| Sunday, 29th March 2026, 2:55 pm

ഈ കുറ്റവാളികളെ ഓര്‍ക്കുക; മിനാബ് സ്‌കൂള്‍ ആക്രമിക്കാന്‍ ഉത്തരവിട്ട യു.എസ് ഉദ്യോഗസ്ഥരുടെ ചിത്രം പുറത്തുവിട്ട് ഇറാന്‍

അനിത സി

ടെഹ്‌റാന്‍: ഇറാനിലെ മിനാബിലെ പെണ്‍കുട്ടികളുടെ സ്‌കൂളില്‍ 168 കുട്ടികളെ വധിച്ച യു.എസ്, ഇസ്രഈല്‍ സംയുക്ത സേനയുടെ ആക്രമണത്തിന് നേതൃത്വം നല്‍കിയ യു.എസ് സൈനിക ഉദ്യോഗസ്ഥരുടെ ചിത്രം പുറത്തുവിട്ട് ഇറാന്‍.

ഫെബ്രുവരി 28ന് നടന്ന സംഭവത്തിന് പിന്നില്‍ യു.എസ് നാവിക കമാന്‍ഡിങ് ഓഫീസര്‍ ലീ ആര്‍ ടേറ്റ്, യു.എസ്.എസ് സ്പ്രൂയന്‍സിന്റെ എക്‌സിക്യൂട്ടീവ് ഓഫീസര്‍ ജെഫ്രി ഇ. യോര്‍ക്ക് എന്നീ ഉദ്യോഗസ്ഥരാണെന്ന് ഇറാന്‍ ഞായറാഴ്ച അറിയിച്ചു.

ഈ രണ്ട് ഉദ്യോഗസ്ഥര്‍ മൂന്ന് തവണ ടോമാഹോക്ക് മിസൈലുകള്‍ പ്രയോഗിക്കാന്‍ അനുമതി നല്‍കിയെന്നും ഫെബ്രുവരി 28ന് നടന്ന മാരകമായ ആക്രമണത്തിലേക്ക് നയിച്ചതായും എംബസി ആരോപിച്ചു.

‘കമാന്‍ഡറായ ലീ ആര്‍ ടേറ്റും, മിനാബിലെ ഒരു സ്‌കൂളില്‍ 168 നിരപരാധികളായ കുട്ടികളെ കൊന്നൊടുക്കിയ ടോമാഹോക്ക് മിസൈലുകള്‍ മൂന്ന് തവണ വിക്ഷേപിക്കാന്‍ ഉത്തരവിട്ട യു.എസ്.എസ് സ്പ്രൂയന്‍സിന്റെ എക്‌സിക്യൂട്ടീവ് ഓഫീസര്‍ ജെഫ്രി ഇ യോര്‍ക്കും, ഈ രണ്ട് കുറ്റവാളികളെയും ഓര്‍ക്കുക,’ ഇന്ത്യയിലെ ഇറാന്‍ എംബസി എക്സിലെ ഒരു പോസ്റ്റില്‍ പറഞ്ഞു. ഇവരെ രണ്ടുപേരെയും മറക്കരുതെന്നും ഇവര്‍ക്കും കുഞ്ഞുങ്ങളില്ലേയെന്നും വൈകാരികമായ കുറിപ്പില്‍ ചോദിക്കുന്നു.

ദക്ഷിണാഫ്രിക്ക, നൈജീരിയ തുടങ്ങിയ രാജ്യങ്ങളിലെ ഇറാനിയന്‍ എംബസികളും യു.എസ് ഉദ്യോഗസ്ഥരുടെ ചിത്രങ്ങള്‍ പുറത്തുവിട്ടിട്ടുണ്ട്.

മിനാബിലെ ഷാജറേ ത്വയിബെ ഗേള്‍സ് സ്‌കൂളിന് നേരെ യു.എസ്, ഇസ്രഈല്‍ സംയുക്തസേന ഫെബ്രുവരി 28ന് നടത്തിയത് മുന്‍കൂട്ടി പദ്ധതിയിട്ടതും ഘട്ടം ഘട്ടവുമായുള്ള ഒരു ആക്രമണമാണെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി ജനീവയില്‍ നടന്ന ഒരു അടിയന്തര ചര്‍ച്ചക്കിടെ പറഞ്ഞിരുന്നു.

ആക്രമണത്തില്‍ വിദ്യാര്‍ത്ഥികളും അധ്യാപകരുമടക്കം 175-ലേറെ പേര്‍ കൊല്ലപ്പെട്ടുവെന്ന് അദ്ദേഹം അറിയിച്ചിരുന്നു.

ഇറാന്‍ വിദേശകാര്യ മന്ത്രാലയ വക്താവ് എസ്മായില്‍ ബഖായ് ആക്രമണത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിട്ടിരുന്നു. അമേരിക്ക യുദ്ധക്കുറ്റം ചെയ്തുവെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

ആക്രമണം സ്‌കൂളിന് നേരെയായിരുന്നില്ലെന്നും ലക്ഷ്യം തെറ്റി സംഭവിച്ച അബദ്ധമാണെന്നും യു.എസ് പ്രതികരിച്ചിരുന്നു. ഇതേ സമുച്ചയത്തിന്റെ ഭാഗമായിരുന്ന സ്‌കൂളിനടുത്തുള്ള ഇറാനിയന്‍ സൈനിക കേന്ദ്രത്തെ ലക്ഷ്യം വച്ചാണ് മിസൈല്‍ തൊടുത്തതെന്നും കാലഹരണപ്പെട്ട ഇന്റലിജന്‍സ് ഡാറ്റ കാരണമാണ് സ്‌കൂളിന് നേരെ ആക്രമണമുണ്ടായതെന്നും യു.എസ് മാധ്യമങ്ങളും ന്യായീകരിച്ചിരുന്നു.

സംഭവത്തില്‍ അന്വേഷണം തുടരുകയാണെന്നും, ആക്രമണത്തിന് മുമ്പ് ഇന്റലിജന്‍സ് വിവരങ്ങള്‍ എന്തുകൊണ്ട് പരിശോധിച്ചില്ല എന്നതുള്‍പ്പെടെയുള്ള പ്രധാന ചോദ്യങ്ങള്‍ അവശേഷിക്കുന്നുണ്ടെന്നും യു.എസ് സൈനിക വൃത്തങ്ങള്‍ പറഞ്ഞിരുന്നു.

Content Highlight: Remember these criminals; Iran releases photo of US officials who ordered Minab school attack

അനിത സി

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.

Latest Stories

We use cookies to give you the best possible experience. Learn more