2026 ഫിഫ ലോകകപ്പില്‍ ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് മുന്നേറിയിരിക്കുകയാണ് ബെല്‍ജിയം. പ്രീക്വാര്‍ട്ടറില്‍ അമേരിക്കയെ ഒന്നിനെതിരെ നാല് ഗോളുകള്‍ക്ക് വീഴ്ത്തിയാണ് ബെല്‍ജിയം അടുത്ത റൗണ്ടിലേക്ക് കടന്നത്. സിയാറ്റില്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ബെല്‍ജിയത്തിന് വേണ്ടി ചാള്‍സ് സി. കെറ്റെലെയര്‍ ഇരട്ട ഗോള്‍ നേടി തിളങ്ങി.
മത്സരം തുടങ്ങി ഒമ്പതാം മിനിറ്റില്‍ തന്നെ ചാള്‍സ് ലീഡ് നേടി. പിന്നീട് 33ാം മിനിറ്റില്‍ താരം രണ്ടാം ഗോളും സ്വന്തമാക്കി. എന്നാല്‍ രണ്ട് മിനിറ്റിന് ശേഷം മാലിക് ടൈല്‍മാനിലൂടെ അമേരിക്ക തിരിച്ചടിച്ചു. മത്സരത്തിലെ യു.എസ്.എയുടെ ഏക ഗോളും ഇതായിരുന്നു.
രണ്ടാം പകുതിയില്‍ രണ്ട് ഗോളുകള്‍ കൂടി നേടി ബെല്‍ജിയം അമേരിക്കയുടെ പതനം പൂര്‍ത്തിയാക്കി. ഹാന്‍സ് വനാകെന്‍ 57ാം മിനിറ്റില്‍ റെഡ് ഡെവിള്‍സിനായി മൂന്നാം ഗോള്‍ നേടി. പകരക്കാരനായെത്തിയ റോമെറോ ലുക്കാക്കുവാണ് ബെല്‍ജിയത്തിനായി അവസാന ഗോള്‍ നേടിയത്. മത്സരത്തിന്റെ ഇഞ്ചുറി ടൈമിലായിരുന്നു താരത്തിന്റെ ഗോള്‍ നേട്ടം.
ഈ ഗോളോടെ ഇന്റര്‍നാഷണല്‍ ഫുട്‌ബോളിലെ തന്റെ ഗോള്‍ നേട്ടം 93 ആക്കി ഉയര്‍ത്താനും ലുക്കാക്കുവിന് സാധിച്ചു. ഈ ടൂര്‍ണമെന്റിലെ രണ്ടാം ഗോളാണ് ലുക്കാക്കു അമേരിക്കക്കെതിരെ സ്വന്തമാക്കിയത്. അന്താരാഷ്ട്ര ഫുട്‌ബോളില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ താരങ്ങളുടെ പട്ടികയില്‍ നിലവില്‍ അഞ്ചാം സ്ഥാനത്താണ് ലുക്കാക്കു.
വരാനിരിക്കുന്ന മത്സരങ്ങളില്‍ മൂന്ന് ഗോളുകള്‍ കൂടി നേടിയാല്‍ 95 ഗോളുകള്‍ നേടിയ ഇന്ത്യന്‍ ഇതിഹാസം സുനില്‍ ഛേത്രിയെ മറികടന്ന് നാലാം സ്ഥാനത്തേക്ക് മുന്നേറാനും ലുക്കാക്കുവിന് സാധിക്കും.
ഈ ലോകകപ്പ് ലുക്കാവുവിന്റെ ബെല്‍ജിയത്തിനൊപ്പമുള്ള അവസാന ടൂര്‍ണമെന്റായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതുകൊണ്ട് തന്നെ തന്റെ ഗോള്‍ നേട്ടം ഉയര്‍ത്താനാവും ബെല്‍ജിയം താരം ലക്ഷ്യമിടുക.
ക്രിസ്റ്റ്യാനോ റൊണാള്‍ഡോ-146-പോര്‍ച്ചുഗല്‍
ലയണല്‍ മെസി-124-അര്‍ജന്റീന
അലി ദേയ്-109-ഇറാന്‍
സുനില്‍ ഛേത്രി-95-ഇന്ത്യ
റൊമേലു ലുക്കാക്കു-93-ബെല്‍ജിയം
മൊഖ്താര്‍ ദാഹാരി-89-മലേഷ്യ
റോബര്‍ട്ട് ലെവന്‍ഡോവ്‌സ്‌കി-89-പോളണ്ട്
അലി മബ്ഖൗട്ട്-85-യു.എ.ഇ
ഹാരി കെയ്ന്‍-ഇംഗ്ലണ്ട്-85
ഫെറന്‍ക് പുസ്‌കസ്-ഹംഗറി-84
അതേസമയം ക്വാര്‍ട്ടര്‍ ഫൈനലില്‍ സ്‌പെയ്‌നിനെയാണ് ബെല്‍ജിയം നേരിടുക. ജൂലൈ 11നാണ് മത്സരം. പ്രീ ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ പോര്‍ച്ചുഗലിന്റെ എതിരില്ലാത്ത ഒരു ഗോളിന് വീഴ്ത്തിയാണ് സ്പാനിഷ് പട വരുന്നത്.
Content Highlight: Remelu Lukaku need three goals to break Sunil Chethri record in international football