്ക് തടസ്സമായതെന്നും പിന്നീട് കേട്ടു.

ഇതിനുള്ള പ്രതികാര നടപടിയെന്നോണമാണ് അഞ്ചാം മന്ത്രി വിവാദവും ന്യൂനപക്ഷങ്ങളെ സര്‍ക്കാര്‍ വേണ്ടതിലുമധികം തൃപ്തിപ്പെടുത്തുകയാണെന്നുമുള്ള ആക്ഷേപവുമായി എന്‍.എസ്.എസ് രംഗത്തെത്തിയത്.

എന്നാല്‍ ഇതൊന്നും എങ്ങുമെത്തുന്നില്ലെന്ന തിരിച്ചറിവോടെ ഭൂരിപക്ഷ സമുദായ ഐക്യം എന്ന പേരില്‍ എസ്.എന്‍.ഡി.പി യേയും വെള്ളാപ്പള്ളി നടേശനേയും കൂട്ടുപിടിച്ചു.

സര്‍ക്കാറിനെതിരെ നിശിത വിമര്‍ശം ഉന്നയിച്ചു കൊണ്ടായിരുന്നു ഇരുവരുടെയും രംഗപ്രവേശം. ചെന്നിത്തലയെ മന്ത്രിസഭയുടെ താക്കോല്‍ സ്ഥാനത്ത് നിയോഗിക്കണമെന്നാണ് എന്‍.എസ്.എസ് നേരത്തെ ആവശ്യപ്പെട്ടിരുന്നത്.

രമേശ് മന്ത്രിയാകണമെന്ന ആവശ്യം വെള്ളാപ്പള്ളി നടേശനും ഉന്നയിച്ചു. ഭൂരിപക്ഷ സമുദായങ്ങളെ അവഗണിക്കുന്നുവെന്ന് വെള്ളാപ്പള്ളി ആവര്‍ത്തിക്കുമ്പോള്‍ എന്‍.എസ്.എസിന്റെ ഒരാവശ്യവും കോണ്‍ഗ്രസ് അംഗീകരിച്ചില്ലെന്നായിരുന്നു സുകുമാരന്‍ നായരുടെ മുറവിളി.

രമേശിന്റെ മന്ത്രിസഭാ പ്രവേശത്തിന് കളമൊരുക്കുന്നതിനൊപ്പം കൂടുതല്‍ ഉന്നത പദവികള്‍ സ്വന്തമാക്കുന്നതിന് വേണ്ടിയായിരുന്നു ഇത്.

ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തെത്തിയ സാഹചര്യത്തില്‍ എന്‍ എസ് എസിന്റെ പിണക്കം മാറാന്‍ കോണ്‍ഗ്രസ് നേതൃത്വത്തിന്റെ തിരക്കിട്ട ചര്‍ച്ചകള്‍ വിവിധ തലങ്ങളില്‍ പുരോഗമിക്കുകയാണ്. ഇതിന്റെ ഭാഗമായി തന്നെയാണ് ചെന്നിത്തലയുടെ മന്ത്രിസഭാ പ്രവേശനത്തിന് ഹൈക്കമാന്‍ഡ് സമ്മതം മൂളിയതും.

ഇതില്‍ നിന്നും മന്ത്രിസഭയില്‍ ന്യൂനപക്ഷ വിഭാഗത്തില്‍ നിന്നുള്ള ഒരു പ്രതിനിധി കൂടിയെന്ന പേരില്‍ നിര്‍ണായക പദവികളെല്ലാം ഭൂരിപക്ഷ വിഭാഗത്തിന് നല്‍കുകയാണ് എന്നുവേണം കരുതാന്‍.

പല കോര്‍പറേഷനുകളും സംസ്ഥാനത്തുണ്ടെന്നിരിക്കെ പുതുതായി രൂപവത്കരിക്കുന്ന മുന്നാക്ക ക്ഷേമ കോര്‍പറേഷന്‍ ചെയര്‍മാന്‍ പദവിക്ക് മാത്രം കാബിനറ്റ് റാങ്ക് നല്‍കുന്നത് എന്‍.എസ്.എസിന്റെ സമ്മര്‍ദം മൂലമാണ്.

എന്നിരുന്നാലും ഭൂരിപക്ഷ ഐക്യത്തിന്റെ മറവില്‍ എന്‍.എസ്.എസ് സ്വന്തം നിലയില്‍ കോണ്‍ഗ്രസിനെതിരെ പരാതി പറയുന്നതിലെ പൊരുത്തക്കേട് ഭൂരിപക്ഷ സമുദായംഗങ്ങള്‍ക്കിടയില്‍ അടുത്ത കാലത്ത് അഭിപ്രായഭിന്നതയിലേക്ക് വഴിവെച്ചിട്ടുമുണ്ട്.

Latest Stories

We use cookies to give you the best possible experience. Learn more